ചവറ: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പന്മന പ്രദേശിക കേന്ദ്രം അസൗകര്യങ്ങള്‍ക്ക് നടുവില്‍. പന്മന ആശ്രമത്തിന് സമീപത്തുള്ള ക്യാംപസ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടമില്ലാത്തതിനാല്‍ കോളേജ് പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്ന സ്ഥിതിയായതോടെ നാട്ടുകാര്‍ ഇടപെട്ടാണ് വസ്തുവും കെട്ടിടവും ലഭ്യമാക്കിയത്.
വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന സ്ഥലം നികത്തിയാണ് കോളേജ് നിര്‍മിച്ചത്. പരിസരങ്ങള്‍ കാടിമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ക്യാമ്പസ് ആളൊഴിഞ്ഞ ഭാഗത്തായതിനാല് സാമൂഹിക വിരുദ്ധ ശല്യവും ഏറിവരികയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യമില്ല. കോളേജില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വകാര്യ ഹോസ്റ്റലുകളിലും മറ്റുമാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്നത്.
ഗതാഗത സൗകര്യമില്ലാത്തതും വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നു. കോളേജിന് പരിമിതമായ കെട്ടിടസൗകര്യങ്ങള്‍ മാത്രമേയുള്ളൂ. നിലവില്‍ പിജി കോഴ്സുകളായ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, വേദാന്തം, ബിഎ സംസ്കൃത വേദാന്തം എന്നിവയാണുള്ളത്. ഇതിനു പുറമേ എംഎസ്ഡബ്ലൂ ഉള്‍പ്പെടെ മറ്റു കോഴ്സുകള്‍ കൂടി തുടങ്ങണമെന്ന നാട്ടുകാരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം കെട്ടിടങ്ങളുടെ പരിമിതി മൂലം സാധിച്ചിട്ടില്ല.
കേരളത്തിലെ ഏക ചട്ടമ്പി സ്വാമി ചെയര്‍ ഇവിടെയാണുള്ളതെങ്കിലും കെട്ടിടവും മറ്റ് സൗകര്യങ്ങളുമില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താന്‍ സാധിക്കുന്നില്ല. പ്രാദേശിക ഭരണകൂടവും സര്‍ക്കാരും ഈ കലാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: