പാലാ: വിവാഹ തട്ടിപ്പു കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. പാലാ പോണാട് കരിങ്ങാട്ട് സ്വദേശി രാജേഷ് (49) ആണ് പോലീസിന്റെ പിടിയിലായത്. വിവാഹിതനായ പ്രതി വിവരം മറച്ചുവെച്ച് വിധവയായ വീട്ടമ്മയെ വിവാഹം കഴിക്കുകയായിരുന്നു. യുവതിയില്‍ നിന്ന് പണവുംതട്ടിയെടുത്തു.
പല സ്ഥലങ്ങളിലായി തട്ടിപ്പ് നടത്തി വന്നിരുന്ന രാജേഷ് 2012 ലാണ് പാലായില്‍ എത്തുന്നത്. തുടര്‍ന്ന് കാരൂരില്‍ ചിട്ടി കമ്പനി തുടങ്ങി. ഇവിടെ ജോലിക്കെത്തിയ സ്ത്രീയില്‍ നിന്നാണ് രാജേഷ് പണം തട്ടിയെടുത്തത്. യുവതിയുടെ 20 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. 2020 ലാണ് യുവതി ചിട്ടിക്കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. രണ്ടു കുട്ടികളുള്ള വിധവയായ ഈ സ്ത്രീയെ വിവാഹിതനാണെന്ന കാര്യം മറച്ച് വച്ചാണ് പ്രതി വിവാഹം കഴിക്കുന്നത്. മാതാപിതാക്കളുടെ അനുവാദത്തോടെ 2021 ല്‍ ആയിരുന്നു വിവാഹം. പിന്നീട് യുവതിക്കും കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടില്‍ താമസം തുടങ്ങി.
യുവതിയുടെ സഹോദരന് ചിട്ടി കമ്പനിയുടെ ഷെയര്‍ നല്കാന് രാജേഷിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് അമ്മയുമായി എലിക്കുളം കെഎസ്എഫ്ഇ ബ്രാഞ്ചിലെത്തിയ രാജേഷ് തന്റെ പേരിലുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറില്‍ ഒപ്പിടുവിച്ച് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതിനു ശേഷം ആദ്യ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പാലായിലെ വാടക വീട്ടിലേക്ക് താമസം മാറ്റി.
രാജേഷിന്റെ വഞ്ചന മനസ്സിലാക്കിയ യുവതി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ രാജേഷിനെ കൂവപ്പള്ളിയില്‍വെച്ചാണ് പിടികൂടുന്നത്. എസ് ഐ അഭിലാഷ് എംഡി, എഎസ്ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന് സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് രാജേഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പണം തട്ടിയ കാര്യം രാജേഷ് സമ്മതിച്ചു. കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ തട്ടിപ്പു നടത്തിയതായും രാജേഷ് പറഞ്ഞു. എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന് സ്റ്റീഫന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് രാജേഷിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: