ശ്രീദേവി.എസ്.കെ
വൈക്കം മധുവിന്റെ ലേഖനസമാഹാരമാണ് ‘ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ’ എന്ന പുസ്തകം. പല കാലങ്ങളിലായി എഴുതിയവയാണിവ. ചിതറിയ ഓര്‍മ്മകള്‍ തടുത്തു കൂട്ടിയപ്പോള്‍ കിട്ടിയ ചില വ്യത്യസ്ത വിഷയങ്ങള്‍ ലേഖനത്തിന്റെ പ്രമേയങ്ങളായിട്ടുണ്ട്. തികഞ്ഞ നിരീക്ഷണ ബുദ്ധിയും സൂക്ഷ്മാപഗ്രഥനവും നര്‍മ്മബോധവും തെളിമയുള്ള ഭാഷാപ്രയോഗങ്ങളും ഈ ലേഖനങ്ങളില്‍ കാണാനാവും.
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശമായിരുന്ന ബസ്തര്‍ ഭരിച്ചിരുന്ന കാകതീയ രാജവംശത്തില്‍പ്പെട്ട ആദിവാസി ക്ഷേമതല്പരനായ രാജാവ് പ്രവീണ്‍ ചന്ദ്ര ഭഞ്ച് ദേവിനെ 1966 മാര്‍ച്ച് 25ന് അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വച്ചുതന്നെ ജനാധിപത്യ ഇന്ത്യയുടെ വലിയൊരു പോലീസ് സംഘം തുരുതുരാ വെടിവെച്ചു വീഴ്ത്തി രാത്രിയില്‍ ഇന്ദ്രാവതി നദിയില്‍ തള്ളി. കാരണം പ്രവീണ്‍ രാജാവും ആദിവാസികളും തമ്മിലുള്ള ഉറ്റബന്ധം അന്നത്തെ മധ്യപ്രദേശ് സര്‍ക്കാരിനും കേന്ദ്ര ഭരണകൂടത്തിനും ഒട്ടും രസിച്ചിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ലക്ഷ്യത്തിന് രാജാവ് തടസ്സമാകുമെന്ന് കണക്കുകൂട്ടി അവര്‍ പല കേസുകളില്‍ കുടുക്കി വിവിധ വകുപ്പുകള്‍ ചുമത്തി രാജാവിനെ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് ജയിലിലടച്ചു. എങ്കിലും രാജാവിനെ ആദിവാസികളില്‍ നിന്നകറ്റാനുള്ള സര്‍വ്വ തന്ത്രങ്ങളും പരാജയപ്പെട്ടു. ആദിവാസികളെ വനമേഖലയില്‍ നിന്ന് പുറത്താക്കി ഫോറസ്റ്റുകാരും പോലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വനസമ്പത്ത് കൊള്ളയടിക്കാന്‍ തുടങ്ങി. ആദിവാസി ജീവിതം ദുസ്സഹമായപ്പോള്‍ അവര്‍ സംഘടിച്ച് കലാപമുണ്ടാക്കി. തുടര്‍ന്നുള്ള ഭരണത്തില്‍ മുതലാളിത്ത ശക്തികള്‍ ചൂഷണത്തിനായി വനങ്ങളിലേക്ക് നീങ്ങി. ബസ്തറില്‍ നിന്ന് ജപ്പാനിലേക്ക് ഇരുമ്പയിര് കയറ്റുമതി തുടങ്ങി. ആദിവാസികള്‍ക്ക് തൊഴിലോ ഭൂമിയോ നല്കാന് അധികൃതര്‍ തയ്യാറായില്ല. ഇതിനെ ശക്തമായി എതിര്‍ത്ത പ്രവീണ്‍ ചന്ദ്ര മഹാരാജാവ് തങ്ങളുടെ താല്പര്യങ്ങള്ക്ക് തടസ്സമാകുമെന്ന് ഭയന്ന രാഷ്ട്രീയനേതാക്കള്‍ രാജാവിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു 20 പേര്‍ക്ക് പരിക്കുപറ്റി. ഈ കൂട്ടക്കൊലയെക്കുറിച്ച് അന്തരിച്ച എ.ബി. വാജ്പേയ് പാര്‍ലമെന്റില്‍ അന്ന് നടത്തിയ പ്രസ്താവനയെ ഇക്കണോമിക്സ് ടൈംസില്‍ അവിനാശ് സെലസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. ഈ സംഭവമാണ് ‘ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ’ എന്ന അദ്ധ്യായത്തില്‍ വിവരിക്കുന്നത്.
സ്വാതന്ത്ര്യത്തിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി ജീവിതങ്ങള്‍ക്ക് ദുരിതങ്ങളുടെ കഥയേ പറയാനുള്ളൂ. സമൂഹത്തിലെ അശരണ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ പടവെട്ടി നേടിയെടുക്കേണ്ട അവസ്ഥയാണ് അന്നും ഇന്നും. ‘വെളിച്ചെണ്ണയില്‍ വറുത്തെടുത്ത വിപ്ലവം’ എന്ന ലേഖനത്തിലും തെക്കന്‍ ശാന്തസമുദ്രത്തിലെ ആരും കേട്ടിട്ടില്ലാത്ത ഒരു ഗോത്ര സമൂഹത്തിന്റെ പത്താണ്ട് നീണ്ട ചെറുത്തുനില്‍പ്പിന്റെ സമരകഥയാണ് പ്രതിപാദിക്കുന്നത്.
‘മറക്കുവതെങ്ങിനെ എന്റെ വിസിയെ’ എന്ന അധ്യായത്തില്‍ എഴുത്തുകാരന് തന്റെ ബാല്യകാലം ഓര്‍ത്തെടുക്കുകയാണ്. പണ്ടത്തെ ‘ഓപ്പണ്‍ യൂണിവേഴ്സിറ്റി’ എന്നാണ് ആശാന് പള്ളിക്കൂടത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. പനയോലയിലെ അക്ഷരങ്ങളുടെ ‘അപ്ലോഡിങ് പ്രോസസ്സും’ കാലമെടുത്തു പോയ പഴയ ആശാന് കളരിയും നാരായത്തുമ്പില്‍ നിന്ന് ഉതിര്‍ന്നുവീണ അക്ഷരങ്ങളും ആശാന് എന്ന വൈസ് ചാന്‍സലറുടെ ഉണങ്ങിയ മുഖവും, കാലത്തിന്റെ ചുളി വീണ ചിത്രശേഖരത്തില്‍ ഇന്നും ഗ്രന്ഥകര്‍ത്താവ് കൊണ്ടുനടക്കുന്നു.
സാംക്രമിക രോഗങ്ങളുടെ ദേവതകളെ പ്രതിപാദിക്കുന്ന ലേഖനമാണ് ‘നമുക്കു വണങ്ങാന്‍ കോവിഡമ്മ.’ സമൂഹം എത്രയേറെ വളര്‍ന്നു വികസിച്ചാലും സ്ത്രീ പുരുഷ സമത്വം എന്നത് തികച്ചും അപ്രാപ്യമായ ഇക്കാലത്ത് സമസ്തമേഖലയിലും പുരുഷാധിപത്യ ഭീകരത കള്‍ മുഴങ്ങുന്ന അഫ്ഗാനിസ്ഥാനിലെ ഒരേയൊരു ടാക്സി ഡ്രൈവറായ സാറാ ബഹായിയെപ്പറ്റിയാണ് താലിബാന് നാട്ടിലെ പെണ്‍വണ്ടി എന്ന ലേഖനം.
വനിത മന്ത്രിമാരും എംപിമാരും ഉള്ള നാടാണെങ്കിലും സ്ത്രീകള്‍ക്ക് കൂച്ചു വിലങ്ങുകളുള്ള ആ നാട്ടില്‍ നിന്ന് പുരുഷ ഡ്രൈവര്‍മാര്‍ ഓട്ടം പോകാന്‍ മടിക്കുന്ന താലിബാന് കേന്ദ്രത്തിലേക്കും സാറയുടെ വണ്ടി ഓടിയിട്ടുണ്ട്. ഒരു നാടന്‍ തോക്കില്‍ തിരകള്‍ നിറച്ചു രാത്രിമുഴുവന്‍ വീടിന്റെ മട്ടുപ്പാവില്‍ കാവലാളാകുന്ന സാറാ ബഹായി വിലക്കുകള്‍ക്കുള്ളില്‍ പിടയുന്ന പെണ്‍ഹൃദയങ്ങള്‍ക്ക് ഒരു പ്രചോദനമാണ്.
ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് ഗ്രീക്കിന്റെ തലസ്ഥാനമായ ഏതന്‍സ് വരെയുള്ള വിമാനയാത്രയെപ്പറ്റിയുള്ള ഹാസ്യാത്മകമായ അവതരണമാണ് ‘ഏതന്‍സ് ലേക്ക് ഒരു ജമ്പ് സീറ്റ്’ എന്ന അധ്യായത്തില്‍ പറയുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ സ്റ്റാഫ് ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബുക്ക് ചെയ്തു ഏതന്സിലെക്ക് നടത്തിയ വിമാന യാത്രയാണ് പശ്ചാത്തലം. നര്‍മ്മബോധം തിടംവച്ചുനില്‍ക്കുന്നു ഈ ലേഖനത്തില്‍.
കൊളംബിയന്‍ നോവലിസ്റ്റും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളുമായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വെസ്, ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ എന്ന ഗ്രന്ഥമെഴുതിയ കാലത്തെ ജീവിതം വിശദീകരിക്കുന്നു, ഒരു ലേഖനത്തില്‍. അക്കാലത്ത് മുഴുപ്പാപ്പരായിരുന്ന മാര്‍ക്വെസ് ഭാര്യയുടെ ഹെയര്‍ ഡ്രയറും ഹീറ്ററും പണയപ്പെടുത്തിയാണ് അര്‍ജന്റീനയിലെ പ്രസാധകര്‍ക്ക് ബുക്കിന്റെ കയ്യെഴുത്തുപ്രതി അയച്ചു കൊടുത്തത്. 300 ലക്ഷം കോപ്പികള്‍ വില്ക്കപ്പെട്ട ഈ ഗ്രന്ഥം പുറത്തിറങ്ങിയത് 1967-ലാണ്. ആദ്യപതിപ്പ് 8000 കോപ്പിയാണ് അച്ചടിച്ചത്. മാര്‍ക്വേസ് അപ്പോഴേക്കും ലോക പ്രശസ്തനായിരുന്നു.
ജീവനുള്ളതിനു മാത്രമല്ല ഭാഷകള്‍ക്കുമുണ്ട് ലിംഗവ്യത്യാസം എന്ന് ഉദാഹരണ സഹിതം വിവരിക്കുന്നു ‘സ്റ്റൗദാമിനി’ എന്ന ലേഖനത്തില്‍. പുതുമയുള്ള ആശയങ്ങളും ഹൃദ്യമായ അവതരണശൈലിയും നര്‍മ്മബോധവും ഈ ലേഖന സമാഹാരത്തെ വ്യത്യസ്തമാക്കുന്നു. ക്രിയാത്മകതയും സര്‍ഗ്ഗാത്മകതയും സമ്മേളിക്കുന്ന ഈ ലേഖനങ്ങള്‍ വിജ്ഞാ നത്തോടൊപ്പം വിനോദവും സമ്മാനിച്ച് വായനയുടെ ലോകത്തു നവീനകാന്തി പരത്തുമെന്നതില്‍ തര്‍ക്കമില്ല . കോട്ടയം ലിവിങ് ലീഫ് പബ്ലിഷേഴ്സ് ആണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: