അഗളി: അട്ടപ്പാടി മുള്ളി വഴി മഞ്ചൂര്‍, ഊട്ടി, കുന്നൂര് ഭാഗത്തേക്കുള്ള വിനോദയാത്ര തമിഴ്നാട് സര്‍ക്കാര്‍ വിലക്കി. കേരളതമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് മുള്ളിയിലുള്ള തമിഴ്നാട് ചെക്പോസ്റ്റിലാണ് സഞ്ചാരികളെ തടയുന്നത്. മൂന്ന് ദിവസമായി സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ മുതല്‍ തമിഴ്നാട്ടിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചു. വിനോദസഞ്ചാരികളുടെ യാത്ര വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സമാകുന്നതായി കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാര്‍ പറഞ്ഞു.
മുള്ളി ചെക്പോസ്റ്റില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള റോഡ് വീതി കുറഞ്ഞതും വന്യമൃഗശല്യം ഏറെയുള്ളതുമാണ്. വേനല്‍ അധികരിച്ചതോടെ ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ റോഡില്‍ യഥേഷ്ടമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനുള്ളതാണ് ഈ റോഡെന്നും വിനോദ സഞ്ചാരത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നുമാണ് തമിഴ്നാടിന്റ നിലപാട്. അതേസമയം, തമിഴ്നാട് വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് വരുന്നതിനും പോകുന്നതിനും യാതൊരു വിലക്കുമില്ല.
മണ്ണാര്‍ക്കാട് ആനക്കട്ടി പ്രധാന റോഡില്‍ താവളത്ത് നിന്നും 29 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അതിര്‍ത്തി പ്രദേശമായ മുള്ളിയിലെത്തും. മുള്ളിയില്‍ നിന്നും 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മഞ്ചൂരും, അവിടെ നിന്ന് 32 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ ഊട്ടിയിലുമെത്തും. അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. അട്ടപ്പാടിയി മുള്ളി വഴിയുള്ള വിനോദസഞ്ചാരികളുടെ എണ്ണം അടിക്കടി വര്‍ധിച്ചു വരികയാണ്. 130 കോടി രൂപ ചെലവില്‍ താവളം മുള്ളി റോഡ് പുനരുദ്ധാരണവും നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: