ബെംഗളൂരു : ഹിജാബ് കേസില്‍ വാദം കേള്‍ക്കുന്ന കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കന്നട നടന് ചേതന്‍ കുമാര്‍ അഹിംസ അറസ്റ്റില്‍. ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വിറ്ററിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബെംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമം 502(2), 504 വകുപ്പുകളാണ് ചേതനുമേല്‍ ചുമത്തിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ ഡിവിഷന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എം.എന്‍. അനുചേത് അറിയിച്ചു. മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ഇതില്‍ ഒരു ജഡ്ജിയായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെയാണ് ചേതന്‍ കുമാര്‍ ട്വീറ്റ് ചെയ്തത്.
2020 ജൂണ്‍ 27ന് പങ്കുവെച്ച ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ചേതന്‍ കുമാറിന്റെ പരാമര്‍ശം. ബലാത്സംഗക്കേസില്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാറിന്റെ ട്വീറ്റ്. ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ ചേതനെതിരേ ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: