കുറിച്ചി: നാഥനില്ലാത്ത കളരിയായി കുറിച്ചി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സെക്രട്ടറിയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പദ്ധതി നിര്‍വ്വഹണത്തിന്റെ അന്തിമഘട്ടത്തിലാണ് സെക്രട്ടറിയില്ലാത്തത്. പദ്ധതി നിര്‍വ്വഹണം ഇതുവരെ അമ്പത് ശതമാനം എത്തിയിട്ടില്ല. ഇനി 42 ദിവസങ്ങള്‍ മാത്രമാണ് നിര്‍വ്വഹണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. ഈ സ്ഥിതിയില്‍ എഴുപത്തിയഞ്ച് ശതമാനം പോലും പദ്ധതി പൂര്‍ത്തീകരണം നടക്കില്ല.
2021 ന്റെ തുടക്കത്തിലാണ് പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ജനങ്ങളാണ് വലയുന്നത്. കൃത്യമായി സേവനം അനുഷ്ടിച്ചിരുന്ന സെക്രട്ടറിയുടെ സ്ഥലം മാറ്റത്തിന് ഭരണ സമിതി കാരണമായി. പുതിയതായി എത്തിയ സെക്രട്ടറിക്ക് ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി സൃഷ്ടിച്ചത്.
ഭരണ സമിതിയെ ഭയന്ന് സെക്രട്ടറി അവധിയില്‍ പോയി. എഞ്ചിനിയറിങ് വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് മാസമായി ഓവര്‍സിയര്‍ ഇല്ല. ഓവര്‍സിയര്‍ നിയമനം സാദ്ധ്യമാക്കാനെന്ന പേരില്‍ പ്രസിഡന്റ് പലതവണ തിരുവനന്തപുരത്തിന് പഞ്ചായത്ത് വാഹനത്തില്‍ യാത്രയും നടത്തിയതായി ഭരണ സമിതി അംഗങ്ങള്‍ തന്നെ അടക്കം പറയുന്നുണ്ട്. 20 വാര്‍ഡുകളുള്ള കുറിച്ചി പഞ്ചായത്തില്‍ ജീവനക്കാര്‍ വേണ്ടത് കുറഞ്ഞത് 6 എല്‍ഡി ക്ലര്‍ക്കും, 5യുഡി ക്ലര്‍ക്കുമാണ്. പക്ഷെ നിലവില്‍ 3 വീതം എല്‍ഡി, യുഡി ക്ലര്‍ക്ക് മാത്രമാണ് ഉള്ളത്. മുമ്പ് ഒരു യുഡി ക്ലര്‍ക്ക് തസ്ഥിക ഡെപ്യൂട്ടേഷനില്‍ ഉണ്ടായിരുന്നത് നിലനിര്‍ത്താന്‍ ഭരണ സമിതിക്കായിട്ടില്ല.
കുറിച്ചിയിലേക്ക് ജീവനക്കാര്‍ പുതുതായി എത്താന്‍ മടിക്കുന്നു. ഉള്ള ജീവനക്കാരാവട്ടെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ മൂലം അവധിയില്‍ പ്രവേശിക്കുന്നതിന്റ വക്കിലാണ്. ഇതെല്ലാം ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് കാരണമായി പറയുന്നത്. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനാവശ്യമായ ജീവനക്കാരുടെ നിയമനത്തിന് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഒരു പ്രയത്നവും ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍ സെക്രട്ടറിയെയും ഓവര്‍സിയറെയും നിയമിക്കണം. ആവശ്യമായ ജീവനക്കാരെ അനുവദിക്കണം ബിജെപി ജനപ്രതിനിധികളായ ബി.ആര്.മഞ്ജീഷ്, മഞ്ജു കെ.എന്‍, ആര്യമോള് പി രാജ്, ശൈലജ സോമന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: