- നീണ്ട വര്‍ഷം സൈനിക ക്ഷേമ വകുപ്പില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ച താങ്കളുടെ പിന്നിലെ പ്രേരക ശക്തി എന്തായിരുന്നു?
ഞാന്‍ സൈന്യത്തില്‍ ഒരു ആഫീസര്‍ പദവി കാംക്ഷിച്ച വ്യക്തിയാണ്. പക്ഷേ അതു ലഭിച്ചില്ല. ലഭിച്ച ജോലി എംപ്ലോയ്മെന്റ് വകുപ്പിലാണ്. 1983ല്‍ കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സേവനമനുഷ്ഠിക്കുന്നകാലം. തിരുവനന്തപുരത്തേക്ക് ഒരു സ്ഥലം മാറ്റത്തിന് ശ്രമിച്ചിട്ട് അതു ലഭിക്കുന്നില്ലാ. തന്റെ ജൂനിയറായ പലര്‍ക്കും രാഷ്ട്രീയ സ്വാധീനത്താല്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. അങ്ങനെയിരിക്കെ പ്രതിരോധ മന്ത്രാലയം ജില്ലാ സൈനികക്ഷേമ ആഫീസുകളെ മിനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറ്റാനും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലും വിമുക്ത ഭടന്മാര്ക്കുള്ള ഒഴിവുകള്‍ സൈനികക്ഷേമ വകുപ്പുമുഖേന നികത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. സംസ്ഥാന സൈനിക ക്ഷേമവകുപ്പിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ വികാസ്ഭവനില്‍ ഒരു എംപ്ലോയ്മെന്റ് ആഫീസര്‍ തസ്തിക ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സൃഷ്ടിക്കപ്പെടുന്നു. സ്തുത്യര്‍ഹമായ രീതിയില്‍ സംസ്ഥാന സൈനിക ക്ഷേമ വകുപ്പിനെ നവീകരിച്ച് പുനസംഘടിപ്പിച്ച കേണല്‍ ശ്രീഹര്ഷനായിരുന്നു അന്നത്തെ ഡയറക്ടര്‍. അദ്ദേഹം എംപ്ലോയ്മെന്റ് വകുപ്പില്‍നിന്നും ഒരു പാനല്‍ വരുത്തി ഇന്റര്‍വ്യൂ നടത്തി അനുയോജ്യനായ ഒരാളെ എംപ്ലോയ്മെന്റ് ആഫീസറായി നിയമിക്കുന്നു. ഭാഗ്യംകൊണ്ട് അത് ഞാനായിരുന്നു.
- സേവനമധ്യേ മരണമടയുന്ന സൈനികരുടേയും അതീവഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് പിരിച്ചയക്കപ്പെടുന്ന സൈനികരുടെയും ആശ്രിതര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ ജോലി നല്കുന്ന മഹത്തായ പദ്ധതിയുടെ ഉപജ്ഞാതാവ് താങ്കളാണെന്ന് താങ്കള്‍ വിരമിച്ച സമയത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ ക്ഷേമപദ്ധതിയുടെ സാഹചര്യം എന്തായിരുന്നു ?
സൈനിക സേവനത്തിനിടെ മരണപ്പെടുന്നവരുടെയും ഗുരുതരമായ പരിക്കേറ്റ് സേവനം തുടരാന്‍ കഴിയാതെ പിരിച്ചയയ്ക്കപ്പെടുന്നവരുടെയും രണ്ട് ആശ്രിതര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള പ്രിയോറിട്ടി-11 എ രജിസ്ട്രേഷന് അര്‍ഹതയുണ്ടായിരുന്നു. അതനുസരിച്ച് പ്രതിരോധ വകുപ്പിനു കീഴിലുള്ള പുനരധിവാസ ഡയറക്ടര്‍ ജനറല്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രിയോറിട്ടി കകഎ രജിസ്ട്രേഷന് അയച്ചുകൊടുക്കും. എന്നാല്‍ പ്രിയോറിട്ടി കക എ ഒഴിവുകള്‍ പുനരധിവാസ ഡയറക്ടര്‍ ജനറല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിച്ചാല്‍ മാത്രമേ ഇവരെ ഒഴിവുകളിലക്കു സ്പോണ്സര് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇങ്ങനെയുള്ള ഒഴിവുകള്‍ പ്രയേണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ടു ചെയ്യാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ 25 വയസ്സു പൂര്‍ത്തിയാക്കുമ്പോള്‍ പ്രായപരിധി കഴിഞ്ഞ് അയോഗ്യരായി മാറും. ഇവരുടെ പരാതികള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ ഇവരെ എങ്ങനെ സഹായിക്കാമെന്ന് ഡയറക്ടര്‍ കേണല്‍ ശ്രീ ഹര്ഷന് എന്നോട് ആരാഞ്ഞു. ഇക്കൂട്ടര്‍ക്ക് സംസ്ഥാന സര്‍വീസില്‍ നേരിട്ടു ജോലി നല്‍കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. ഈ വിഷയത്തില്‍ ഒരു പ്രപ്പോസല്‍ തയ്യാറാക്കി കൊടുക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാനത് തയ്യാറാക്കി ക്കൊടുത്തു. വിമുക്തഭട ക്ഷേമപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അമേല്ഗമേറ്റഡ് ഫണ്ടിന്റെ ചെയര്മാന് ഗവര്‍ണറും രാജ്യസൈനിക ബോര്‍ഡിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിയുമാണ്. അന്നത്തെ ഗവര്‍ണര്‍ പി.രാമചന്ദ്രനും മുഖ്യമന്ത്രി കെ.കരുണാകരനുമായിരുന്നു. ഇവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഡയറക്ടര്‍ കേണല്‍ ശ്രീഹര്ഷന് രണ്ടുപേരെയും കണ്ട് പ്രപ്പോസല്‍ നല്കി വിശദമായി സംസാരിച്ചു. ഏതിനും ഇതുസംബന്ധിച്ച് അടിയന്തരമായിത്തന്നെ ഒരു പ്രോപ്പോസല്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണ (സൈനിക ക്ഷേമ) വകുപ്പിനു നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആ പ്രൊപ്പോസലും ഞാന്‍ തന്നെ തയ്യാറാക്കി കൊടുത്തു. ഫയല്‍ നീങ്ങി. അന്നത്തെ ധനകാര്യമന്ത്രി കെ.എം.മാണിയെ വിളിച്ചു മുഖ്യമന്ത്രി കരുണാകരന് ശുപാര്‍ശ ചെയ്തു. ധനമന്ത്രി അംഗീകരിച്ചതിനുശേഷം ക്യാബിനറ്റിന്റെ അംഗീകാരവും കിട്ടി. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
- ഈ ആശ്രിത നിയമന പദ്ധതി ഇപ്പോഴും നിലവിലുണ്ടോ?
തുടക്കത്തില്‍ ഒരു വര്‍ഷം ശരാശരി 100 പേര്‍ക്കു മേല്‍ ഇപ്രകാരം നിയമനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതുകാരണം 1990 ല്‍ നായനാര്‍ മുഖ്യമന്ത്രിയായ സമയത്ത് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. അതനുസരിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഫീല്‍ഡ് ഏര്യായില്‍ വച്ചുണ്ടാകുന്ന മരണങ്ങള്ക്കുമാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തി. പിണറായി സര്‍ക്കാര്‍ ഈ ആനുകൂല്യം അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് കൂടി നല്‍കിക്കൊണ്ട് വിപുലീകരിച്ചിട്ടുണ്ട്.
- രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പെന്ഷന് പദ്ധതി നടപ്പാക്കിയതില്‍ താങ്കളുടെ പരിശ്രമം എന്തായിരുന്നു?
1994-ല്‍ സംസ്ഥാനത്തെ വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും സെന്‍സസ് എടുക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. അപ്രകാരം എടുത്ത സെന്‍സസില്‍ സംസ്ഥാനത്ത് 1000 ഓളം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ഹ്രസ്വകാലം മാത്രം സേവനമനുഷ്ഠിച്ച് യാതൊരു ആനുകൂല്യവും കൂടാതെ പിരിച്ചയയ്ക്കപ്പെട്ട വന്ദ്യവയോധികരായ വിമുക്ത സൈനികരുമുണ്ടായിരുന്നു. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഒരു ചെറിയ തുക പെന്‍ഷനായി കൊടുക്കണമെന്ന ശുപാര്‍ശ രണ്ടുപ്രാവശ്യം എ.കെ.ആന്റണി മുഖ്യമന്ത്രി ചെയര്‍മാനായ രാജ്യസൈനിക ബോര്‍ഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അത് പരിഗണിച്ചില്ല. 1996 ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ വിഷയം വീണ്ടും അജണ്ടയില്‍ ഉള്‍പ്പെടുത്തി. അന്നൊക്കെ രാജ്യസൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാക കമ്മിറ്റിയുടെയും അജണ്ടയും മിനിട്ട്സും തയ്യാറാക്കുന്ന ചുമതല എനിക്കായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് പെന്ഷന് നല്‍കാനുള്ള ശുപാര്‍ശ ബോര്‍ഡ് യോഗത്തില്‍ വച്ചിട്ടുണ്ടെന്നും വൈകിട്ട് മൂന്നു മണിക്കാണ് യോഗമെന്നും അതിനാല്‍ രാവിലെ തന്നെ വന്ന് മുഖ്യമന്ത്രിയെ കണ്ട് ശുപാര്‍ശ ചെയ്യണമെന്നും ഞാന്‍ ടെലിഫോണിലൂടെ കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ്, എക്സ് സര്‍വീസ്മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ്സ് എന്നീ സംഘടനാ ഭാരവാഹികളെ അറിയിച്ചു. അവര്‍ രാവിലെതന്നെ മുഖ്യമന്ത്രിയുടെ ആഫീസില്‍ എത്തി അദ്ദേഹത്തെ കണ്ട് എണ്ണത്തില്‍ കുറവുള്ള ഈ വന്ദ്യവയോധികര്‍ക്ക് പെന്ഷന് നല്‍കണമെന്ന് അപേക്ഷിച്ചു. അന്നത്തെ കേന്ദ്രീയ സൈനിക ബോര്‍ഡ് സെക്രട്ടറി ബ്രിഗേഡിയര്‍ ഭക്ഷിയായിരുന്നു. ബോര്‍ഡ് മീറ്റിംഗിനായി വന്ന അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച് ആഫീസ് കാറില്‍ കൊണ്ടുവന്നത് ഞാനായിരുന്നു. യാത്രക്കിടയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്ഷന് നല്‍കുന്നതിനുള്ള ഒരു പ്രപ്പോസല്‍ അജണ്ടയില്‍ ഉണ്ടെന്നും അത് അംഗീകരിപ്പിക്കാന്‍ ശ്രമിക്കണമെന്നും കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
വൈകിട്ട് മൂന്നു മണിക്ക് യോഗം നടന്നു. ബോര്‍ഡില്‍ വിമുക്ത ഭടന്മാരുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. അവരെയും ഞാന്‍ പ്രത്യേകം കണ്ട് വിവരം ധരിപ്പിച്ചിരുന്നു. ഏതിനും ഈ അജണ്ട യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നു. ആദ്യമൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ വിഭാഗത്തിന് പെന്ഷന് കൊടുക്കുന്ന കാര്യം മുഖ്യമന്ത്രി വിസമ്മതിച്ചെങ്കിലും കേന്ദ്രസൈനിക ബോര്‍ഡ് സെക്രട്ടറിയുടെയും വിമുക്തഭട പ്രതിനിധികളുടെയും നിര്‍ബ്ബന്ധത്തിനു വഴങ്ങി മുഖ്യമന്ത്രി നായനാര്‍ അതു സമ്മതിച്ചു. പ്രതിമാസം 300 രൂപ നിരക്കില്‍ പെന്ഷന് നല്‍കാമെന്ന് സമ്മതം മൂളി. ഉടന്‍തന്നെ ദൂരദര്‍ശന്റെ 5 ണി വാര്‍ത്തയിലേക്ക് അന്നത്തെ ന്യൂസ് എഡിറ്റര്‍ വി.എം. അഹമ്മദിനെ ഫോണില്‍ വിളിച്ച് ഞാന്‍ വിവരം പറഞ്ഞു. 5 മണിക്കു ദൂരദര്‍ശനില്‍ വാര്‍ത്ത വന്നു. പിറ്റെദിവസം തന്നെ യോഗമിനിട്ട്സ് തയ്യറാക്കി മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങിയിട്ട് യോഗത്തിന്റെ പ്രധാന തീരുമാനങ്ങള്‍ വച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പിന് പത്രകുറിപ്പും നല്കി. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാര് എണ്ണത്തില്‍ 100 നു താഴെയാണ്. അവരുടെ പെന്ഷന് ഇപ്പോള്‍ പ്രതിമാസം 5000 രൂപയാണ്. മരണപ്പെട്ടവരുടെ ഭാര്യമാര്‍ക്കും ഈ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്.
- വകുപ്പിലെ മീഡിയാ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് 1994 ല്‍ അന്നത്തെ കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി കേണല്‍ കെ.പി.സിംഗ്ദേവ് ആദരിച്ചതായി കേട്ടിട്ടുണ്ട്. ശരിയാണോ?
ശരിയാണ്. ദൂരദര്‍ശന്റെ ഉപഗ്രഹചാനല്‍ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദൂരദര്ശന് ആഡിറ്റോറിയത്തില്‍ കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി കേണല്‍ കെ.പി.സിംഗ്ദേവ് ‘ഇന്റര്‍മീഡിയ പബഌസിറ്റി കോ-ഓര്‍ഡിനേഷന്‍’ കമ്മിറ്റി അംഗങ്ങളുടെ ഒരു യോഗം വിളിച്ചുകൂട്ടി. സൈനികക്ഷേമ വകുപ്പിനെ പ്രതിനിധീകരിച്ച് ഞാന്‍ ആ കമ്മിറ്റിയില്‍ അംഗമായിരുന്നു. ഓരോ അംഗത്തോടും മന്ത്രി അവരവരുടെ വകുപ്പുകളിലെ മീഡിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ പറഞ്ഞു. ചോദ്യങ്ങള്‍ എനിക്കും കിട്ടി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ പ്രതിരോധ വകുപ്പിനെക്കുറിച്ചും യുദ്ധങ്ങളെക്കുറിച്ചും യുദ്ധസ്മാരകങ്ങളെക്കുറിച്ചും, മൊത്തത്തില്‍ സൈനികരെക്കുറിച്ചും ധാരാളം ചോദ്യങ്ങള്‍ മന്ത്രി എന്നോട് ചോദിച്ചു. എല്ലാത്തിനും വ്യക്തമായി ഞാന്‍ ഉത്തരം പറഞ്ഞു.
- മികച്ച സേവനങ്ങള്‍ക്ക് താങ്കള്‍ക്ക് കേരള സര്‍ക്കാരില്‍ നിന്നും അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ?
ഉണ്ട്. സൈനികക്ഷേമ വകുപ്പില്‍ അര്‍പ്പിച്ച മികച്ച സേവനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്ന് ഗുഡ് സര്‍വീസ് എന്‍ട്രികളും ഒരു ക്യാഷ് അവര്‍ഡും ലഭിച്ചു.
- വിവിധ യുദ്ധങ്ങളില്‍ ഉന്നത ധീരതാ പുരസ്കാരങ്ങള്‍ നേടിയ മലയാളി സൈനികരെക്കുറിച്ച് താങ്കള്‍ എഴുതി കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒരു കൃതിയുണ്ടല്ലോ? മുഖ്യമന്ത്രി അച്യുതാനന്ദന് പ്രകാശനം ചെയ്തത്. ആ ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. അതിനെക്കുറിച്ച് പറയാമോ?
‘ധീരതയുടെ ഇതിഹാസം രചിച്ച മലയാളി യോദ്ധാക്കള്‍’ ആണ് ആ പുസ്തകം. എന്റെ ഒരു റിസര്‍ച്ച് വര്‍ക്കാണത്. 1947-48 ലെ കാശ്മീര്‍ ഓപ്പറേഷന് മുതല്‍ 1999 ലെ കാര്‍ഗില്‍ വരെയുള്ള വിവിധ യുദ്ധങ്ങളില്‍ പങ്കെടുത്ത് ധീരതയുടെ ഉത്തുംഗ പുരസ്ക്കാരങ്ങളായ വീരചക്രം, മഹാവീരചക്രം ബഹുമതി ജേതാക്കളായ മലയാളികളെക്കുറിച്ചുള്ള പുസ്തകം. കരസേനയുടെ 58 റജിമെന്റല്‍ സെന്ററുകളുമായും റെക്കോര്‍ഡ് ഓഫീസുകളുമായും നാവിക-വേ്യമസേനകളുടെ ആസ്ഥാനങ്ങളുമായും നിരന്തരമായി ബന്ധപ്പെട്ടും ജീവിച്ചിരിക്കുന്ന സൈനികരോടും മരണപ്പെട്ടവരുടെ ആശ്രിതരുമായും നിരന്തരം ബന്ധപ്പെട്ടും വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ യുദ്ധവൈജ്ഞാനിക ഗ്രന്ഥം – 48 വീരചക്രജേതാക്കളും 2 മഹാവീരചക്രജേതാക്കളും അതിലുണ്ട്.
- സൈനിക ക്ഷേമത്തെ സംബന്ധിച്ച് പുതിയ പുസ്തകങ്ങള്‍ വല്ലതും പ്രസിദ്ധീകരിക്കാന്‍ പരിപാടിയുണ്ടോ?
ഉണ്ട്. വിവിധ യുദ്ധങ്ങളില്‍ പങ്കെടുത്ത് അസാമാന്യ ധീരതയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ പരമ വീരചക്രം ബഹുമതികള്‍ ലഭിച്ച ഇന്ത്യന്‍ സൈനികരെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണപ്പോള്. ഈ ബഹുമതി ലഭിച്ച 21 പേരുണ്ട്. കൂടാതെ ആഭ്യന്തരകലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും പ്രക്യതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അസാമാന്യ ധീരത പ്രകടിപ്പിച്ചവര്‍ക്ക് നല്കുന്ന ഉത്തുംഗ പുരസ്കാരങ്ങളായ ശൗര്യചക്ര, കീര്‍ത്തിചക്ര, അശോകചക്ര എന്നിവ നേടിയ മലയാളികളെക്കുറിച്ച് മറ്റൊരു പുസ്തകവും. ഇതിനായുള്ള വിവരശേഖരണത്തിലാണിപ്പോള്.
- വിമുക്തഭട ക്ഷേമപുനരധിവാസ കോര്പ്പറേഷന് രൂപീകരിക്കുന്നതില്‍ താങ്കളുടെ പങ്ക് എന്തായിരുന്നു?
നിയമ ബിരുദധാരിയായ ഞാന്‍ ആ ക്ഷേമ കോര്‍പ്പറേഷന്റെ മെമ്മോറാണ്ഡം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കുന്നതിലും അതിനെ കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്യുന്നതിനും മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1995 ലായിരുന്നു അതെന്നാണ് എന്റെ ഓര്‍മ്മ. അന്ന് എ.കെ.ആന്റണി ആയിരുന്നു മുഖ്യമന്ത്രി.
- സര്‍ക്കാരിലേക്കയച്ച പ്രധാന പ്രപ്പോസലുകള്‍ വല്ലതും സര്‍ക്കാര്‍ നിരസിച്ചിട്ടുള്ളതായി പറയാമോ?
= രണ്ട് പ്രധാന പ്രപ്പോസലുകള്‍ സര്‍ക്കാര്‍ നിരസിച്ചിട്ടുണ്ട്. രണ്ടും എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. ഒന്ന് രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വന്ദ്യവയോധികര്‍ക്ക് പെന്ഷന് കൊടുക്കുന്ന നിര്‍ദ്ദേശം. രണ്ട് കമാന്റോ ട്രയിനിങ് നേടിയിട്ടുള്ള 40 വയസ്സിന് താഴെയുള്ള വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് രൂപീകരിക്കണമെന്ന പ്രതിരോധ പുനരധിവാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഇവ രണ്ടും രാജ്യസൈനിക ബോര്‍ഡിന്റെ പരിഗണനയ്ക്ക് അജണ്ടയില്‍ വച്ചിരുന്നു. ഇവ രണ്ടും മുഖ്യമന്ത്രിയായിരുന്ന ബോര്‍ഡ് പ്രസിഡന്റ് എ.കെ.ആന്റണി നിരസിക്കുകയാണുണ്ടായത്. കമാന്റോ ട്രയിനിങ് ലഭിച്ച മലയാളികളുടെ ലിസ്റ്റ് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് ചോദിച്ചതനുസരിച്ച് അവര്‍ക്ക് നല്കി. തമിഴ്നാട് റാപ്പിഡ് ആക്ഷന്‍ ഫോഴ്സില്‍ അവര്‍ക്ക് നിയമനവും കിട്ടി. ഈ വിഷയത്തില്‍ ‘മലയാളിക്ക് വേണ്ടാത്തത് തമിഴന് പ്രിയങ്കരം’ എന്ന തലക്കെട്ടില്‍ ഒരു വിമുക്തഭട സംഘടന അന്ന് പത്രക്കുറിപ്പും എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: