ന്യൂദല്‍ഹി: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സ്ഫോടനം നടത്താനുദ്ദേശിച്ച് ദല്‍ഹിയിലെ ഗാസിപൂര്‍ പൂ മാര്‍ക്കറ്റില്‍ എത്തിച്ച സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനുദ്ദേശിച്ച ബൈക്ക് ശനിയാഴ്ച ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ കണ്ടെടുത്തു. ദില്‍ഷാദ് ഗാര്ഡന് മെട്രോ സ്റ്റേഷനില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്.
ബൈക്കിരുന്ന സ്ഥലം സീമാപൂരിനടുത്താണ്. ഇവിടെത്തന്നെയാണ് ഗാസിപൂരിലെ പൂ മാര്‍ക്കറ്റില്‍ നിന്നും ജനവരി 17ന് കണ്ടെടുത്ത ഐഇഡിയെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ റെയ്ഡില്‍ ഒരു വീട്ടില്‍ നിന്നും 2.5 കിലോഗ്രാം മുതല്‍ 3 കിലോഗ്രാം വരെ ഭാരമുള്ള ഐഇഡി കണ്ടെടുത്തത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.അതോടെ റിപ്പബ്ലിക് ദിനത്തിലെ സ്ഫോടനവും ഇക്കഴിഞ്ഞ ദിവസത്തെ സ്ഫോടനവും നടത്താന്‍ പ്രവര്‍ത്തിക്കുന്നത് ഒരേ സംഘമാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
സീമാപൂരില്‍ കണ്ടെത്തിയ ബൈക്ക് 2020ല്‍ മോഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു. പ്രതികള്‍ക്ക് സീമാപൂരിനടത്തുള്ള പ്രദേശവാസികളില്‍ നിന്നും ഇതിനായി സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഗാസിപൂരില്‍ നിന്നും ജനവരി 17 പിടിച്ചെടുത്ത ഐഇഡിയും സീമാപൂരില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്ത ഐഇഡിയും തമ്മില്‍ സാമ്യമുണ്ടെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പ്രസ്താവിച്ചിരുന്നു. ഇതോടെയാണ് രണ്ട് സ്ഫോടക വസ്തുക്കള്‍ക്കും പിന്നില്‍ ഒരേ കരങ്ങളാണോ എന്ന കാര്യം അന്വേഷിക്കുന്നത്. നിയന്ത്രിത സ്ഫോടകവസ്തുക്കളിലെ(ഐഇഡി) സാമ്യം കാരണം മറ്റ് പ്രതികളിലേക്ക് നീങ്ങാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്.
സീമാപൂരില്‍ നിന്നും വ്യാഴാഴ്ച പിടിച്ചെടുത്ത 2.5 കിലോഗ്രാം മുതല്‍ 3 കിലോഗ്രാം വരെ തൂക്കമുള്ള നിയന്ത്രിത സ്ഫോടക വസ്തുവില്‍ (ഐഇഡി) ഒരു ടൈമറും അതിനൊപ്പം അമോണിയം നൈട്രേറ്റും ആര്‍ഡിഎക്സും ഉണ്ടായിരുന്നതായി ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ് ജി) അറിയിച്ചിരുന്നു. എന്‍എസ്ജിയുടെ ബോംബ് നിര്‍വീര്യമാക്കുന്ന സ്ക്വാഡാണ് പിന്നീട് ഈ ഐഇഡി ഉപയോഗശൂന്യമാക്കിയത്. എന്തായാലും തലസ്ഥാന നഗരിയില്‍ ഒരു ബോംബ് സ്ഫോടനത്തിന് തീവ്രവാദികള്‍ അരങ്ങൊരുക്കുന്നു എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: