ലണ്ടന്‍:ഒരു വാല്‍നക്ഷത്രം പോലെ ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുകയായിരുന്നു റിഷി സുനാക് എന്ന ഇന്ത്യന്‍ വംശജന്. വെറും 41ാം വയസ്സിലേക്കെത്തുമ്പോള്‍ വലിയൊരു രാഷ്ട്രീയസൗഭാഗ്യത്തിന്റെ വക്കില്‍ നില്‍ക്കുകയാണ് റിഷി സുനാക്.
ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോവിഡ് കാലത്ത് പ്രൊട്ടോക്കോള്‍ ലംഘിച്ച് ഔദ്യോഗിക വസതിയില്‍ ആഘോഷപാര്‍ട്ടികള്‍ നടത്തിയതിന്റെ പേരില്‍ സ്ഥാനമൊഴിയേണ്ടി വന്നാല്‍ നാളെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇപ്പോള്‍ കല്പിക്കപ്പെടുന്ന രാഷ്ട്രീയ നേതാവാണ് റിഷി സുനാക്. വെറും 2014ല്‍ മാത്രം രാഷ്ട്രീയത്തില്‍ എത്തിയ സുനാക് 2020ല്‍ ബ്രിട്ടന്റെ ധനമന്ത്രിയായി.
ഇദ്ദേഹം പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതും കാത്ത് ഇന്ത്യയില്‍ രണ്ട് പേരുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യ സുധാ നാരായണമൂര്‍ത്തിയും. ഇവരുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് റിഷി സുനാക്. കൃത്യമായി പറഞ്ഞാല്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്. ജീവിതത്തില്‍ ഒരിക്കല്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്ന നിലയില്‍ നാരായണമൂര്‍ത്തിയും കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എഴുതുന്ന എഴുത്തുകാരി എന്ന നിലയില്‍ സുധാമൂര്‍ത്തിയും കീര്‍ത്തിയുടെ കൊടുമുടിയില്‍ എത്തിയ വ്യക്തികളാണ്. ഇപ്പോള്‍ മരുമകന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ഉണ്ടായാല്‍ ഇവരുടെ ജീവിതത്തിലേക്ക് കീര്‍ത്തിയുടെ രശ്മികള്‍ ഒരിക്കല്‍ കൂടി എത്തിച്ചേരും.
ടോറി നേതാക്കള്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി 100 ശതമാനം മാര്‍ക്കും നല്‍കുന്നത് റിഷി സുനാകിനാണ്. ബ്രിട്ടന്റെ ഖജനാവ് കാക്കുന്ന ചാന്‍സലര്‍ പദവിയും റിഷി സുനാകിനായതിനാല്‍ ഇദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ മന്ത്രിസഭയില്‍ രണ്ടാമന്. സാമ്പത്തിക കാര്യങ്ങള്‍ അച്ചടക്കത്തോടെ നിര്‍വ്വഹിക്കുന്ന നേതാവ് എന്ന നിലയില്‍ ഇദ്ദേഹത്തിന് നല്ല മതിപ്പ് ബ്രിട്ടനില്‍ ഉണ്ട്. പ്രധാനമന്ത്രിപദത്തിലെത്തിയാല്‍ ആ പദവി വഹിക്കുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാകും നാരായണമൂര്‍ത്തിയുടെയും സുധാമൂര്‍ത്തിയുടെയും മരുമകന്. മാധ്യമങ്ങളില്‍ നിന്നും അകന്നുകഴിയാനിഷ്ടപ്പെടുന്ന ഇദ്ദേഹം മദ്യപിക്കുകയില്ലെന്നതും ഇതുവരെ വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതും ഇദ്ദേഹത്തിന് ക്ലീന്‍ പ്രതിച്ഛായയാണ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ നല്‍കുന്നത്. റിഷി സുനാകിനെതിരെ ആകെ ഉണ്ടായിട്ടുള്ളത് ഒരൊറ്റ ആരോപണം മാത്രമാണ്. അത് വരുമാനം പൂര്‍ണ്ണമായും വെളിപ്പെടുത്തിയില്ല എന്ന ആരോപണമാണ്. റിഷി സുനാകിന്റെ മുഴുവന്‍ വരുമാനവും വെളിപ്പെടുത്തിയാല്‍ അയാള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നനാകും എന്നാണ് കണക്കുകള്‍. എലിസബത്ത് രാജ്ഞിയുടെ ആകെ സ്വത്ത് 3,400 കോടിയാണെങ്കില്‍ റിഷി സുനാകിന്റേത് 4,200 കോടിയോളം വരും. ഇത് ഭാര്യ അക്ഷതമൂര്‍ത്തിയുടെ കയ്യിലുള്ള ഇന്‍ഫോസിസ് ഓഹരികളുടെ വില കൂടി കൂട്ടുമ്പോഴാണ് റിഷിയുടെ സ്വത്ത് ഇത്രയും വലുതാവുക എന്നതിനാല്‍ തല്ക്കാലം വിവാദം ഒഴിഞ്ഞുപോയിട്ടുണ്ട്.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും നേടി. നിക്ഷേപരംഗത്തെ വിദഗ്ധനും കൂടിയാണ് റിഷി സുനാക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: