കൊച്ചി: കേരളം ഭീകരരുടെയും കൊടും ക്രിമിനലുകളുടെയും താവളമായി മാറിയെന്ന് സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങളും ശരിയെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
അഹമ്മദാബാദ് ബോംബ് സ്ഫോടന പരമ്പരയില്‍ വധശിക്ഷ ലഭിച്ചവരില്‍ മൂന്നു പേരും മരണം വരെ തടവ് ലഭിച്ചവരില്‍ ഒരാളും മലയാളികളാണ്. സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വിട്ടയച്ചവരിലുമുണ്ട് മലയാളികള്‍. ഇന്ത്യയില്‍ എവിടെ ഭീകരാക്രമണമോ അതുമായി ബന്ധപ്പെട്ട അറസ്റ്റുകളോ ഉണ്ടായാലും അതില്‍ മലയാളികള്‍ ഉണ്ടാകുമെന്നതാണ് സ്ഥിതി.
ഭീകരര്‍ക്ക് വിദേശത്തു നിന്ന് ഫണ്ട് എത്തിക്കുക, ഐഎസ് പോലുള്ള സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക, റിക്രൂട്ട് ചെയ്യുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടുത്തിടെ ദേശീയ അന്വേഷണ ഏജന്‍സി ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു. അവരില്‍ മൂന്നു പേരും മലയാളികളായിരുന്നു. കണ്ണൂര്‍, മലപ്പുറം, കൊല്ലം സ്വദേശികള്‍. ഇവര്‍ വഴിയായിരുന്നു ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് ഫണ്ട് എത്തിച്ചിരുന്നത്.
ഏതാനും വര്‍ഷം മുന്‍പ് പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ യുവാക്കള്‍ നുഴഞ്ഞു കയറ്റത്തിനിടെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അവര്‍ നാലു പേരും കണ്ണൂര്‍ സ്വദേശികളായിരുന്നു. അബ്ദുള്‍ ഫൈസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഫയാസ്, അബ്ദുള്‍ റഹീം എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നീട് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അഫ്ഗാനില്‍ ചെന്ന് ഐഎസിന്റെ കൊറസാന്‍ യൂണിറ്റില്‍ ചേര്‍ന്ന 21 പേരും മലയാളികളായിരുന്നു, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം സ്വദേശികള്‍. നിമിഷ ഫാത്തിമയും അവരിലുള്‍പ്പെടുന്നു. ഈ സംഭവങ്ങളോടെയാണ് കേരളം ഭീകരരുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയെന്ന് അന്വേഷണഏജന്‍സികള്‍ വ്യക്തമാക്കിയത്. അതിനു ശേഷവും എന്‍ഐഎ തമിഴ്നാട്ടില്‍ അടക്കം എടുത്ത കേസുകളില്‍ മലയാളികള്‍ പ്രതികളായിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പാണ് പാലക്കാട്ടെ കൊല്ലങ്കോടു സ്വദേശി ഐഎസ് റിക്രൂട്ട്െമന്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
ഇന്ത്യയിലെ നിരവധി ബോംബു സ്ഫോടനങ്ങളില്‍ പങ്കുള്ളയാളാണ് കൊടും ഭീകരന് തടിയന്റവിടെ നസീര്‍. ഉമ്മര്‍ ഹാജിയെന്നും അറിയപ്പെടുന്ന ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ ജയിലിലാണ്. തമിഴ്നാട്ടിലെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൊലപാതകള്‍ക്കു പിന്നിലുള്ള പറവൈ ബാദുഷയെ അറസ്റ്റു ചെയ്തത് കൊല്ലം അഞ്ചലില്‍ ഒളിച്ചുതാമസിക്കുന്നതിനിടെയാണ്.
യുപിയിലെ ഹാഥ്റസില്‍ കലാപമുണ്ടാക്കാന്‍ പോകുന്നതിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ പലരും മലയാളികളായിരുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ള മുസ്ലീങ്ങളോട് കേരളത്തിലേക്ക് പോകാന്‍ മതപ്രഭാഷകന് സാക്കീര്‍ നായിക് നല്കിയ ആഹ്വാനം വിവാദമായിരുന്നു. ഏതാനും മാസങ്ങള്‍ മുന്പുവന്ന ആഹ്വാനം ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. കശ്മീര്‍ കഴിഞ്ഞാല്‍ കേരളമാണ് ഭീകരരുടെ ലക്ഷ്യമെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത് ലണ്ടനില്‍ കഴിയുന്ന പാകിസ്ഥാനിലെ ബലൂച് നേതാവാണ്. അദ്ദേഹത്തിന്റെ കുറിപ്പും അടുത്തിടെ വലിയ പ്രാധാന്യത്തോടെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഭീകരര്‍ മാത്രമല്ല കൊടും ക്രിമിനലുകളും കേരളമാണ് സുരക്ഷിതതാവളമാക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ്, ആസാമിലെ കൊടുംക്രിമിനലിനെ നിലമ്പൂരില്‍ നിന്ന് പിടിച്ചത്. കേരളത്തില്‍ ഭരണത്തിന്റെയും ഇടതു, വലത് പാര്‍ട്ടികളുടെയും തണലില്‍ സുരക്ഷിതമായി, താമസിക്കുന്ന ഭീകരര്‍ ഇവിടം കേന്ദ്രമാക്കിയാണ് ഇതര സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ അഴിച്ചുവിടുന്നതും അക്രമം നടത്തുന്നതും. അതിനാലാണ് സമാധാനത്തിന്റെ തുരുത്തായിരുന്ന കേരളം ഇപ്പോള്‍ ഭീകരതയുടെ വിളനിലമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: