Categories: Samskriti

ശിക്ഷാവല്ലിയിലെ മഹാസംഹിതകള്‍

ആകാശവും ഭൂമിയും അടങ്ങുന്ന വിരാട് പ്രപഞ്ചത്തിലാരംഭിച്ച് മനുഷ്യശരീരമെന്ന അണുപ്രപഞ്ചത്തിലവസാനിക്കുകയാണ് തൈത്തിരിയത്തിലെ മഹാസംഹിതാദര്‍ശനം. മഹാസംഹിതോപാസനയുടെ ഫലശ്രുതി ആചാര്യന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''സ പ്രജയാ പശുഭിഃ ബ്രഹ്മവര്‍ച്ചസേന അന്നാദ്വേന സുവര്‍ഗ്യേണ ലോകേന സന്ധീയതേ'' - അവന്‍ പ്രജയോടും പശുക്കളോടും ബ്രഹ്മതേജസ്സോടും അന്നത്തോടും സ്വര്‍ഗ്ഗലോകത്തോടും ചേരുന്നു.

ഉച്ചാരണശുദ്ധി, പാഠശുദ്ധി, ആചാരശുദ്ധി എന്നിവ വേദസാഹിത്യത്തിനുനിര്‍ബന്ധമാണ്. തൈത്തിരിയോപനിഷത്തിലെ പ്രഥമപ്രപാഠകമായ ശിക്ഷാവല്ലി ശബ്ദശാസ്ത്രപ്രകരണംകൂടിയാകുന്നു. ആറുവേദാംഗങ്ങളില്‍ ഒന്നാണുശിക്ഷ, ഒന്നാമത്തേതുമാണ്. കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയാണ് ഇതര വേദാംഗങ്ങള്‍. വര്‍ണ്ണം, സ്വരം, മാത്ര തുടങ്ങിയ കാര്യങ്ങള്‍ ആദ്യത്തെ അനുവാകങ്ങളില്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. ഓര്‍മ്മിക്കുക – മന്ത്രങ്ങളിലെ വര്‍ണ്ണങ്ങള്‍ വെറുതേ ചൊല്ലിപ്പഠിച്ചാല്‍ പ്രയോജനം കിട്ടില്ലെന്നുമാത്രമല്ല ദുഷ്പ്രയോജനം ഉണ്ടാവുകയും ചെത്തും. അതിനായാണ് ഭാഷാശിക്ഷണപാഠങ്ങള്‍.

ഉച്ചാരണശുദ്ധിയും ആചാരശുദ്ധിയും ദീക്ഷിക്കുന്ന ഒരാള്‍ക്ക് യശസ്സും ബ്രഹ്മവര്‍ച്ചസും ലഭിക്കുമെന്ന് ഉപനിഷത്ത് ഉറപ്പുനല്കുന്നു: ‘സഹനൗ യശഃ സഹ നൗ ബ്രഹ്മ വര്‍ച്ചസം’ (ക. 2) ധര്‍മ്മബോധത്താല്‍ ലഭിക്കുന്ന കീര്‍ത്തിയാണ് യശസ്സ്. തപസ്സുമൂലം ലഭിക്കുന്ന ശക്തിയാണ് ബ്രഹ്മവര്‍ച്ചസ്സ്. ‘ശിക്ഷ’യുടെ ലക്ഷ്യം ശരിയായ ഉച്ചാരണമോ ശ്രുതിശുദ്ധമായ ആലാപനമോ മാത്രമല്ല. ഇതുനോക്കുക: ‘ജിഹ്വാ മേ മധുമത്തമാ’ – നാക്ക് മാധുര്യമൂറുന്നതാവണം. നല്ലവാക്കോതുവാനുള്ള ത്രാണി. വചനസംസ്‌കാരം എന്നു നമുക്കു പറയാം. അറിവേറിയവര്‍ അധികപ്രസംഗികളാവരുതെന്ന് പൊരുള്. ഗുണമിളിതവും മൃദുലളിതവുമാവണം സംഭാഷണം.

ആത്മീയകാര്യങ്ങള്‍ മാത്രമല്ല ഉപനിഷത്തുപറയുന്നത്. ലൗകികകാര്യങ്ങള്‍ക്കും ഉപനിഷത്ത് ഊന്നല്‍ നല്കുന്നു. ഇവിടെയാണ് സംഹിത കടന്നുവരുന്നത്. എന്താണ് സംഹിത?വര്‍ണ്ണങ്ങള്‍ തമ്മിലുള്ള അടുപ്പം കാണിക്കുവാന്‍, വ്യാകരണത്തിലുപയോഗിക്കുന്ന സംജ്ഞയാണ് സംഹിത. സംഹിതയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളിവയത്രെ-പൂര്‍വ്വ വര്‍ണ്ണം, ഉത്തര വര്‍ണ്ണം, അവയുടെ സന്ധി, സന്ധിപ്പിക്കുന്ന വര്‍ണ്ണം. മഹത്തായ വിഷയങ്ങളുടെസംയോഗത്തെപ്പറ്റിയുള്ള ദര്‍ശനമാണ് മഹാസംഹിത. അഞ്ചുവിഷയങ്ങളെ ഉദാഹരണമാക്കിക്കൊണ്ട് ഈ ദര്‍ശനം ഉപനിഷത്ത് വിവരിക്കുന്നു.

1. അധിലോകം

ലോകത്തെക്കുറിച്ചുള്ള ദര്‍ശനമാണിത്. ഭൂമി പൂര്‍വ്വ വര്‍ണ്ണം, ആകാശം ഉത്തര വര്‍ണ്ണം, അന്തരീക്ഷം സന്ധി, സന്ധിപ്പിക്കുന്നത് വായു.

2. അധിജ്യൗതിഷം

ജ്യോതിസ്സിനെ സംബന്ധിക്കുന്ന ദര്‍ശനമാണിത്. അഗ്നി പൂര്‍വ്വര്‍ണ്ണം, ആദിത്യന്‍  ഉത്തരവര്‍ണ്ണം, ജലം സന്ധി, സന്ധിപ്പിക്കുന്നത് മിന്നല്‍.

3. അധിവിദ്യം

വിദ്യയെക്കുറിച്ചുള്ള ദര്‍ശനം. ആചാര്യന്‍ പൂര്‍വ്വ വര്‍ണ്ണം, ശിഷ്യന്‍ ഉത്തര വര്‍ണ്ണം, വിദ്യ സന്ധി, സന്ധിപ്പിക്കുന്നത് പ്രവചനം.

4. അധിപ്രജം

പ്രജകളെ സംബന്ധിക്കുന്ന ദര്‍ശനം. മാതാവ് പൂര്‍വ്വ വര്‍ണ്ണം, പിതാവ് ഉത്തര വര്‍ണ്ണം, പ്രജ സന്ധി, സന്ധിപ്പിക്കുന്നത് പ്രജനനം.

5. അധ്യാത്മം

താഴത്തെ താടിയെല്ല് പൂര്‍വ്വ വര്‍ണ്ണം. മേലെയുള്ള താടിയെല്ല് ഉത്തര വര്‍ണ്ണം. വാക്ക് സന്ധി. സന്ധിപ്പിക്കുന്നത് നാക്ക്.

ആകാശവും ഭൂമിയും അടങ്ങുന്ന വിരാട് പ്രപഞ്ചത്തിലാരംഭിച്ച് മനുഷ്യശരീരമെന്ന അണുപ്രപഞ്ചത്തിലവസാനിക്കുകയാണ് തൈത്തിരിയത്തിലെ മഹാസംഹിതാദര്‍ശനം. മഹാസംഹിതോപാസനയുടെ ഫലശ്രുതി ആചാര്യന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ”സ പ്രജയാ പശുഭിഃ ബ്രഹ്മവര്‍ച്ചസേന അന്നാദ്വേന സുവര്‍ഗ്യേണ ലോകേന സന്ധീയതേ” – അവന്‍ പ്രജയോടും പശുക്കളോടും ബ്രഹ്മതേജസ്സോടും അന്നത്തോടും സ്വര്‍ഗ്ഗലോകത്തോടും ചേരുന്നു.

അടുത്ത അനുവാകത്തില്‍ ഓങ്കാരധ്യാനംകൊണ്ട് ബുദ്ധി ബലപ്പെടുത്തുവാന്‍ ഗുരു പറയുന്നു. ഓങ്കാരരൂപീയായ ബ്രഹ്മത്തോട് അധ്യാത്മവിദ്യാഗ്രഹണത്തിനുവേണ്ട ബുദ്ധിയും ശക്തിയും ഉണ്ടാകുവാനുള്ള പ്രാര്‍ത്ഥന. പ്രണവോപാസനചെയ്യുമ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കുന്നതിന് ഗായത്രീമന്ത്രത്തിലെ ഭുവഃ, സ്വഃ എന്നീ വ്യാഹൃതികള്‍ഉപയോഗിക്കുന്നതിന്റെ സവിശേഷരീതികളെക്കുറിച്ച് അഞ്ചാം അനുവാകം ചര്‍ച്ചചെയ്യുന്നു. (വ്യാഹൃതിയ്‌ക്ക് ചൊല്ല് എന്ന അര്‍ത്ഥവും പറയാം. ഗൂഢാര്‍ത്ഥശബ്ദമെന്നും അര്‍ത്ഥം). വ്യാഹൃതികളുടെ പതിനാറുഭേദങ്ങള്‍ തൈത്തിരീയം വിവരിക്കുന്നു. ഗായത്രിയിലെ വ്യാഹൃതികള്‍ക്ക് ഇവിടെ പല വിധത്തില്‍ അര്‍ത്ഥം പറഞ്ഞിരിക്കുന്നു.

ഭുഃ ഈ ലോകമാകുന്നു. ഭുവഃ എന്നത് അന്തരീക്ഷം. സുവഃ എന്നത് സ്വര്‍ഗ്ഗലോകമാകുന്നു. നാലാമത് മഹഃ എന്നൊരു വ്യാഹൃതികൂടിയുണ്ട്. മഹഃ എന്നത് ആദിത്യനാകുന്നു.

‘ഭുഃ’ പൃഥിവിയാണ്. ‘ഭുഃ’ അഗ്നിയാണ്, ‘ഭുഃ’ ഋഗ്വേദമാണ്, ‘ഭുഃ’ പ്രാണനാണ്.  

‘ഭുവഃ’ അന്തരീക്ഷമാണ്. ‘ഭുവഃ’ വായുവാണ്, ‘ഭുവഃ’ സാമവേദമാണ്, ‘ഭുവഃ’ അപാനനാണ്.

‘സുവഃ’ സ്വര്‍ഗലോകമാണ്, ‘സുവഃ’ ആദിത്യനാണ്, ‘സുവഃ’ യജുര്‍വേദമാണ്, ‘സുവഃ’ വ്യാനനാണ്.

‘മഹഃ’ ആദിത്യനാണ്, ‘മഹഃ’ ചന്ദ്രനാണ്, ‘മഹഃ’ ബ്രഹ്മമാണ്, ‘മഹഃ’ അന്നാണ് …. ഇങ്ങനെ തുടരുന്നു.

(തുടരും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Punishment