കൊല്ലം: കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സ്‌കാനിങ് മെഷീന്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ലക്ഷങ്ങള്‍ മുടക്കി വാങ്ങിച്ച സ്‌കാനിങ് മെഷീന്‍ ആണ് പൊടി പിടിച്ച് നശിച്ചുപോകുന്നത്. ഇവിടെ ചികിത്സയ്‌ക്കായി എത്തുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ സ്‌കാനിങ്ങിന് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ലാബുകളെയും ആശ്രയിക്കുകയാണ്.
ഡോക്ടറുടെ തസ്തിക സൃഷ്ടിക്കാതെ വര്‍ഷങ്ങള്‍ക്കു മുന്‍പാണു ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ഇവിടെ സ്‌കാനിങ് മെഷീന്‍ സ്ഥാപിച്ചത്. രണ്ടു തവണ താല്‍ക്കാലികമായി ഡോക്ടറെ നിയമിച്ചെങ്കിലും അവര്‍ കൂടുതല്‍ ദിവസം ഡ്യൂട്ടി ചെയ്തില്ല. പിന്നീട് ഏറെതവണ പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിട്ടും ആശുപത്രിയിലേക്ക് ഡോക്ടറെ ലഭിച്ചില്ല. സ്‌കാനിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ മെഷീന്‍ ഉള്ളപ്പോള്‍ പുറത്തു സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനാല്‍ വന്‍ തുകയാണ് സാധാരണക്കാരായ രോഗികള്‍ നല്‍കേണ്ടിവരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏറെ പേരാണ് ദിവസവും ചികിത്സ തേടി എത്തുന്നത്.
അനസ്‌തെറ്റിസ്റ്റ് ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ മുടങ്ങുന്നതായും പരാതിയുണ്ട്. പുറത്തുള്ള അനസ്‌തെറ്റിസിനെ വിളിച്ചാല്‍ രോഗികളുടെ ബന്ധുക്കള്‍ പണം നല്‍കേണ്ടി വരും. ചിലര്‍ വരാനും തയാറാകുന്നില്ല. രാത്രി ശസ്ത്രക്രിയക്ക് വേണ്ടി വരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടേണ്ട സ്ഥിതിയുമാണുള്ളതെന്നാണ് ആരോപണം. കിഴക്കന്‍ മേഖലയില്‍ ചടയമംഗലം, ഇളമാട്, കടയ്‌ക്കല്‍, ഇട്ടിവ, കുമ്മിള്‍, ചിതറ, അലയമണ്‍, നിലമേല്‍ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികള്‍ ചികിത്സതേടി എത്തുന്ന ആശുപത്രിയിലാണ് സ്‌കാനിങ് നടത്തുന്ന ഡോക്ടറും അനസ്‌തെറ്റിസ്റ്റും ഇല്ലാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: