തിരുവനന്തപുരം: കൊവിഡ് കാലത്തു ചെറുകിടവ്യാപാരികളെയോ ഓട്ടോ ടാക്സിക്കാരെയോ പോലുള്ള സാധാരണക്കാരുടെ നികുതിഭാരം കണ്ടില്ലെന്നും നടിച്ച തൊഴിലാളി സര്‍ക്കാര്‍ ‘നിര്‍ധനരായ’ പാവം ബാര്‍ മുതലാളിമാരുടെ ‘കണ്ണീരിനു’ മുന്നില്‍ മുട്ടുമടക്കി. സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന, ധനവകുപ്പ് ആദ്യം വിസമ്മതിച്ച ബാര്‍ഉടമകളുടെ വിറ്റുവരവ് നികുതി അഞ്ച് ശതമാനമായി കുറച്ചു നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അനുമതി നല്കി. എഫ്എല്‍ത്രീ, എഫ്എല്‍ ടൂ ലൈസന്‍സുള്ള ബാറുകള്‍ക്കും ഷോപ്പുകള്‍ക്കും ആദ്യ ലോക്ഡൗണിനു ശേഷം 2020 മെയ് 22 മുതല്‍ 2020 ഡിസംബര്‍ 21 വരെയും രണ്ടാംഘട്ട ലോക്ഡൗണിനുശേഷം 2021 ജൂണ്‍ 15 മുതല്‍ 2021 സെപ്തംബര്‍ 25 വരെയുമുള്ള കാലയളവിലെ നികുതിയാണ് 10 ശതമാനത്തില്‍ നിന്നും അഞ്ചാക്കി കുറച്ചുനല്‍കിയത്. നികുതി കുറച്ചു തരണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്ന ബാര്‍ ഉടമകളില്‍ ഭൂരിപക്ഷവും മദ്യവില്പനയുടെ വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള നികുതി രണ്ടുവര്‍ഷമായി അടച്ചിരുന്നില്ല.
1963 ലെ കേരള പൊതുവില്പന നികുതി നിയമനുസരിച്ചാണ് ബാര്‍ ഉടമകള്‍ നികുതി അടയ്ക്കേണ്ടത്. മദ്യത്തിന്റെ വില്പന എത്രയാണോ അതിന്റെ 10 ശതമാനം ടേണ്‍ഓവര്‍ നികുതിയായി അടയ്ക്കണം. അതത് മാസത്തെ ക്രിയവിക്രയ വിവരങ്ങള്‍ അടുത്ത മാസം 10 ന് മുമ്പായി ഓണ്‍ലൈനിലൂടെ റിട്ടേണ്‍ ഫയല്‍ ചെയ്ത് അറിയിക്കുകയും വിറ്റുവരവിന്റെ പത്ത് ശതമാനം ഓണ്‍ലൈനിലൂടെ നികുതി ആയി അടയ്ക്കുകയും വേണമെന്നാണ് നിയമം. ബിവറേജസ് വഴിയുള്ള മദ്യവില്‍പ്പനയ്ക്ക് അഞ്ച് ശതമാനം മാത്രമാണ് നികുതി. കൊവിഡ് കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തങ്ങള്‍ക്കും നികുതി അഞ്ച് ശതമാനമാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകളുടെ സംഘടനാ നേതാവും തലസ്ഥാനത്തെ മന്ത്രിയുടെ അടുപ്പക്കാരനുമായ നേതാവ് നികുതി വകുപ്പ് കമ്മീഷണറെയും ധനവകുപ്പിനെയും സമീപിച്ചു. എന്നാല്‍ പ്രതിവര്‍ഷം കോടികളുടെ നികുതി നഷ്ടം വരുന്ന തീരുമാനത്തിന് ധനവകുപ്പ് ആദ്യം പച്ചക്കൊടി കാട്ടിയില്ല. ഇതോടെ ബാര്‍ ഉടമകള്‍ നികുതി അടയ്ക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു. പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യാതെ നികുതി തുകയെന്നു കാണിച്ച് ഒരു തുക ഡിഡിയായോ ചെക്കായോ നികുതി വകുപ്പില്‍ അടയ്ക്കുന്ന സമ്പ്രദായമാണ് ബാര്‍ഉടമകള്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ തുക സ്വീകരിക്കാന്‍ പാടില്ലെന്നിരിക്കെ ഈ നിയമലഘനത്തിന് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. ഭാവിയില്‍ നികുതി ഇളവ് ലഭിക്കുമെന്ന ഉറപ്പിലും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ വഴി തെരഞ്ഞെടുത്തത്. ഇതിന് ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.
തലസ്ഥാനത്തെ മന്ത്രി എസ്എഫ്ഐ ഭാരവാഹിയായിരിക്കെ യൂണിവേഴ്സിറ്റി കോളജിലും ആര്‍ട്സ് കോളജിലും എസ്എഫ്ഐയെ നയിച്ച പാര്‍ട്ടിയുടെ സ്വന്തം നേതാവാണ് ബാര്‍ ഉടമകളുടെ നേതാവ്. കെ.എം. മാണി കേസില്‍ ബിജു രമേശ് സംഘടനാ ചുമതലയൊഴിഞ്ഞ ശേഷം പാര്‍ട്ടിയുടെ തന്നെ പ്രത്യേക താല്പര്യത്തിലാണ് ഇദ്ദേഹം ഭാരവാഹിയായി തുടരുന്നതും. ഈ നേതാവിന്റെ സ്വാധീനത്താലും പാര്‍ട്ടി സമ്മേളനങ്ങളോടുള്ള ബാര്‍ ഉടമകളുടെ ഉദാരമായ സമീപനത്താലുമാണത്രേ ബാര്‍ ഉടമകള്‍ കാത്തിരുന്ന നികുതിയിളവിന് പച്ചക്കൊടി കിട്ടിയതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: