പാലക്കാട്: ജില്ലയില്‍ ഇന്നും സജീവമായി അവതരിപ്പിക്കുന്ന ഒരു നാടന്‍ അനുഷ്ഠാന ക്ഷേത്രകലയാണ് കണ്യാര്‍കളി. ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ആലത്തൂര്‍ ചിറ്റൂര്‍ താലൂക്കുകളിലെ ദേശമന്ദുകളിലും ഭഗവതി ക്കാവുകളിലും ഒരു അര്‍ച്ചനയായി നേര്‍ച്ചയായി എല്ലാ വര്‍ഷവും ഈ കല അരങ്ങേറുന്നു.
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയില്‍ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കൊയ്തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ അടുത്ത ഐശ്വര്യ പൂര്‍ണമായ വിളവെടുപ്പിനായി നടക്കുന്ന പൂജാവിധികളുടേയും ഈശ്വരാര്‍ച്ചനയുടേയും ഭാഗമായി കണ്യാര്‍കളി എന്ന അനുഷ്ഠാന കലയും സമര്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ കുംഭ- മീന-മേടമാസ രാവുകളില്‍ ചില ദേശങ്ങളില്‍ തുടര്‍ച്ചയായി മൂന്നു രാത്രികളിലും ചിലയിടങ്ങളില്‍ നാലു രാവുകളിലും നീണ്ട കണ്യാര്‍കളി അവതരണമുണ്ടാവും.
കുരുത്തോലകളാലും വിവിധ വര്‍ണത്തിലുള്ള പുഷ്പങ്ങള്‍കൊണ്ടും അലങ്കരിച്ച ഒന്‍പതു കാല്‍പന്തലില്‍ കളിവിളക്ക് കൊളുത്തിയാണ് കണ്യാര്‍കളി അവതരിപ്പിക്കുക. കണ്യാര്‍കളിയില്‍ അതിമനോഹരമായ നൃത്ത ചുവടുകളും കാതിനിമ്പമാര്‍ന്ന നാടന്‍ ശീലുകളും ആയോധനമുറയിലെ ചുവടുകളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. മലയാളവും തമിഴും ഇടകലര്‍ന്ന നാടോടി സാഹിത്യം, നാടോടി സംഗീതവും ക്ലാസിക് സംഗീതവും ഇടകലര്‍ന്ന ഈരടികള്‍ ഫലിതരസവും സാഹിത്യ ഭംഗിയും നിറഞ്ഞ സംഭാഷണ ശകലങ്ങള്‍ (വാണാക്കം) വാദ്യഘോഷങ്ങള്‍ ചിത്രകലയിലെ വര്‍ണക്കൂട്ടുകള്‍ ചേര്‍ന്ന ചുട്ടികുത്തല്‍ എന്നിവ ഉള്‍ച്ചേര്‍ന്ന കണ്യാര്, കഥകളി പോലെ വിശ്വോത്തരമായ നാടോടി കലാരൂപമാണെന്ന് നിസ്സംശയം പറയാം.
ഈ കല അവതരിപ്പിക്കാനായി ദീര്‍ഘകാലത്തെ പരിശീലനം ആവശ്യമാണ്. ഒരു ‘കളിയച്ഛന്റെ’ അഥവാ കളിയാശാന്റെ കര്‍ക്കശമായ ശിക്ഷണത്തില്‍ നൃത്ത ചുവടുകളും ഈരടികളും ആയോധന മുറയിലെ ചുവടുകളും അഭ്യസിച്ച് ഇടക്കളി പന്തലില്‍ കളിച്ച ശേഷമാണ് അരങ്ങു പന്തലില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നത്. കണ്യാര്‍കളി നടക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരം ദേശമന്ദില്‍ ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കേളികൊട്ടി കണ്യാര്‍കളി വിളംബരം നടത്തുന്നു.
കണ്യാര്‍കളിയില്‍ വട്ടക്കളി, പുറാട്ടുകളി എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട്. വട്ടക്കളി ദേശത്തിലെ ആബാലവൃദ്ധം പുരുഷ പ്രജകളും ഒന്നിച്ചണിനിരക്കുന്ന നൃത്തരൂപത്തിലുളള അര്‍ച്ചനയാണ്. ഇതില്‍ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില, കുറുംകുഴല്‍ എന്നീ വാദ്യങ്ങള്‍ക്കൊപ്പം ദേവീദേവന്മാരെ സ്തുതിക്കുന്ന പദങ്ങള്‍ പാടി പുരുഷ പ്രജകള്‍ ചുവടുവെച്ച് നൃത്തം ചെയ്തു കുമ്പിടുന്നു. വട്ടക്കളി അനുഷ്ഠാന പരമാണ്. തുടര്‍ന്ന് അരങ്ങേറുന്ന വിവിധ തരം പുറാട്ടുകള്‍ വിനോദാംശ പ്രധാനമാണ്. ഹിന്ദുക്കള്‍ തന്നെ വ്യത്യസ്ത ജാതി-മത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് വേഷമണിഞ്ഞ് അരങ്ങത്തു വരുന്നത് അന്യ സംസ്കാരങ്ങളെ വണങ്ങുന്നു എന്ന മതമൈത്രിയുടേയും സമുദായ സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമാണ് ഈ കലയിലൂടെ നല്‍കുന്നത്.
തൊട്ടുകൂട്ടായ്മയെയും തീണ്ടിക്കൂടായ്മയെയും അയിത്താചാരങ്ങളെയും പോലുള്ള ദുരാചാരങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സാമൂഹ്യ വിമര്‍ശനവും കണ്യാര്‍കളിയില്‍ ഉണ്ട്. കട്ടുറുമ്പിന്റെ കരളുചൊല്ലി തങ്ങളില്‍ വീരാട്ടമെന്നും മുരിങ്ങയിലയുടെ ഇതള്‍ ചൊല്ലി തങ്ങളില്‍ വീരാട്ടമെന്നും പാടിലെ വരികളില്‍ പറയുമ്പോള്‍ മനുഷ്യര്‍ നിസ്സാരകാര്യങ്ങള്‍ക്ക് തമ്മിലടിക്കുന്നു എന്ന സാമൂഹ്യ വിമര്‍ശനമാണ് നല്‍കുന്നത്.
ദേശീയ സര്‍ക്കാരിന്റെ വിദേശകാര്യ വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിനുവേണ്ടി പാലക്കാട് പല്ലശ്ശനയിലെ ‘ആട്ടം’ എന്ന കലാ സംഘടനയിലെ കണ്യാര്‍കളി കലാകാരന്മാരാണ് ജില്ലയിലെ പടിഞ്ഞാറന്‍ അടിസ്ഥാന വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന വേട്ടുവക്കണക്കര്‍ എന്ന പുറാട്ട് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: