ഭോപാല്‍: കര്‍മ്മമാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതെന്ന് മധ്യപ്രദേശിലെ ബിജെപി എംപി സുമര്‍സിംഗ് സോളങ്കി. ഈ വിശ്വാസം സ്വന്തം ജീവിതത്തില്‍ ഇദ്ദേഹം പകര്‍ത്തിയത് തികച്ചും വ്യത്യസ്തമായ രീതിയില്‍. മധ്യ പ്രദേശിലെ ബർവാനി ജില്ലക്കാരനായ അദ്ദേഹം അവിടുത്തെ ഒരു ചെരുപ്പുകുത്തിയുടെ പാദരക്ഷകള്‍ രണ്ടും പോളിഷ് ചെയ്ത് വൃത്തിയാക്കുകയായിരുന്നു.
ഇതിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ഏറെപ്പേര്‍ പങ്കുവെയ്‌ക്കുന്നു. ജാതീയ-ലിംഗ അസമത്വങ്ങള്‍ക്കെതിരെ പോരാടിയ 15-ാം നൂറ്റാണ്ടിലെ സിഖ് മത വിശുദ്ധനായ രവിദാസ് ദിനം തന്നെ എംപി ഇതിനായി തെരഞ്ഞെടുത്തു.
“ഒരു വ്യക്തി വലുതോ ചെറുതോ ആകുന്നത് അവൻറെ ജന്മം കൊണ്ടല്ല മറിച്ച് കർമ്മം കൊണ്ടാണ്. ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളാണ് അവനെ രൂപപ്പെടുത്തുന്നത്. “- അദ്ദേഹം പറയുന്നു. കാല്‍നൂറ്റാണ്ടിന് മുന്‍പ് വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ ചെരിപ്പ് പൊട്ടിയപ്പോള്‍ ചെരുപ്പുകുത്തി ഇരിക്കുന്നിടത്ത് വന്ന സംഭവവും സുമർ സിംഗ് സോളങ്കി പങ്കുവെച്ചു.
“ശിരോമണി രവിദാസ് ജയന്തിയുടെ ശുഭകരമായ അവസരത്തിൽ, ഞാൻ നടപ്പാതയിൽ ഇരുന്ന് ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്തു.” – ചെരുപ്പുകുത്തിയുടെ പാദരക്ഷകള്‍ പോളിഷ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുമർ സിംഗ് സോളങ്കി ട്വിറ്ററിൽ കുറിച്ചു. ഷൂ പോളിഷ് ചെയ്ത ശേഷം അദ്ദേഹം ചെരുപ്പുകുത്തിയെ പൂമാലയും ഷോളും അണിയിച്ച് ആദരിച്ചു. ശിരോമണി രവിദാസിൻറെ ചിത്രവും ഭഗവദ്ഗീതയും സമ്മാനമായി നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: