പാലാ: വിവാഹിതനാണ് എന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെ (49) പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം നല്കി നിരവധി പേരെ വഞ്ചിച്ചതിന് പ്രതിക്കെതിരെ കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതല്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ രാജേഷ് 2007 കാലഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തട്ടിപ്പു നടത്തി ഭാര്യയുമായി അവിടെനിന്നും എറണാകുളത്തേക്ക് താമസം മാറ്റി. അവിടെയും കേസുകളില്‍ ഉള്‍പ്പെട്ടതോടെ 2012 മുതല്‍ താമസം പാലായിലേയ്ക്ക് മാറ്റി. കരൂരില്‍ ചിട്ടി കമ്പനി നടത്തിയിരുന്ന പ്രതിയുടെ സ്ഥാപനത്തില്‍, ഭര്‍ത്താവ് മരിച്ച പൈക സ്വദേശിനിയായ യുവതി 2020 ജൂലൈയില്‍ ജോലിയില്‍ പ്രവേശിച്ചു.
മാതാപിതാക്കള്‍ മരിച്ചു പോയതാണെന്നും വിവാഹമോചിതനാണെന്നും യുവതിയെ ധരിപ്പിച്ച് അടുപ്പത്തിലായ പ്രതി രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത് യുവതിയോടും രണ്ടു കുട്ടികളോടുമൊപ്പം കുറ്റില്ലത്തെ വാടകവീട്ടില്‍ താമസം തുടങ്ങി. യുവതിയുടെ സഹോദരന് ഷെയര്‍ നല്കുന്ന ആവശ്യത്തിലേക്കായി, രാജേഷിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുകയും എലിക്കുളം കെഎസ്എഫ്ഇ യില്‍ തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറില്‍ അമ്മയെക്കൊണ്ട് ഒപ്പിടുവിച്ച് വിശ്വാസ വഞ്ചന നടത്തി 20 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി.
പിന്നീട് ഇയാള്‍ ആദ്യ ഭാര്യയോടും മകളോടുമൊപ്പം പാലായില്‍ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റി. വഞ്ചിക്കപ്പെട്ടതറിഞ്ഞ് യുവതി ജില്ലാ പോലീസ് മേധാവി ഡി.ശില്പക്ക് പരാതി നല്‍കിയതി നല്കി. തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തില്‍ നിന്ന് എസ്എച്ച്ഒ കെ.പി. തോംസണ്‍ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
എസ്ഐ അഭിലാഷ് എം.ഡി, എഎസ്ഐമാരായ ഷാജി എ.റ്റി, ബിജു കെ.തോമസ്, സീനിയര്‍ സിപിഒ ഷെറിന് സ്റ്റീഫന്‍, സിപിഒ രഞ്ജിത്ത് സി. എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതിക്കെതിരെ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: