കണ്ണൂര്‍: തലശ്ശേരി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം അപലപനീയമാണെന്നും ആര്‍എസ്എസിന് സംഭവവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രസ്താവനയില്‍ അറിയിച്ചു. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാട് ആര്‍എസ്എസിനില്ല. രാഷ്ട്രീയമില്ലാത്ത കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ തോട്ടട പന്ത്രണ്ട് കണ്ടിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പരസ്പരം ബോംബെറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് തടിയൂരാനാണ് സിപിഎം നേതൃത്വം ബോധപൂര്‍വ്വം തലശ്ശേരിയിലെ കൊലപാതകത്തില്‍ രാഷ്ട്രീയം ആരോപിക്കുന്നത്. ബോംബ് നിര്‍മ്മാണവും കൊലപാതകവും സിപിഎം ശൈലിയാണ്. സംഘര്‍ഷം നടന്ന് മിനുട്ടുകള്‍ക്കകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമാണ് എന്നാണ്. പോലീസ് പോലും ഇത്തരത്തില്‍ പ്രതികരിക്കുന്നതിന് മുന്നേയാണ് കോടിയേരി ഇത്തരത്തിലുള്ള പരസ്യ പ്രതികരണം നടത്തിയത്. സംഭവത്തെ വളച്ചൊടിക്കാനും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളുടെ ഭാഗമാണിത്.
പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സമൂഹത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള എല്ലാ നീക്കങ്ങളോടും സര്‍വ്വാത്മനാ പിന്തുണയ്ക്കുമെന്നും ജില്ലാ കാര്യകാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: