സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും വിഭിന്നമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെല്ലാം സര്‍വ്വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ളവരാണ്. വൈസ് ചാന്‍സലര്‍ മുന്‍പ് പ്രോ വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരുന്ന അനുഭവമുള്ള ആളാണ്. രജിസ്ട്രാര്‍ മുന്‍പ് കണ്ട്രോളര് ഓഫ് എക്സാമിനേഷന് ആയിരുന്നു.
എന്നാല്‍ ഈ മുന്‍പരിചയമൊന്നും സര്‍വ്വകലാശാലയുടെ സുഗമമായ നടത്തിപ്പിന് പര്യാപ്തമാകുന്നില്ലെന്നതാണ് ഓരോ സംഭവവികാസങ്ങളും തെളിയിക്കുന്നത്. ഇവര്‍ തമ്മിലുള്ള ഐക്യമില്ലായ്മയും ചേരിപ്പൊരും സര്‍വ്വകലാശാലാ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നതായി ജീവനക്കാരും അഭിപ്രായപ്പെടുന്നുണ്ട്. രജിസ്ട്രാരാണ് സര്‍വ്വകലാശാല ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെങ്കിലും പല കാര്യങ്ങളും സംഘടനാ നേതൃത്വങ്ങള്‍ വൈസ് ചാന്‍സലര്‍ വഴി നേരിട്ട് സാധിച്ചെടുക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്.
വൈസ് ചാന്‍സലര്‍ പരീക്ഷാ വിഭാഗത്തിലും മറ്റും നടക്കുന്ന മെല്ലെപ്പോക്കോ കെടുകാര്യസ്ഥതയോ മനസ്സിലാക്കുന്നതുതന്നെയില്ല. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഓരോ ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ അത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്താതെ ഇടത് സംഘടന പറയുന്ന കാര്യങ്ങള്‍മാത്രം നടപ്പില്‍ വരുത്തുന്ന നിലപാടാണ് നിലവില്‍ വിസിയുടെ ഭാഗത്തു നിന്നുള്ളതെന്ന പരാതിയും വ്യാപകമാണ്. ഇടത് സംഘടനാ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് സര്‍വ്വകലാശാലയിലേക്കുളള വിദ്യാര്‍ത്ഥികളുടെ പ്രവേശനം തന്നെ നിഷേധിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപേക്ഷ നല്കിയാല് നേരിട്ടുവരാതെ ഇ-മെയില്‍ വഴി മറുപടി നല്‍കാമെന്നും ഫ്രണ്ട് ഓഫീസ് കാര്യക്ഷമമാക്കി മറുപടികള്‍ അതുവഴി നല്‍കുമെന്നുമാണ് പുതിയ വാഗ്ദാനം. എന്നാല്‍ ഇവയെല്ലാം പലവട്ടം പരീക്ഷിച്ചു പരാജയപ്പെട്ടതാണ്.
സര്‍വ്വകലാശാലയിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്തെല്ലാം എന്നറിയാതെ, വിദേശ സര്‍വ്വകലാശാലകളിലെ പോലെ പ്രവര്‍ത്തനമാക്കുമെന്ന് പറയുന്ന വൈസ് ചാന്‍സലര്‍ തന്റെ ഭരണ കാലാവധി അവസനിക്കാറാകുമ്പോഴും വിജയകരമായ നിലയില്‍ കമ്പ്യൂട്ടര്‍വത്കരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ആളാണ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഡിജിറ്റല്‍ ഒപ്പ് പോലും ഏര്‍പ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൈസ് ചാന്‍സലര്‍ സ്ഥലത്തില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ സാധിക്കാത്ത അവസ്ഥയാണ് സമ്പൂര്‍ണ ഡിജിറ്റലെസേഷന്‍ അവകാശപ്പെടുന്ന സ്ഥാപനത്തിനുള്ളത്.
ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പ്രഗത്ഭന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ ഇതുവരെ നടത്തിയ ഗവേഷണങ്ങള്‍ വഴി ലഭിച്ച നേട്ടം ബോധിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല. വിദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകയ്ക്കുള്ള ഗവേഷണ പ്രൊജക്ടുകള്‍ പെരുപ്പിച്ചുകാട്ടി തന്റെ ഇമേജ് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നുള്ള ആക്ഷേപം സര്‍വ്വകലാശാല അധ്യാപക സമൂഹത്തിനുള്ളില്‍ തന്നെയുണ്ട്. ഭരണാധികാരി എന്ന നിലയില്‍ വിസി പൂര്‍ണ പരാജയമാണെന്ന് അഭിപ്രായം രേഖപ്പെടുത്തുന്നതും ജീവനക്കാര്‍ തന്നെയാണ്.
കേവലം ഒരു സര്‍വ്വകലാശാല അസിസ്റ്റന്റ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടും തന്റെ സര്‍വ്വകലാശാലയില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് മനസ്സിലാക്കാനും, അത് പരിഹരിക്കാനും ശ്രമിക്കാതെ ജീവനക്കാരെയും വിദ്യാര്‍ഥികളെയും പരസ്പരം കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത് അഴിമതിയെക്കാളും വലിയ കെടുകാര്യസ്ഥതയിലേക്ക് സര്‍വ്വകലാശാലയെ എത്തിക്കും. സേവനാവകാശം പോലെയുള്ളവ ഏര്‍പ്പെടുത്തുകയും, സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കുകയും സര്‍വ്വകലാശാലാ ഭരണത്തില്‍ അമിത ഇടപെടല്‍ അവസാനിപ്പിക്കുകയും ചെയ്ത് അധികാര കസേരകളില്‍ ഇരിക്കുന്നവര്‍ അവരുടെ അധികാരം പുരോഗതിക്കായി വിനിയോഗിക്കുകയും ചെയ്താല്‍ മാത്രമേ ഈ നാണക്കേടില്‍ നിന്നും രാഷ്ട്ര പിതാവിന്റെ നാമത്തിലുള്ള സര്‍വ്വകലാശാലക്ക് രക്ഷപെടാന്‍ സാധിക്കുകയുള്ളു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: