കോഴിക്കോട്: രാഷ്ട്രീയ നിയമനക്കാര്യത്തില്‍, പാര്‍ട്ടികള്‍ക്ക് ഗവര്‍ണര്‍ നല്കിയ പ്രഹരം കമ്യൂണിസ്റ്റ് പാര്‍ട്ടി ചോദിച്ച് വാങ്ങിയത്. അത് എല്‍ഡിഎഫിനും യുഡിഎഫിനും ബാധകമായി. ഇനി ചര്‍ച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ രാഷ്ട്രീയവും അവരുടെ യോഗ്യതയുമാകും. മറ്റ് സംസ്ഥാനങ്ങളില്‍ പൊതുവല്ലാത്ത നിയമന-ശമ്പള-പെന്ഷന് മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കേണ്ടിയും വരും. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാകും നടപടി വന്നാല്‍ ഏറ്റവും കൂടുതല്‍ പേര് പുറത്താകേണ്ടിവരിക.
ഗവര്‍ണറുടെ സ്റ്റാഫിലേക്ക് നിയമിക്കാന്‍ ഹരി.എസ്. കര്‍ത്തയുടെ പേര് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വെട്ടി. രാഷ്ട്രീയക്കാരനാണെന്നും ബിജെപി സംസ്ഥാന സമിതി അംഗമാണെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍, സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് ആക്ഷേപം ശരിയല്ലെന്നായിരുന്നു. ബിജെപിയുടെ മീഡിയ സെല്‍ കണ്‍വീനറായിരുന്നു, സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല എന്നായിരുന്നു. പക്ഷേ, ആ റിപ്പോര്‍ട്ടിനുമേലാണ് കെ.ആര്. ജ്യോതിലാല്‍ സര്‍ക്കാരിനുവേണ്ടി വിയോജനക്കുറിപ്പ് എഴുതിവിട്ടത്.
ഗവര്‍ണര്‍ നല്കുന്ന ശിപാര്‍ശയില്‍ സര്‍ക്കാര്‍ എതിര്‍ത്തോ അനുകൂലിച്ചോ കുറിപ്പെഴുതാറില്ല. സര്‍ക്കാര്‍ നിലപാട് നേരിട്ട് പറയലാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥന് ചട്ടവും മര്യാദയും അറിഞ്ഞുകൊണ്ട് ലംഘിക്കുകയുമായിരുന്നു. ജ്യോതിലാലിനെതിരേ നടപടി എടുത്ത് മുഖ്യമന്ത്രി മിടുക്കനായത്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പാഠംകൂടിയാണ്.
മന്ത്രിമാര്‍ക്ക് യോഗ്യത നിര്‍ബന്ധമല്ല. ജനപ്രതിനിധികളായ അവര്‍ക്ക് ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിഭാഗത്തില്‍നിന്നല്ല. എന്നാല്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ ഹെഡില്‍നിന്നാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷനും അതില്‍ കുറഞ്ഞാല്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുമാണ്. ശമ്പള സ്കെയില്‍ പ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിര്‍ബന്ധമാണ്. അഞ്ചുവര്‍ഷത്തേക്കേ നിയമനമുള്ളു. അവര്‍ക്ക് പക്ഷേ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്ഷന് കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തില്‍ അയോഗ്യരായവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരായതിന്റെ പേരില്‍ നിയമനം ലഭിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ രാഷ്ട്രീയവും ട്രേഡ് യൂണിയന് പ്രവര്‍ത്തനവും പാടില്ലെന്ന നിയമങ്ങളുടെ ലംഘനവുമാണ്.
ഗവര്‍ണറുടെ നിയമന നിര്‍ദേശം തള്ളിയതോടെ വലിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഈ വേറുകൃത്യം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. ഗവര്‍ണറില്‍നിന്ന് ചോദിച്ചുവാങ്ങിയ പ്രഹരം മുന്‍കാല പ്രാബല്യത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് ബാധിച്ചേക്കുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: