കൊല്ലം: വിവരാവകാശ രേഖകള്‍ക്കുള്ള മറുപടികള്‍ക്ക് കൊള്ള വില ഈടാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ രേഖകള്‍ക്കുള്ള മറുപടികള്‍ക്ക് ഒരു പേജിന് പരമാവധി അഞ്ചു രൂപവരെ മാത്രമെ ഈടാക്കാവൂ എന്ന സംസ്ഥാന വിവരാവകാശ കമ്മിഷന് ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് സര്‍ക്കാര്‍ നീക്കം.
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന എല്ലാ രേഖകളും പേജൊന്നിന് അഞ്ച് രൂപയില്‍ കൂടുതല്‍ അപേക്ഷകരില്‍ നിന്നും ഈടാക്കരുതെന്ന് 2019 ഫെബ്രുവരി നാലിന് സംസ്ഥാന വിവരാവകാശ കമ്മിഷന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് അംഗീകരിക്കാതെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ച് നല്‍കിവരുന്ന രേഖകള്‍ വിവരാവകാശ പ്രകാരം അപേക്ഷകര്‍ ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമെ അപേക്ഷകര്‍ക്ക് നല്കാന് പാടുള്ളുവെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി.
റവന്യു വകുപ്പില്‍ നിന്ന് വിതരണം ചെയ്യുന്ന ബിടിആര്‍, സ്ഥലത്തിന്റെ പകര്‍പ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്ട്രേഷന് വകുപ്പില്‍ നിന്ന് വിതരണം ചെയ്യുന്ന ബാധ്യത സര്‍ട്ടിഫിക്കേറ്റ്, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തുടങ്ങിയ വകുപ്പുകളില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ രേഖകള്‍, പിഎസ്സി നല്കുന്ന ഒഎംആര്‍ ഷീറ്റിന്റെ പകര്‍പ്പ്, സര്‍വ്വകലാശാലകള്‍ നല്കുന്ന ഉത്തര കടലാസിന്റെ പകര്‍പ്പുകള്‍ മുതലായ രേഖകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അമിത ഫീസ് ഈടാക്കിയാണ് പകര്‍പ്പ് അപേക്ഷകര്‍ക്ക് നല്കി വരുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മിഷന് പേജൊന്നിന് പരമാവധി അഞ്ച് രൂപ നിശ്ചയിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
വകുപ്പുകളില്‍ ആധുനികവത്ക്കരണം വരുന്നതിനു മുന്‍പ് രേഖകള്‍ എഴുതിയും വരച്ചും തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന തുകയുടെ ആനുപാതിക വര്‍ധനവു വരുത്തി കൊള്ള വിലയാണ് ഇപ്പോഴും ഈടാക്കുന്നത്. എല്ലാ വകുപ്പുകളില്‍ നിന്നും രേഖകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്താണ് ഇപ്പോള്‍ നല്‍കുന്നത്. ഇതിന് നാമമാത്രമായ തുക മാത്രം ചെലവാകുമ്പോഴാണ് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അപേക്ഷകരെ കൊള്ളയടിക്കുന്നത്. വിവരാവകാശ പ്രകാരം അല്ലാതെ അപേക്ഷ നല്കുന്നവരില് നിന്നും ഇതേ രേഖകള്‍ക്ക് അമിത നിരക്കാണ് ഈടാക്കുന്നത്.
സര്‍വെ വിഭാഗത്തിലാണ് സര്‍ക്കാരിന്റെ വലിയ കൊള്ള. ജില്ല, താലൂക്ക്, ബ്ലോക്ക്, ലിത്തോ- മാപ്പ് ഷീറ്റൊന്നിന് 665 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. അളവ് പ്ലാന്‍-മുന്സര്വെ (ഷീറ്റ് ഒന്നിന്)-510. ഫീല്‍ഡ് മെഷര്‍മെന്റ് സ്കെച്ച് (റീസര്‍വെ)-500, ലാന്‍ഡ് രജിസ്റ്റര്‍ (റീസര്‍വെ)-255, സെറ്റില്‍മെന്റ് രജിസ്റ്റര്‍ (ഒരു സര്‍വെ നമ്പര്‍/ഒരു ഡിവിഷന്)-255, ഏരിയ ലിസ്റ്റ്(ഒരു സബ്ഡിവിഷന്)85, ബേസിക് ടാക്സ് രജിസ്റ്റര്‍ (ഒരു സബ് ഡിവിഷന്)-255 രൂപവീതമാണ് ഈടാക്കുന്നത്. സമാനമായി അമിത തുകയാണ് മറ്റു വകുപ്പുകളിലെ പല രേഖകള്‍ക്കും സര്‍ക്കാര്‍ ഈടാക്കുന്നത്.
വിവരാവകാശ രേഖ പ്രകാരം നല്കുന്ന അപേക്ഷകള്‍ക്ക് നല്കുന്ന ഔദ്യോഗിക മറുപടികള്‍ക്കും സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഒരു എ ഫോര്‍ സൈസ് പേജിന്റെ നിരക്ക് മൂന്നു രൂപയായി ഉയര്‍ത്തി. നേരത്തെ രണ്ടു രൂപയായിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി രേഖ നല്‍കുന്നതിന് 50രൂപയില്‍ നിന്ന് 75രൂപയായും വര്‍ധിപ്പിച്ചു. വിവരാവകാശ കമ്മിഷന് ഉത്തരവിന് സര്‍ക്കാര്‍ സ്റ്റേ വാങ്ങിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: