കളമശ്ശേരി: മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റിലെ വ്യത്യാസത്തിനുള്ള പരിഹാരം കണ്ടു പിടിക്കുന്നതിനായി പരിശോധന തുടങ്ങി. ഇടപ്പള്ളി പത്തടിപ്പാലത്തെ 347ാം നമ്പര്‍ തൂണിലാണ് ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
കെഎംആര്‍എല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പില്ലറിന് തകരാര്‍ ബോധ്യപ്പെട്ടതോടെ വിശദാംശങ്ങള്‍ ഡിഎംആര്‍സിയെ അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തില്‍ ചരിവുകളുണ്ടാകാറുണ്ട്. എന്നാല്‍ തൂണിന്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്.
കെഎംആര്‍എല്ലിന്റെയും, ഡിഎംആര്‍സിയുടെയും എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. തൂണിന്റെ ചെരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ട്രയിന്‍ സര്‍വീസുകള്‍ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് കെഎംആര്‍എല്‍ വ്യക്തമാക്കുന്നത്. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലാണ് ആലുവ മുതല്‍ പേട്ട വരെയുള്ള 25 കിലോമീറ്റര്‍ മെട്രോ നിര്‍മ്മിച്ചത്.
വയഡക്ടിനും, ട്രാക്കിനുമിടയില്‍ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്ചയായിരുന്ന ശ്രദ്ധയില്‍പ്പെട്ടത്. തൂണിന്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിന്‍ വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്. തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമമാണ് കെഎംആര്‍എല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: