തിരുവനന്തപുരം: പൊന്മുടിയിലെ അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസത്തിന് കെഎസ്ഇബി പാട്ടത്തിന് നല്കിയ 21 ഏക്കര്‍ ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ് എം.എം.മണിയുടെ മരുമകന് വി.എ. കുഞ്ഞുമോനും ഉദ്യോഗസ്ഥ സംഘവും.
കുഞ്ഞുമോന് പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണബാങ്കിന് ഹൈഡല്‍ ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോര്‍ഡ് ഭൂമി അനുവദിച്ചത് എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ഭൂമിയില്‍ റവന്യൂ ഭൂമി ഉള്‍പ്പെട്ടിരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്.
നേരത്തെ പൊന്മുടി അണക്കെട്ട് പ്രദേശത്തെ 21 ഏക്കര്‍ ടൂറിസം പദ്ധതിക്കായി പാട്ടത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ മരുമകന് വി.എ.കുഞ്ഞുമോന് കേരള ഹൈഡല്‍ ടൂറിസം സെന്ററിന് അപേക്ഷ നല്‍കിയിരുന്നതായും പറയുന്നു.മന്ത്രി മണി 2019 ഫിബ്രവരി ആറിന് വിളിച്ചുചേര്‍ത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗത്തിലാണ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനച്ചതെന്ന് വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവിലുണ്ട്. 15 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഈ ഭൂമി കൈമാറിയത്.
ശനിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍വ്വേ നടത്താന്‍ റവന്യൂ സംഘമെത്തിയത്. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം ഹെഡ് സര്‍വ്വേയര്‍ പി.എസ്. ജയചന്ദ്രന്‍നായര്‍, സര്‍വ്വേയര്‍മാരായ സുരേഷ്, അജിത് എന്നിവരാണ് സര്വ്വേയ്ക്കെത്തിയത്. എന്നാല്‍ കെഎസ്ഇബി അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സര്‍വ്വേ അനുവദിക്കൂ എന്ന വാദത്തില്‍ മണിയുടെ മരുമകന് ഉറച്ചുനിന്നു. ഇതേ തുടര്‍ന്ന് സര്‍വ്വേ സംഘം ഉടുമ്പഞ്ചോല തഹസില്‍ദാരെ വിവരമറിയിച്ച് സര്‍വ്വേ നടത്താതെ മടങ്ങി. ‘റവന്യുവകുപ്പ് സര്‍വ്വേയുമായി മുന്നോട്ട് പോകും. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് കൂടി നോട്ടീസ് നല്കിയ ശേഷം സര്‍വ്വേ നടത്തും,’- റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: