കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിക്ക് പുറമെ രണ്ട് ഉദ്യോഗസ്ഥരെക്കൂടി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കി മറ്റ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ നീക്കം.
ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിയില്‍ നിന്ന് എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലാകുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ കൈക്കൂലിപ്പണത്തിന്റെ വിഹിതം മറ്റ് ഒന്‍പത് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായി വിജിലന്‍സിന് ബോദ്ധ്യപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
ഡോ. പി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ സര്‍വകലാശാലയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ എംബിഎ വിഭാഗം സെക്ഷന്‍ ഓഫീസര്‍ ഐ. സാജന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ക്ക് വീഴ്ച പറ്റിയതായും ജാഗ്രതക്കുറവ് ഉണ്ടായതായും പറഞ്ഞിരുന്നു. കൂടാതെ ഇവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഐ. സാജനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യുകയും, ആസിഫ് മുഹമ്മദിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തില്‍ ഇവരെപ്പറ്റി യാതൊരു പരാമര്‍ശവും ഇല്ല. തന്നെയുമല്ല കൈക്കൂലിപ്പണം എല്‍സി ആര്‍ക്കൊക്കെ നല്കിയെന്നു പോലും അന്വേഷിച്ചില്ല. സര്‍വകലാശാലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയുടെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ് പണം കെപ്പറ്റിയവരല്ലാം. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ അന്വേഷണം പോലും നടത്താതെ രക്ഷിച്ചെടുക്കുവാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തയ്യാറായതെന്ന ആക്ഷേപം യൂണിവേഴ്സിറ്റിയിലെ ഇതര ജീവനക്കാര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
അതേസമയം വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തില്‍ സസ്പെന്‍ഷനിലായ സി.ജെ. എല്‍സിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും അധികാര ദുര്‍വിനിയോഗവും ഉണ്ടായതായും സിന്‍ഡിക്കേറ്റ് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരിക്കെതിരായി കൈക്കൊണ്ട സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ക്ക് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: