മക്കളേ,
ഈശ്വരസ്മരണയും ഈശ്വരസമര്പ്പണവുമാണ് ജീവിതത്തെ ധന്യമാക്കുന്നത്. ജീവിതത്തില്‍ നാം ഈശ്വരനു പ്രഥമസ്ഥാനം നല്‍കണം. ഒന്ന് എന്നെഴുതി പത്തു പൂജ്യമിട്ടാല്‍ അതിനു വലിയ വിലയാണ്. എന്നാല്‍ ആ ഒന്നു മായ്ച്ചു കളഞ്ഞാലോ. മറ്റൊന്നിനും വിലയില്ല. അവയെല്ലാം വെറും പൂജ്യങ്ങള്‍ മാത്രം. ഈശ്വരനാകുന്ന ആ ഒന്നിനെ കൂടാതെയുള്ള നമ്മുടെ ജീവിതം വ്യര്‍ത്ഥമാണ്. നമ്മുടെയുള്ളില്‍ സമര്‍പ്പണഭാവം ഉണ്ടെങ്കില്‍ ചെയ്യുന്ന ഏതു കര്‍മവും നമ്മളെ ഈശ്വരനിലേയ്ക്കു നയിക്കുന്നതായിത്തീരും. അതില്ലെങ്കിലോ, കോവിലില്‍ ചെയ്യുന്ന പൂജയും വെറുമൊരു ജോലി മാത്രം.
സമ്പത്തും സമൃദ്ധിയും കൈവരുമ്പോള്‍, സുഖഭോഗങ്ങളുടെ നടുവില്‍ കഴിയുമ്പോള്‍ മിക്കവരും ഈശ്വരനെ മറക്കുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമായാല്‍ ഉടനെ അവര്‍ ഈശ്വരനിലേയ്ക്കു തിരിയുകയും ചെയ്യുന്നു. സൂര്യന് പ്രകാശിക്കുമ്പോള്‍ നമ്മളാരും സൂര്യനെ ശ്രദ്ധിക്കാറില്ല, മറിച്ച് സൂര്യന് പ്രകാശിപ്പിക്കുന്ന വസ്തുക്കളെയാണ് നമ്മള് കാണാറുള്ളത്. എന്നാല്‍ ചന്ദ്രന് ഉദിക്കുമ്പോള്‍ നാം അന്ധകാരത്തെ കാണുന്നില്ല, മറിച്ച് നമ്മുടെ ശ്രദ്ധ ചന്ദ്രനിലേയ്ക്കു തിരിയുന്നു. അതുപോലെയാണ് ദുഃഖം വരുമ്പോള്‍ നമ്മുടെ മനസ്സ് ഈശ്വരനിലേയ്ക്കു തിരിയുന്നത്.
ഒരിടത്ത് കെട്ടിടനിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ആറാം നിലയില്‍ നിന്ന് ഒരു സൂപ്പര്‍വൈസര്‍ താഴത്തെ നിലയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പണിക്കാരനെ വിളിച്ചു. സൂപ്പര്‍വൈസര്‍ ആവര്‍ത്തിച്ചു വിളിച്ചിട്ടും കെട്ടിടം പണിയുടെ ഒച്ച കാരണം പണിക്കാരന് അതു കേട്ടില്ല. തുടര്‍ന്ന്, പണിക്കാരന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സൂപ്പര്‍വൈസര്‍ ഒരു അഞ്ചു രൂപ തുട്ട് താഴേയ്ക്കെറിഞ്ഞു, അതു പണിക്കാരന്റെ മുന്പില് തന്നെ വന്നുവീണു. അയാള്‍ ആ തുട്ടെടുത്തു പോക്കറ്റിലിട്ടശേഷം ജോലി തുടര്‍ന്നു. വീണ്ടും പണിക്കാരന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സൂപ്പര്‍വൈസര്‍ ഒരു പത്തു രൂപ തുട്ട് താഴെ ഇട്ടു. പണിക്കാരന് ആ തുട്ടും എടുത്തു പോക്കറ്റിലിട്ട് ജോലി തുടര്‍ന്നു. അടുത്തതായി സൂപ്പര്‍വൈസര്‍ ഒരു ചെറിയ കല്ലെടുത്ത് പണിക്കാരന്റെ നേരെ എറിഞ്ഞു. കല്ല് കൃത്യമായി അയാളുടെ തലയില്‍ കൊണ്ടു. ഇത്തവണ പണിക്കാരന് തലയുയര്‍ത്തി മുകളിലേക്ക് നോക്കി. മുകളിലത്തെ നിലയില്‍നിന്ന് തന്നെ വിളിക്കുന്ന സൂപ്പര്‍വൈസറെ കണ്ടു, സംസാരിച്ചു.
ഈ കഥ നമ്മുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നുചേരുമ്പോള്‍ നമ്മള് ഈശ്വരനെ ഓര്‍ക്കാറില്ല. ദുഃഖം വരുമ്പോഴാണ് ഈശ്വരനെ ഓര്‍ക്കുന്നത്. പലപ്പോഴും അവിടുന്ന് നമുക്ക് നിരവധി ചെറുതും വലുതുമായ സമ്മാനങ്ങളും അനുഗ്രഹങ്ങളും നല്‍കാറുണ്ട്. അവയെല്ലാം നമ്മള് സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു. എന്നാല്‍ ഇതൊക്കെ തരുന്ന ഈശ്വരനെ നമ്മള് ഓര്‍ക്കാറില്ല. അവയെല്ലാം നമ്മുടെ ഭാഗ്യം കൊണ്ടോ പ്രയത്നംകൊണ്ടോ ആണെന്നു നമ്മള് വിശ്വസിക്കുന്നു. പ്രശ്നങ്ങളാകുന്ന കല്ലുകള്‍ നമ്മുടെ നേര്‍ക്കു വരുമ്പോള്‍ മാത്രമാണ് നമ്മള് ഈശ്വരനെ ഓര്‍ക്കുന്നത്. പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ഈശ്വരനെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുകയല്ല വേണ്ടത്. സുഖത്തിലും സമ്പത്തിലും അവിടുത്തെ നന്ദിപൂര്‍വ്വം സ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം.
അമൃതപുരി ആശ്രമത്തില്‍ എന്നും രാവിലെയും സന്ധ്യയ്ക്കും ആശ്രമ അന്തേവാസികള്‍ അര്‍ച്ചനയും ഭജനയും ആരംഭിക്കുന്നതിനുമുമ്പുതന്നെ, അവിടെയുള്ള കിളികള്‍ മരക്കൊമ്പുകളിലിരുന്ന് അവരുടേതായ ഭാഷയില്‍ ഈശ്വരസ്തുതികള്‍ ആലപിക്കുക പതിവാണ്. എല്ലാ ദിവസവും കുറച്ചു നേരം അവരുടെ ഈ പ്രാര്‍ത്ഥനാഗീതം അമ്മ കേള്‍ക്കാറുണ്ട്. രാവിലത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം അവര്‍ ഇര തേടിപ്പോകുന്നു. ഇര തേടിപ്പോകുന്ന പക്ഷി ഒരിക്കലും അതിന്റെ കൂടു മറക്കില്ല. അതുപോലെ ലോകത്തില്‍ നമ്മുടെ കടമകള്‍ നിര്‍വഹിക്കുമ്പോഴും, നമ്മള് ഒരിക്കലും ഈശ്വരനെ മറക്കരുത്.
ഏതു കര്‍മ്മത്തിലും ഈശ്വരസ്മരണ പുലര്‍ത്താന്‍ നമുക്കു കഴിയണം. നമ്മള് ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ അസുഖമായി ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ചിന്ത ആ ബന്ധുവില്‍ തങ്ങി നില്ക്കും. കര്‍മങ്ങളുടെ നടുവിലും ഒരു അന്തര്‍ധാരപോലെ ആ ഓര്മ തുടരും. ഇതുപോലെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ഈശ്വരനായിരിക്കണം. അപ്പോള്‍ ഏതു കര്‍മം ചെയ്താലും ലോകകാര്യങ്ങളില്‍ വ്യാപൃതനായിരുന്നാലും നമ്മുടെ ശ്രദ്ധ ഈശ്വരനില്‍ത്തന്നെയായിരിക്കും. അതുതന്നെ ശരിയായ ഭക്തി.
ജീവിതത്തില്‍ ഏതുകാര്യവും പൂര്‍ണ്ണമാകണമെങ്കില്‍ ഈശ്വരകൃപ വേണം. ”ഞാനൊന്നുമല്ല എല്ലാം അവിടുന്നാണ്. ഞാന്‍ അവിടുത്തെ കൈകളില്‍ ഒരു ഉപകരണം മാത്രം” എന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം. ഓരോ നിമിഷവും നമ്മളെ മുന്നോട്ടു നയിക്കുന്നതു് ഈശ്വരന്റെ ശക്തിയാണു് എന്നറിയുമ്പോള്‍ എളിമ താനെ വരും. ഓരോ ചുവടിലും ഈശ്വരസ്മരണ നമ്മളില്‍ ഉണരും. ഈ ഭാവത്തോടു കൂടിയുള്ള പ്രയത്നമാണു് ആവശ്യം. അപ്പോള്‍ അവിടുത്തെ കൃപ നമ്മളിലേക്കു് ഒഴുകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: