മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് അറസ്റ്റില്‍. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയതിനു തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി വീട്ടില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നവാബ് മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. 1993 ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.. ഇബ്രാഹിം, ഇഖ്ബാല്‍ മിര്‍ച്ചി, ഛോട്ടാ ഷക്കീല്‍, പാര്‍ക്കര്‍, ജാവേദ് ചിക്ന എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇഡി അന്വേഷിച്ചുവരികയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് കസ്കര്‍, ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരന്‍ സലിം ഫ്രൂട്ട്, ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ മുംബൈയിലെ 10 സ്ഥലങ്ങളില്‍ ഏജന്‍സി ഇതിനകം പരിശോധന നടത്തി. ഈ കേസില്‍ ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരന്‍ സലിം ഫ്രൂട്ട്, കസ്കര്‍, പാര്‍ക്കറിന്റെ മകന് എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരിന് നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി നവാബ് മാലിക്കിനേയും ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹവാല കേസില്‍ ഏജന്‍സി ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളിലാണ് മാലിക്കിന്റെ പേര് ആദ്യം ഉയര്‍ന്നുവന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ഇന്നു രാവിലെ ഏഴ് മണിക്ക് മാലിക്കിനെ ഇഡി വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി, എട്ട് മണി മുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് മാലിക്കിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ സംസാരിക്കുന്നവരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് മാലിക്കിന്റെ ചോദ്യം ചെയ്യലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ‘നവാബ് മാലിക് വളരെ തുറന്നുപറയുന്ന ആളാണ്, അദ്ദേഹത്തെ ഉപദ്രവിക്കാന്‍ അവര്‍ എന്തെങ്കിലും പ്രശ്നം ഉന്നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് പിയറിലെ ഇഡി ഓഫീസിന് പുറത്ത് എന്‍സിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി ഇഡിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: