തിരുവനന്തപുരം:നാടകക്കളരിയില്‍ അഭിനയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒടുവില്‍ വെള്ളിത്തിരയെ അനായാസ അഭിനയം കൊണ്ട് കീഴടക്കിയ സ്വഭാവനടിയായിരുന്നു കെപിഎസി ലളിത. തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ള നാടകരംഗത്തെ മഹാരഥന്മാരില്‍ നിന്നാണ് അഭിനയകലയെ ലളിത ആത്മാവില്‍ ആവാഹിച്ചത്. . സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തതോടെ അഭിനയത്തിന്റെ ആഴങ്ങള്‍ കൂടുതല്‍ അറിഞ്ഞു.
പത്താം വയസിൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരി അമ്മ എന്ന പഴയ പേര് മാറി ലളിതയായി. സിനിമയിൽ വന്നപ്പോഴാണ് ലളിതയുടെ കൂടെ കെപിഎസി എന്ന് കൂടി ചേരുന്നത്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരമാണ് ആദ്യ സിനിമ.
അവിടന്നങ്ങോട്ട് സ്വാഭാവിക നടനത്തിലൂടെ എണ്ണിയാലൊതുങ്ങാത്ത ചിത്രങ്ങൾ. അമ്മയായും അമ്മായിഅമ്മയായും സഹോദരിയായും ചേട്ടത്തിയായുമെല്ലാം ഓരോ മലയാളിയുടെയും വീട്ടിലെ അംഗമായി മാറി. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ നടി 1975, 1978, 1990, 1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.
സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കുനോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം എന്നീ ചിത്രങ്ങൾ കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്റെ മാറ്റുകൂട്ടിയ ചിത്രങ്ങളാണ്. നാടകത്തിലും സിനിമയിലും കൂടാതെ സീരിയലുകളിലും ലളിത സജീവമായിരുന്നു.
1978-ലായിരുന്നു പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഭരതനുമായുള്ള ലളിതയുടെ വിവാഹം. 1998ൽ ഭരതൻ മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നാടകരംഗത്തിലൂടെ കലാലോകത്ത് എത്തിയ ലളിത വെള്ളിത്തിരയിൽ വന്നതോടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: