കെപിഎസി ലളിതയുടെ വേര്‍പാടോടെ അഭിനയകലയുടെ ‘ലളിത വിസ്മയ’മാണ് മാഞ്ഞുപോയിരിക്കുന്നത്. നാടകാഭിനയത്തിലൂടെ സിനിമയിലെത്തുകയും, മലയാളത്തിലും ഇതരഭാഷകളിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ഈ നടി അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ചുരുക്കമായിരിക്കും. മലയാളിത്തം നിറഞ്ഞുനില്ക്കുന്ന, ഓരോ മലയാളിയുടെയും മനസ്സിന്റെ വാതിലുകളില്‍ മുട്ടിവിളിക്കുന്ന കെപിഎസി ലളിതയുടെ കഥാപാത്രങ്ങള്‍ക്ക് മരണമില്ല. ആറു പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായുമൊക്കെ ലളിത വെള്ളിത്തിരയില്‍ നിറഞ്ഞപ്പോള്‍ ആ കഥാപാത്രങ്ങളെ തങ്ങളിലൊരാളായാണ് മലയാളി കണ്ടത്. തനിക്ക് ലഭിച്ച വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവര്‍. സംവിധായകര്‍ക്ക് ഏത് വേഷത്തിലേക്കും രണ്ടാമതൊന്ന് ആലോചിക്കാതെ കാസ്റ്റു ചെയ്യാന്‍ കഴിയുമായിരുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ കഥാപാത്രങ്ങള്‍ ലളിതയുടെ കയ്യില്‍ ഭദ്രമായിരിക്കും. അനായാസമായ അഭിനയത്തിലൂടെ പ്രേക്ഷകരെ ഒപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞ നടിമാരില്‍ ഒരാളായിരുന്നു അവര്‍. സ്നേഹ സമ്പന്നയായും അസൂയക്കാരിയായും ദുഃഖപുത്രിയായും തന്റേടിയായുമൊക്കെ പകര്‍ന്നാടിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍നിന്ന് പടിയിറങ്ങില്ല. സിനിമയില്‍നിന്ന് ടിവി സീരിയലുകളിലേക്ക് മാറിയപ്പോഴും അഭിനയമികവുകൊണ്ട് അവര്‍ പ്രേക്ഷകരുടെ കുടുംബാംഗമായി.
അമ്മ വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ടൈപ്പായിപ്പോകാതെ നോക്കാന്‍ കെപിഎസി ലളിതയ്ക്ക് കഴിഞ്ഞു. പല കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ മറ്റൊരു നടിക്കും ആ വേഷം ചെയ്യാനാവില്ലെന്നു തോന്നും. സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന സിനിമയിലെ നിസ്സഹായതയുടെ പ്രതിരൂപമായ വിധവയെയും സ്ഫിടകത്തില്‍ ചാക്കോ മാഷിനോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി കഴിയുന്ന ഭാര്യയെയും ആര്‍ക്കാണ് മറക്കാനാവുക. അപാരമായ അഭിനയശേഷിയുടെ മികവ് അറിയണമെങ്കില്‍ ഈ രണ്ട് കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തിയാല്‍ മതിയാവും. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച അമരം, ശാന്തം എന്നീ ചിത്രങ്ങളില്‍ തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ‘പൊന്മുട്ടയിടുന്ന താറാവി’ലും ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലും’ വ്യത്യസ്തമായ അമ്മ വേഷങ്ങള്‍ അനായാസമായാണ് ചെയ്തിട്ടുള്ളത്. തേന്മാവിന് കൊമ്പത്ത്, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളിലെ ഭാര്യാ വേഷങ്ങളില്‍ ലളിത തകര്‍ത്തഭിനയിക്കുകയായിരുന്നു. അവസാന കാലത്ത് പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളില്‍ പ്രായാധിക്യത്തിന്റെയും ആരോഗ്യ പ്രശ്നങ്ങളുടെയും നടുവിലായിരിക്കുമ്പോള്‍ തന്നെ പുറത്തെടുത്ത അഭിനയ മികവ് ചലച്ചിത്ര കലയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. തിക്കുറുശ്ശിയും സത്യനും മുതല്‍ ഇങ്ങോട്ടുള്ള ഏതാണ്ടെല്ലാ നടന്മാരുമായും ഒരുമിച്ചഭിനയിക്കാന്‍ കഴിഞ്ഞയാളാണ് കെപിഎസി ലളിത. തിലകന്, ജഗതി ശ്രീകുമാര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, ജയറാം, മുരളി, മനോജ് കെ.ജയന് എന്നിങ്ങനെയുള്ള നടന്മാര്ക്കൊപ്പം ചെയ്ത വേഷങ്ങള്‍ എത്രകണ്ടാലും മതിവരില്ല.
നാടകാഭിനയമായിരുന്നു കെപിഎസി ലളിതയുടെ പിന്കരുത്ത്. വേഷം എത്ര ചെറുതാണെങ്കിലും അത് എങ്ങനെ ചെയ്യണമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഈ നടി അഭിനയിക്കുന്നത് നോക്കിനില്ക്കുന്നതുപോലും ഒരു അനുഭവമാണെന്ന് ചില സംവിധായകര്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല. സിനിമാ ജീവിതത്തിലെ ഈ തിളക്കം പലപ്പോഴും അവരുടെ ജീവിതത്തിലുണ്ടായില്ല. രണ്ട് തവണ അഭിനയം നിര്‍ത്തിയതാണെങ്കിലും പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. സംവിധായകന് ഭരതനൊപ്പമുള്ള രണ്ട് പതിറ്റാണ്ടുകാലത്തെ ദാമ്പത്യജീവിതം സുഖാനുഭവങ്ങളെപ്പോലെ ദുഃഖവും നല്കുന്നതായിരുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഭരതന്റെ മരണശേഷം കടങ്ങള്‍ വീട്ടിത്തീര്ക്കുന്നതിനായി പല സിനിമാ നിര്മാതാക്കളില്നിന്നും താന്‍ അഡ്വാന്‍സായി പണം വാങ്ങിച്ചിട്ടുണ്ടെന്നു പറയാനും അവര്‍ മടിച്ചിട്ടില്ല. ജീവിതത്തില്‍ അവര്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെട്ടില്ല എന്നാണല്ലോ ഇതൊക്കെ കാണിക്കുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകരുമായി വലുപ്പ ചെറുപ്പമില്ലാതെ സ്നേഹബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഒരാളായിരുന്നു കെപിഎസി ലളിത. പലരുടെയും വ്യക്തി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ഓരോരുത്തര്‍ക്കും അവരെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് പറയാനുള്ളത്. സിനിമയ്ക്ക് പുറത്ത് കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ചില വിവാദങ്ങളുണ്ടായത്. അന്നും ആരോപണം ഉന്നയിച്ചവര്‍ ലളിതയെ കുറ്റപ്പെടുത്തിയിരുന്നില്ല. തന്റെ പേരില്‍ ഇങ്ങനെയൊരു വിവാദമുണ്ടായതില്‍ അവര്‍ ദുഃഖിക്കുകയും ചെയ്തു. 2008 ല്‍ ജന്മഭൂമി കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ വച്ച് സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെപിഎസി ലളിതയെ ആദരിക്കുകയുണ്ടായി. തന്റെ രാഷ്ട്രീയം അറിയാമായിരുന്നിട്ടും ജന്മഭൂമി ആദരിച്ചത് ഭാഗ്യമായി ഞാന്‍ കാണുന്നു എന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ എല്ലാം ഓര്‍മയായിരിക്കുന്നു. ആ അതുല്യ കലാകാരിക്ക് ഞങ്ങളുടെ ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: