ഓയൂര്‍: മീയ്യണ്ണൂര്‍-നെടുമണ്‍കാവ് റോഡില്‍ ബൈക്കുകളില്‍ യുവാക്കള്‍ നടത്തുന്ന അഭ്യാസപ്രകടനം വിദ്യാര്‍ത്ഥികളെയും, രക്ഷകര്‍ത്താക്കളെയും ഒരു പോലെ ഭീതിയിലാക്കുന്നു. സ്കൂള്‍ സമയം രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയുമാണ് ഇത്തരത്തില്‍ ബൈക്ക് റെയ്സിങ് നടക്കുന്നത്.
ആഡംബര ബൈക്കുകള്‍ രൂപ മാറ്റം വരുത്തി കാതടപ്പിക്കുന്ന ഒച്ചയില്‍ വിദ്യാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും ശ്രദ്ധ ക്ഷണിക്കത്തക്ക രീതിയിലാണ് ഫ്രീക്കന്മാരുടെ അഭ്യാസപ്രകടനങ്ങള്‍. അമിത വേഗത്തില്‍ ബൈക്കുകള്‍ ചീറിപ്പാഞ്ഞ് വരുന്നത് കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ പ്രാണഭയത്തോടെ റോഡില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കേണ്ട സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇത്തരം അഭ്യാസപ്രകടനങ്ങള്‍ പലപ്പോഴും നാട്ടുകാരുമായി വാക്ക് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കൊട്ടറ സ്കൂളിന് സമീപത്ത് മാത്രമല്ല ഓടനാവട്ടം, മുട്ടറ, വെളിയം, പൂയപ്പള്ളി, മൈലോട്, പുന്നക്കോട്, റോഡുവിള സ്കൂളുകളുടെ പരിസരങ്ങളിലും ഇത് തന്നെയാണ് സ്ഥിതിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവഹാനി ഉണ്ടാക്കുന്ന തരത്തില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രാവിലെയും വൈകുന്നേരവും പൂയപ്പള്ളി പോലീസ് പട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: