ഒരു കേന്ദ്രമന്ത്രിക്ക് പരമാവധി പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള പരിധി 15 ആണ്. ഒരാളെ പോലും കൂടുതല്‍ നിശ്ചയിക്കാന്‍ കഴിയില്ല. കേരളത്തില്‍ അത് ഇരട്ടിയോളം വരും. കേരളത്തിലെ പോലെ രണ്ട് വര്‍ഷം ജോലി നോക്കിയാല്‍ പെന്‍ഷനും നല്കാന് വകുപ്പില്ല. ജീവിതകാലം മുഴുവന്‍ സര്‍ക്കാരിനെ സേവിച്ചാല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ പെന്ഷന് പേഴ്സണല്‍ സ്റ്റാഫിന്. എന്താല്ലേ ! പെന്ഷന് ഉറപ്പാക്കാന്‍ രണ്ടരവര്‍ഷം ജോലി. അത് കഴിഞ്ഞാല്‍ പുതിയ ടീം.
കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും മറ്റെല്ലാ കാര്യത്തിലും എന്നപോലെ ഇക്കാര്യത്തിലും സമ്പൂര്‍ണ സന്തോഷത്തിലാണ്. ഇനിയും പെന്ഷന് കൂട്ടണമെന്നുതന്നെയാവും അവരുടെയെല്ലാം അഭിപ്രായം. അഞ്ചുവര്‍ഷം ശമ്പളം നല്കാന് വേണ്ടത് പ്രതിവര്‍ഷം 155 കോടിയില്‍ അധികം രൂപ. വിരമിച്ചവരില്‍ 83,400 രൂപ വരെ പെന്ഷന് വാങ്ങുന്നവരുമുണ്ട്.
പേഴ്സണല്‍ സ്റ്റാഫില്‍ പ്യൂണിനാണ് ഏറ്റവും കുറവ് ശമ്പളസ്കെയില്‍. 8,500-13,210. കുക്കിന് 23,000-50,200. പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തലത്തിലാകുമ്പോള്‍ ഇത് 1,07,800-1,60,000 ആകും. ഒരു ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് തുല്യമായ ശമ്പളമാണിത്. വിമാന യാത്ര, ട്രെയിന്‍ യാത്ര എന്നിവ സൗജന്യവും. മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, കാബിനറ്റ് പദവി ഉള്ളവര്‍ തുടങ്ങിയവരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 400ല്‍ അധികം വരും. ഇവര്‍ക്ക് ശമ്പളം നല്കാന് പ്രതിമാസം ഒരു കോടി 82 ലക്ഷം രൂപ കണ്ടെത്തണം.
ഇതിന് പുറമെയാണ് പെന്ഷന്. പേഴ്സണല്‍ സ്റ്റാഫുകളായവരില് 83,400 രൂപവരെ പെന്ഷന് വാങ്ങുന്നവരുണ്ട്. അതും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം കുശാല്‍. ഇത്രയും ആനുകൂല്യം നേടുന്ന ഇവരെയെല്ലാം നിയമിക്കുന്നത് മന്ത്രിമാര്‍ നേരിട്ടോ പാര്‍ട്ടിയോ ഇടപെട്ടാണ്. പെന്ഷന് സ്കെയില്‍ 3350- 83400 രൂപ ആണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് ഇല്ല.
ഈ മന്ത്രിസഭയിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രം 362 ആണ്. 25 പേരെ വരെ മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫ് ആക്കാം. 26 പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭയിലെ ഒന്നാമന് എന്ന ഖ്യാതി ഇക്കാര്യത്തിലും തുടരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിലാണ് ഇവിടേക്ക് നിയമിക്കുന്നത്. അല്ലാതെ ഉള്ളവര്‍ക്ക് പോലീസ് വെരിഫിക്കേഷന് അടക്കം വേണ്ടതുണ്ട്. ഇത് പരിശോധിച്ചശേഷം കേരള സര്‍ക്കാര്‍ തന്നെയാണ് നിയമനം നടത്തുന്നത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ്. പേഴ്സണല്‍ സ്റ്റാഫിലേക്ക് നടക്കുന്ന നിയമനങ്ങള്‍ പാര്‍ട്ടി റിക്രൂട്ട്മെന്റ് ആണെന്നും സ്റ്റാഫിനെ നിയമിക്കുന്നതിലൂടെ പാര്‍ട്ടി കേഡറെ വളര്‍ത്തുകയാണെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലും നയപ്രഖ്യാപനം വിവാദമാക്കിയ പശ്ചാത്തലത്തിലും പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
പെന്ഷന് വേണ്ടിയാണ് പേഴ്സണല്‍ സ്റ്റാഫുകളെ രണ്ട് വര്‍ഷം കൂടുമ്പോള്‍ മാറ്റുന്നത്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് വന്‍ബാധ്യതയാണ് ഉണ്ടാകുന്നത്. പൊതുജനങ്ങളുടെ പണമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി വലിയൊരു തുകയാണ് സംസ്ഥാനത്തിന് ബാധ്യതയുണ്ടാക്കുന്നത്. ഈ രീതി റദ്ദാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ 11 പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് 20ലധികം സ്റ്റാഫുകള്‍ ആണുള്ളത്. ഭരണഘടനയ്ക്ക് എതിരാണ് ഇതെല്ലാം. കേരളത്തിലെ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ തുറന്നടിക്കുമ്പോള്‍ മുഖം കറുക്കുന്നത് സ്വാഭാവികം.
പേഴ്സണല്‍ സ്റ്റാഫിലെ രാഷ്ട്രീയക്കാര്‍ക്ക് പെന്ഷന് നല്‍കുന്നത് ഗൗരവമായി എടുക്കുകയാണ്. ഫയല്‍ വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ട്. വൈകാതെ തന്നെ നടപടിയുണ്ടാകും. അതിന് ഒരു മാസം വേണ്ടി വരില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്ന സ്കീം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പേഴ്സണല്‍ സ്റ്റാഫ് നിയമനക്കാര്യം എജിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ ഉപദേശിക്കാന്‍ തനിക്ക് അവകാശം ഉണ്ട്. അടുത്ത കാലത്ത് മാത്രമാണ് തനിക്ക് ഇങ്ങനെയാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനം നടക്കുന്നതെന്ന് മനസ്സിലായത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവനെ പുറത്തുനിന്നും നിയന്ത്രിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിനായി ആരും വരേണ്ടെന്നും ഗവര്‍ണര്‍ താക്കീത് നല്കി. രാജ്ഭവനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ട. കേരള സര്‍ക്കാരിന് അതിനാകില്ല. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണ്.
ബാലനും കാനത്തിനും സതീശനും ഗവര്‍ണറുടെ രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ബാലന്റേത് ബാലിശമായ മറുപടിയെന്ന് പറഞ്ഞ ഗവര്‍ണര്‍ എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ധാരണയില്ലെന്നും പറഞ്ഞു. കാനം രാജേന്ദ്രന് ഇടത് മുന്നണിയില്‍ തന്നെയല്ലേ എന്നും ഗവര്‍ണര്‍ പരിഹസിച്ചുകൊണ്ട് ചോദിച്ചു.
പേര് ബാലന് എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുതെന്നും ഉള്ളിലെ കുട്ടി ഇനിയും വളര്ന്നിട്ടില്ലയെന്നുമാണ് ഗവര്‍ണര്‍ എ.കെ. ബാലനെ പരിഹസിച്ചത്. എ.കെ. ബാലന് ഇപ്പോള്‍ പണിയൊന്നുമില്ല. അതിനാല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ്. ഗവര്‍ണര്‍ക്ക് രണ്ടാം ശൈശവമാണെന്നും അങ്ങനെ പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താന്‍ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും അതങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു നയപ്രഖ്യാപന വിവാദത്തെക്കുറിച്ച് പ്രതികരിക്കെവെ ഗവര്‍ണര്‍ക്കെതിരെ എ.കെ. ബാലന് പറഞ്ഞത്.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വി.ഡി. സതീശന് ഒരു ധാരണയുമില്ല. പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ.
ഇടത് മുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഗവര്‍ണര്‍ നല്കിയ മറുപടി. ഭരണഘടനാ പദവി നിര്‍വഹിക്കാനായില്ലെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും ഗവര്‍ണര്‍ മൂന്നാറില്‍ പോയതിന്റെ ചെലവ് ആരും ചോദിക്കുന്നില്ലല്ലോ എന്നുമായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഗവര്‍ണര്‍ കെട്ടഴിച്ചത് വലിയൊരു ഭൂതത്തെയാണ്. അതെവിടെ ചെന്ന് നില്‍ക്കുമെന്നറിയില്ല. ഏതായാലും ഇതൊക്കെ മുഖത്തുനോക്കി വിളിച്ചുപറയാന്‍ ഒരു ഗവര്‍ണര്‍ വേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: