കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ ‘ദിശ’- േപ്രാഗ്രാമിലൂടെ 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പ്, സമ്മര്‍ ഇന്റേണ്‍ഷിപ്പിനായി 20,000 രൂപ വാര്‍ഷിക ഗ്രാന്റ്/ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പും ലഭ്യമാകും.
ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് രാജ്യത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകളില്‍ പഠനാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (നൈസര്‍) ഭുവനേശ്വറും മുംബൈ യൂണിവേഴ്സിറ്റി-ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM-DAE CEBS) മുംബൈയുമാണ് അവസരം നല്‍കുന്നത്. നൈസറില്‍ 200 സീറ്റുകളും സിഇബിഎസില് 57 സീറ്റുകളുമാണുള്ളത്. ഒബിസി- എന്‍സിഎല്‍, ഇഡബ്ല്യുഎസ്, എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിശ്ചിത സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
ജൂണ്‍ 18 ശനിയാഴ്ച നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിംഗ് ടെസ്റ്റ് (നെസ്റ്റ്-2022) റാങ്കടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം. രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 മണിവരെയും ഉച്ചക്കുശേഷം 2.30 മുതല്‍ 6 മണിവരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലായി 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് പരീക്ഷാകേന്ദ്രങ്ങളാണ്.
ശാസ്ത്രവിഷയങ്ങളില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി) മൊത്തം 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാത്ത 2020/2021 വര്‍ഷം പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ഇക്കൊല്ലം പ്ലസ്ടു പരീക്ഷയെഴുതുന്നവര്‍ക്കും ‘നെസ്റ്റ്-2022’- ന് അപേക്ഷിക്കാം. 2002 ഓഗസ്റ്റ് ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവും യോഗ്യതാപരീക്ഷയില്‍ 5% മാര്‍ക്കിന്റെ മാര്‍ക്കിളവും ലഭിക്കും.
‘നെസ്റ്റ്-2022’- വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.nestexam.in-ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് 1200 രൂപ. എസ്സി/എസ്ടി/ദിവ്യജ്ഞാന്‍ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും 600 രൂപ മതി. നെറ്റ് ബാങ്കിംഗ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 21 മുതല്‍ നല്‍കാം. മേയ് 18 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 6 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. നെസ്റ്റ് പരീക്ഷാ സിലബസും സെലക്ഷന് നടപടികളും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. പരീക്ഷാ ഫലം ജൂലൈ 5 ന് പ്രസിദ്ധപ്പെടുത്തും.
പഠിതാക്കള്‍ക്ക് കേന്ദ്ര ആണവോര്‍ജ് വകുപ്പിന്റെ ‘ദിശ’- പ്രോഗ്രാമിലൂടെ 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പായും സമ്മര്‍ ഇന്റേണ്‍ഷിപ്പ് വാര്‍ഷിക ഗ്രാന്റായി 20,000 രൂപയും ലഭിക്കും. അര്‍ഹതയുള്ളവര്‍ക്ക് ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പും ലഭ്യമാകും.
നൈസര്‍ അഡ്മിഷനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ www.niser.ac.in ലും സിഇബിഎസ് പ്രവേശനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ www.cbs.ac.in ലും കിട്ടും. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ- മെയിലിലും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: