കൊച്ചി : തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ആശുപത്രിയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടി ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചു. ഇതുവരെ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നും രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലുള്ള ഗുരുതര പരിക്കുകള്‍ സംബന്ധിച്ച ദുരൂഹത വിട്ടൊഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി, എസ്എച്ച്ഒ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടി.
കുട്ടി സ്വയം വരുത്തി വെച്ച പരിക്കാണെന്നാണ് അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. മകളെ ആരും ഉപദ്രവിച്ചതല്ല. ആന്റണി ടിജിന് മകളെ അടിക്കുന്നതായി താന്‍ കണ്ടിട്ടില്ല. മകള്‍ക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായാണ് കുഞ്ഞ് പെരുമാറിയിരുന്നത്. ജനലിന്റെ മുകളില്‍ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും പറഞ്ഞിട്ടില്ല. കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് ദേഹത്ത് പൊള്ളലുണ്ടായത്. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടിയെന്നുമാണ് കുട്ടിയുടെ അമ്മ ആവര്‍ത്തിക്കുന്നത്. കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് ഇപ്പോഴും അന്വേഷണം തുടരുന്നത്.
അതിനിടെ ആന്റണി ടിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ വെച്ചാണ് ടിജിന് കസ്റ്റഡിയിലായത്. പോലീസ് ഇയാളെ ചോദ്യം ചെയ്കതു വരികയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരില്‍ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പോലീസിന് മുമ്പാകെ ഹാജരാകുമെന്ന് ടിജിന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നെങ്കിലും ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടിക്കേറ്റ ഗുരുതര പരിക്കുകള്‍ക്ക് പിന്നില്‍ ടിജിന് ആണെന്നാണ് കുഞ്ഞിന്റെ അച്ഛനും ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: