തിരുവനന്തപുരം: ഖാദിയുടെ ലേബലില്‍ വന്‍ തോതില്‍ വ്യാജനെത്തുന്നതായി ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് പറഞ്ഞു. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വില്‍ക്കുന്നത്. പവര്‍ലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാര്‍ത്ഥ മൂല്യം സംരക്ഷിക്കാതെയാണ് ഇവ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം 160 കോടി രൂപയുടെ ഖാദി വില്പനയാണ് കേരളത്തില്‍ നടന്നത്. ഇതില്‍ അംഗീകൃത ഖാദി സ്ഥാപനങ്ങള്‍ ഉത്പാദിപ്പിച്ച് വിപണിയിലെത്തിയത് 68 കോടി രൂപയുടേത് മാത്രമാണെന്ന് പി. ജയരാജന് പറഞ്ഞു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മുംബയില്‍ ഖാദി തുണിത്തരങ്ങള്‍ വിറ്റഴിക്കുന്നതില്‍ പേരു കേട്ട സ്ഥാപനമായ ഖാദി എംപോറിയത്തിന് വ്യാജ ഖാദി ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിന് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് അടുത്തിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദേശീയരംഗത്തെ നേതാക്കള്‍ വരെ ഖാദി തുണിത്തരങ്ങള്‍ വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇതേ സ്ഥിതി കേരളത്തിലുമുണ്ട്. ഉപഭോക്താക്കള്‍ അംഗീകൃത ഖാദി സ്ഥാപനങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങുകയെന്നന്നതാണ് വ്യാജ ഖാദി കേരള വിപണിയില്‍ എത്തുന്നത് തടയാനുള്ള ഒരു മാര്‍ഗം.
കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയായ ഖാദി വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. എല്ലാ മേഖലയിലുമെന്നതുപോലെ കോവിഡും ഇതിന് കാരണമാണ്. ഈ മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ ശ്ളാഘനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്കീമിലെ കുടിശിക നല്‍കാനായി പത്തു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇത് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്‍കും. തൊഴിലാളികള്‍ക്കുള്ള ഉത്പാദന ഇന്‍സെന്റീവ് അടുത്ത ആഴ്ച നല്‍കും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെല്ലാം ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും ഈ വ്യവസായത്തിന് ഒരു സഹായമാണ്.
ഖാദി മേഖലയ്ക്ക് ഉണര്‍വേകാനുള്ള നടപടികള്‍ ബോര്‍ഡ് കൈക്കൊള്ളുന്നുണ്ട്. പുതിയ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുതിയ ഡിസൈനിലുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ ഇവ വിപണിയിലെത്തും. രണ്ടു വയസിന് മുകളില്‍ പ്രായമുളള കുട്ടികളുടെ വസ്ത്രം, വിവാഹ വസ്ത്രങ്ങള്‍, സാരി എന്നിവയിലെല്ലാം പുതിയ ഡിസൈനെത്തും. കേരളത്തില്‍ മനില തുണിക്ക് വലിയ ഡിമാന്റ് ഉണ്ടാകുന്നുണ്ടെന്ന് വൈസ് ചെയര്മാന് പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി ബോര്‍ഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇവിടത്തെ വിദഗ്ധര്‍ ഖാദി ഉത്പാദന കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരില്‍ പുതിയ ഷോറൂം ആരംഭിക്കുമെന്നും ഓണ്‍ലൈന്‍ വില്പനയിലേക്ക് ഉടന്‍ കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ പുതിയതായി 20,000 തൊഴിലവസരം സൃഷ്ടിക്കാനാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്. പാലക്കാട് ജില്ലയില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഖാദി ഉത്പാദിപ്പിക്കുന്ന പൈലറ്റ് പ്രോജക്ട് ഉടന്‍ ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: