ഗോവ: ആര്‍ജെഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പിഎസ്. ശ്രീധരന്‍പിള്ള. ഒരു കാലത്ത് അഴിമതി വിരുദ്ധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്ന അദേഹം ഇപ്പോള്‍ അഴിക്കുള്ളിലാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഗോവാ ഗവര്‍ണറുടെ പരാമര്‍ശം.
ഗോവാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു ലാലു പ്രസാദ് യാദവിനെ കുറിച്ചുള്ള പരാമര്‍ശം. ”രണ്ട് സ്ത്രീകള്‍ ശാരീരിക വൈകല്യമുള്ള അമ്മയെ താങ്ങിപ്പിടിച്ച് വോട്ട് ചെയ്യാനായി നില്ക്കുന്ന ഒരു ചിത്രം പത്രത്തില്‍ കണ്ടു. ഗോവയിലെ ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. ഇതേ പത്രത്തില്‍ തന്നെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശേഷം ലാലു പ്രസാദ് യാദവ്, ഒരു സംഘം ആള്‍ക്കാര്‍ക്കൊപ്പം നടന്നുവരുന്ന ചിത്രവും കണ്ടു.”
ജയപ്രകാശ് നാരായണന് ഇന്ദിരാഗാന്ധി സര്‍ക്കാരിനെ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ലാലുപ്രസാദ് യാദവ്. ജെപിയ്ക്കൊപ്പം പോരാട്ടം നയിക്കുകയും ഇന്ന് അദേഹം അഴിമതിക്കേസില്‍ ജയിലിലുമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ജെപിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു ലാലു പ്രസാദ് യാദവ്. അടിയന്തിരാവസ്ഥാനന്തരം 1977 ല്‍ ബിഹാറിലെ ഛാപ്രയില്‍ നിന്നും ലോക്സഭയിലെത്തി. 1990ല്‍ ബിഹാറിന്റെ 20ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1997 ല്‍ ജനതാദള്‍ പിളര്‍ത്തി രാഷ്ട്രീയ ജനതാദള്‍ രൂപീകരിച്ചു. 2018 മുതല്‍ മൂന്നര വര്‍ഷം 950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയില്‍വാസം ലാലു അനുഭവിച്ചു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: