ന്യൂദല്‍ഹി: റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ. പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടത്് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കിഴക്കന്‍ ഉക്രൈനിലെ രണ്ട് വിമത മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചത്. ‘പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന കക്ഷികള്‍ അടുത്തിടെ നടത്തിയ ശ്രമങ്ങള്‍ക്ക് നമ്മള് പിന്തുണ നല്‍കേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍, ട്രൈലാറ്ററല്‍ കോണ്ടാക്റ്റ് ഗ്രൂപ്പ്, നോര്‍മാണ്ടി ഫോര്‍മാറ്റ് എന്നിവയിലൂടെ നടക്കുന്ന ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതംചെയ്യുന്നു. പ്രശ്ന പരിഹാരത്തിന് വലിയ പരിശ്രമം ആവശ്യമാണ്. ഒരു സൈനിക നടപടി നമുക്ക് താങ്ങാനാവില്ല’, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.
ഉക്രൈന് അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന വികസനങ്ങളെ കുറിച്ച് ഞങ്ങള്‍ വീക്ഷണം നടത്തുന്നുണ്ട്. അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും അറിയുന്നുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നത് വളരെയധികം ആശങ്കാജനകമാണ്. ഈ സംഭവവികാസങ്ങള്‍ പ്രദേശത്തിന്റെ സമാധാനവും സുരക്ഷയും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 20,000ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും ഉക്രൈന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും തിരുമൂര്‍ത്തി പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എത്രയും വേഗം സൗഹാര്‍ദ്ദപരമായ പരിഹാരത്തിനായി നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ എല്ലാ രാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: