ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടം കൊയ്ത് ബിജെപി. മുമ്പ് നേടിയതില്‍ നിന്നും ഇരട്ടിയോളം സീറ്റുകള്‍നേടിയാണ് ബിജെപി തമിഴനാട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. എഐഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. പാര്‍ട്ടിക്കായി അഹോരാത്രം പരിശ്രമിച്ച തമിഴ്നാട്ടിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു. ഈ വിജയം പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുന്നതായി അണ്ണാമല പ്രതികരിച്ചു.
2011 തെരഞ്ഞെടുപ്പില്‍ നാല് കോര്പ്പറേഷന് വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി അത് 22 ലേക്ക് ഉയര്‍ത്തി. മുന്‍സിപ്പാലിറ്റി സീറ്റുകള്‍ 37ല്‍ നിന്നും 56ആയും ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകള്‍ 185ല്‍ നിന്നും 230 ആയും ഉയര്‍ത്തി.
ബിജെപി ഏറ്റവും ശ്രദ്ധ്യേമായ വിജയം നേടിയത് കന്യകുമാരി ജില്ലയിലാണ്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം നേടിയ ബിജെപി മൂന്നു ടൗണ്പഞ്ചായത്തുകള് ഭരിക്കുമെന്ന് ഉറപ്പായി.
നാഗര്‍കോവില്‍ കോര്പ്പറേഷന് രൂപീകരിച്ചശേഷം ആദ്യമായി നടന്ന തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ബിജെപി 11 സീറ്റ് നേടി രണ്ടാം സ്ഥാനത്ത് എത്തി. ഇവിടെ ബിജെപിയാണ് മുഖ്യപ്രതിപക്ഷം. ഡിഎംകെകോണ്‍ഗ്രസ് സഖ്യം 32 സീറ്റുകള്‍ നേടി കോര്പ്പറേഷന് ഭരിക്കും. എഐഡിഎംകെ ഏഴുസീറ്റും നേടി. രണ്ടു സ്വതന്ത്രന്മാരും വിജയിച്ചു.
ജില്ലയിലെ നാല് മുന്‍സിപ്പാലിറ്റികളിലും ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് 21 സീറ്റുകള്‍ നേടി. കുഴിത്തുറ നഗരസഭയില്‍ അഞ്ചു സീറ്റും പദ്മനാഭപുരത്ത് ഏഴും കൊല്ലങ്കോട് അഞ്ചും കുളച്ചലില്‍ നാലും സീറ്റുകളില്‍ ബിജെപി വിജയിച്ചു. 21 അംഗ കുഴിത്തുറ നഗരസഭയില്‍ ഡിഎംകെ 5, കോണ്‍ഗ്രസ് 4, സിപിഎം 5, സ്വതന്ത്രന് 1, പിഎംകെ 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. പദ്മനാഭപുരത്ത് സ്വതന്ത്രര്‍ നിര്‍ണായക ശക്തിയായി മാറി. ആകെ 21 അംഗങ്ങളില്‍ ബിജെപിയെ കൂടാതെ ഡിഎംകെ 7, ജനതാദള്‍ 1, സ്വതന്ത്രര്‍ 6 എന്നതാണ് നില.
കൊല്ലങ്കോട് നഗരസഭയില്‍ ഡിഎംകെ 10, സിപിഎം 10, കോണ്‍ഗ്രസ് 6, എഐഡിഎംകെ 1 എന്നിങ്ങനെയും കുളച്ചലില്‍ ഡിഎംകെ 11, കോണ്‍ഗ്രസ് 2, സ്വതന്ത്രര്‍ 6, എഐഡിഎംകെ 1 എന്നിങ്ങനെയുമാണ് മറ്റുള്ളവരുടെ നില.
ഇരണിയല്‍ ടൗണ്‍ പഞ്ചായത്തില്‍ ബിജെപി അട്ടിമറിവിജയം നേടി. ആകെ 15 സീറ്റുകളില്‍ 12 സീറ്റുകള്‍ നേടി മൃഗീയഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണത്തിലെത്തുന്നത്. മണ്ടയ്ക്കാട് ടൗണ്‍ പഞ്ചായത്ത് ഭരണവും ബിജെപി നേടി. ഇവിടെ 15ല്‍ 8 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: