ബാംബോലിം: കരുത്തരായ ഹൈദരാബാദിന് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് പൊരുതി വീണു. ബാംബോലിം അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ബര്‍ത്തലോമി ഒഗ്ബച്ചേയും ജാവി സീവേറോയുമാണ് ഹൈദരബാദിനായി ഗോളുകള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ വിന്‍സി ബറേറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ സ്കോര്‍ ചെയ്തത്.
ഈ വിജത്തോടെ ഹൈദരാബാദ് 18 മത്സരങ്ങളില്‍ 35 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 മത്സരങ്ങളില്‍ അവര്‍ക്ക് 27 പോയിന്റാണുള്ളത്. മത്സരത്തിന്റെ തുടക്കത്തില്‍ ഹൈദരാബാദാണ് തകര്‍ത്തുകളിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ അവരുടെ ജോയല്‍ ചിയാനീസ് ഗോള്‍ ലക്ഷ്യമിട്ട് ഷോട്ട് ഉതിര്‍ത്തു. പക്ഷെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം അപകടം ഒഴിവാക്കി. ഏഴാം മിനിറ്റില്‍ ഹൈദരാബാദിന്റെ സൗവിക്കും ഷോട്ട് പായിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.
പതിനെട്ടാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം കിട്ടിയത്. നാല്‍പ്പത് വാര അകലെ നിന്ന് ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്കെസ് ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ ഹൈദരാബാദ് പ്രതിരോധം പന്ത് തട്ടിയകറ്റി.
പത്ത് മിനിറ്റുകള്‍ക്ക് ശേഷം ഹൈദരാബാദ് ആദ്യ ഗോള്‍ നേടി. ബര്‍ത്തലോമിയോ ഒഗ്ബച്ചേയാണ് ഗോള്‍ നേടിയത്. രോഹിത് ഡാനു തലകൊണ്ട് മറിച്ചുകൊടുത്ത പന്ത് ഒഗ്ബച്ചേ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റി 1-0 . ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നുകളിച്ചു. നിരന്തരം അവര്‍ ഹൈദരാബാദിന്റെ ഗോള്‍ മുഖം റെയ്ഡ് ചെയ്തു.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹര്മോജിത് ഖബ്രയും ചെന്കോയും ഗോള്‍ നേടിയെന്ന് തോന്നി. പക്ഷെ ഖബ്രയുടെയും ചെന്കോയുടെയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പറന്നു. ചെന്കോയുടെ ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ഇടവേളയ്ക്ക് ഹൈദരാബാദ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ശക്തമായ പോരാട്ടം കാഴ്ചവച്ചു. അറുപത്തിനാലാം മിനിറ്റില്‍ ഹൈദരാബാദ് ഗോളിന് അടുത്തെത്തി. ഹൈദരാബാദിന്റെ മുഹമ്മദ് യാസിര്‍ പന്ത് വലയിലേക്ക് പായിച്ചു. പക്ഷെ ബ്ലാസ്റ്റേഴ്സ് ഗോളി പന്ത് തട്ടിയറ്റി അപകടം ഒഴിവാക്കി. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുശേഷിക്കെ ഹൈദരാബാദ് രണ്ടാം ഗോളും നേടി വിജയം ഉറപ്പാക്കി. ജാവി സിവേറോയാണ് ഹെഡറിലൂടെ സ്കോര്‍ ചെയ്തത് 2-0. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം വിന്‍സി ബറേറ്റോ ഒരു ഗോള്‍ മടക്കി 1-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: