കൊല്ലം: അവധി ആഘോഷിക്കാനായി ബീച്ചിലെത്തിയ പ്രവാസി കുടുംബത്തിലെ ഇളയകുട്ടിയെ കടലെടുത്ത് കൊണ്ടുപോയപ്പോള്‍ നിലവിളിച്ച് നില്ക്കാനെ മാതാപിതാക്കള്‍ക്കും സഹോദരനുമായുള്ളൂ. അഞ്ച് മിനിട്ട് മുമ്പ് മുന്നറിയിപ്പ് നല്കി മടങ്ങിയ ഡോള്‍ഫിന്‍ രതീഷ് കടലിലേക്ക് എടുത്തുചാടി കുരുന്നുജിവന് തിരികെ പിടിച്ചു.
ഇന്നലെ വൈകിട്ട് 5.40നായിരുന്നു സംഭവം. ചവറ ഇ.കെ. മന്‍സിലില്‍ മുഹമ്മദ് ഇബ്രാഹിമും കുടുംബവുമാണ് ഇന്നലെ ബീച്ചിലെത്തിയത്. ഇവരുടെ ഇളയ മകന് ഹസനാണ് തിരയില്‍പെട്ടത്. കടലില്‍ 20 മീറ്ററോളം ഉള്ളിലേക്ക് പോയ കുട്ടിയെ വളരെ സാഹസികമായാണ് ബീച്ച് ഗാര്‍ഡും മുങ്ങല്‍ വിദഗ്ധനുമായ ഡോള്‍ഫിന്‍ രതീഷ് രക്ഷിച്ചത്.
കടലില്‍ നിന്നും കരയിലെത്തിയ കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആരോഗ്യവാനായി തന്നെ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം യാത്ര അയയ്ക്കാനും ബീച്ച് ഗാര്‍ഡ് രതീഷ് മറന്നില്ല. ബീച്ചില്‍ ഡ്യൂട്ടിയില്‍ ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളായ പൊന്നപ്പന്, ഷാജി ഫ്രാന്‍സിസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ രതീഷിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ മാസവും ഒരു കുടുംബത്തിലെ നാലുപേര്‍ തിരയില്‍പ്പെട്ടിരുന്നു. അന്നും രക്ഷിച്ചത് ലൈഫ് ഗാര്‍ഡുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: