ബദിയടുക്ക: വേനല്‍ചൂടില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കന്യപ്പാടിയില്‍ ജലസമ്പുഷ്ടമായ കൃഷിയിടം ആരുടെ മനസിനെയും കുളിരണിയിപ്പിക്കും. ദേവര്‍മെട്ടുവിന് സമീപം കുംട്ടിക്കാനയില്‍ വെങ്കിട്ടരമണഭട്ടിന്റെ കൃഷിയിടമാണ് നിത്യവും ജലസമൃദ്ധമായി കാണപ്പെടുന്നത്. പഴമക്കാര്‍ പഠിപ്പിച്ച തന്ത്രം പിന്തുടര്ന്നതോടെയാണ് വെങ്കിട്ടരമണ ഭട്ടിന്റെ കൃഷിയിടം കടുത്ത വേനലിലും ഹരിതാഭമാകുന്നത്.
കുട്ടിക്കാന ക്ഷേത്രത്തിന് സമീപം അബ്ബിമൂല സ്വദേശിയായ വെങ്കിട്ടരമണ ഭട്ടാണ് പിതാവ് പരേതനായ ശങ്കര്‍ ഭട്ട് പരീക്ഷിച്ച പരമ്പരാഗത കൃഷിരീതി ഇന്നും തുടരുന്നത്. വൈദ്യുതിയും മോട്ടോറും ഒന്നുമില്ലാത്ത കാലത്ത് കുന്നിന്ചെരുവില് തുരങ്കം ഉണ്ടാക്കി ലഭിക്കുന്ന ജലം കവുങ്ങിന് പാത്തിയിലൂടെ കൃത്രിമ ജലസംഭരണിലേക്ക് കടത്തിയായിരുന്നു വെള്ളം തടകെട്ടി നിര്‍ത്തിയിരുന്നത്. 1945ല്‍ തുടങ്ങിയ ഈ രീതിയാണ് വെങ്കിട്ടരമണ ഭട്ടും വിജയകരമായി തുടരുന്നത്.
തുരങ്കത്തിന് സമീപത്തായി 50 അടി നീളവും 15 അടി വീതിയിലും 10 അടി വ്യാസത്തിലും കുഴിയെടുത്ത് മണ്ണ് കടഞ്ഞെടുത്താണ് സംഭരണി നിര്‍മ്മിക്കുന്നത്. തുരങ്കത്തില്‍ നിന്നും കവുങ്ങില്‍ പാത്തിയിലൂടെ കടത്തിവിടുന്ന വെള്ളം സംഭരണിയില്‍ ശേഖരിച്ച് വെക്കും. ഈ രീതിയിലുള്ള വെള്ളം ഉപയോഗിച്ചാണ് വെങ്കിട്ടരമണ ഭട്ട് കൃഷിയിറക്കുന്നത്.
നവംബര്‍ അവസാനമാകുന്നതോടെ പഴയ ജലസംഭരണി മിനുക്കിയെടുക്കുകയാണ് രീതി. പത്തിലേറെ തൊഴിലാളികളെ ഉപയോഗിച്ച് സംഭരണിക്കായി മണ്ണുകുഴച്ച് വെക്കും. ആഴ്ചകള്‍ക്ക് ശേഷം കുഴച്ചെടുത്ത മണ്ണ് സംഭരണിയുടെ അകത്തും പുറത്തും തേച്ചുപിടിപ്പിക്കും. മരത്തടികൊണ്ട് മണ്ണിനെ മിനുസപ്പെടുത്തും. സംഭരണിയില്‍ ശേഖരിച്ച വെള്ളം കവുങ്ങിന് തോട്ടത്തില്‍ ചാല് ഉണ്ടാക്കി ഒഴുക്കിവിടുന്നതല്ലാതെ യാതൊരു യന്ത്രവും ഉപയോഗിക്കാറില്ല.
കവുങ്ങ്, കൊക്കോ, വാഴ, കുരുമുളക് വിവിധ പച്ചക്കറിയിനങ്ങള്‍ എന്നിവയൊക്കെ വെങ്കിട്ടരമണയുടെ പറമ്പില്‍ കൃഷിചെയ്ത് വരുന്നു. വേനലില്‍ വെള്ളത്തിനായി കര്‍ഷകരും മറ്റുമൊക്കെ നട്ടം തിരിയുമ്പോള്‍ സമ്പുഷ്ടമായി ജലം നിലനിര്‍ത്തുന്ന വെങ്കിട്ടരമണ ഭട്ടിന്റെ കൃഷി രീതി ഏവര്‍ക്കും മാതൃകയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: