രഘുനാഥ്. വി
(ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉതകുന്ന വിധത്തില്‍ മികച്ച ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്ത് നടപ്പിലാക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, സമത്വം, സാഹോദര്യം സ്വാതന്ത്ര്യം മുതലായ ആശയങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതിനും മാറിവരുന്ന ലോകസാഹചര്യങ്ങള്‍ക്കനുസരിച്ച് അറിവ് അധിഷ്ഠിത സാമ്പത്തിക ക്രമമായി ഭാരതത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിനും പുത്തന്‍ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു. ഉന്നതവിദ്യാഭ്യാസം ഊന്നല്‍ നല്കുന്ന പ്രബുദ്ധത, അറിവ്, നൈപുണ്യം, സാമൂഹിക പ്രതിബദ്ധത എന്നീ ഗുണങ്ങള്‍ യുവജനങ്ങളില്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതും ഒപ്പം നമ്മുടെ നാടിന്റെ പ്രശ്നങ്ങള്‍ക്ക് നമ്മുടേതായ പരിഹാരം ശാസ്ത്രീയമായി നിര്‍ദേശിക്കാന്‍ കഴിയുന്നവരുമായ വിദ്യാര്‍ഥികളെ സൃഷ്ടിക്കാനും കൂടി ഉതകുന്ന തരത്തിലേക്ക് രാജ്യം മാറുകയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായിക്കുന്ന ഒരു കരട് കര്‍മ്മപദ്ധതി യുജിസി കഴിഞ്ഞ ദിവസം പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരുന്നു. ഈ കര്‍മ്മ പദ്ധതിയെ ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട്, (ചമശേീിമഹ ഒശഴവലൃ ഋറൗരമശേീി ഝൗമഹശളശരമശേീി െഎൃമാലംീൃസ ) എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് ഇന്നത്തെ സ്ഥിതിയില്‍ അധികകാലം നിലനില്ക്കാന് സാധിക്കില്ല. ഈ രംഗം നേരിടുന്ന കാതലായ പ്രശ്നം അത് സമൂഹത്തിലെ മാറിവരുന്ന തൊഴില്‍ ആവശ്യകതകളെ പൂര്‍ണ്ണമായും സാധൂകരിക്കുന്നില്ല എന്നുള്ളതാണ്. നമ്മുടെ രാജ്യത്തെ തൊഴില്‍ മേഖലകളും നാം നല്കുന്ന വിദ്യാഭ്യാസവും തമ്മില്‍ വൈരുധ്യങ്ങളുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ഒരു വിദ്യാര്‍ഥി ഇടയ്ക്ക്വെച്ച് പഠനം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അയാള്‍ അന്നുവരെ നേടിയ അക്കാദമിക് ക്രെഡിറ്റ് നഷ്ടമാവുന്നു. ഒരു വിദ്യാര്‍ത്ഥി ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടിയ അറിവും നൈപുണ്യവും അംഗീകരിക്കപ്പെടാതെ പോവുന്നു. ഈ സാഹചര്യത്തെ അവധാനതയോടെ മറികടക്കാന്‍ പുതിയ വിദ്യാഭ്യാസ നയം 2020 വിദ്യാര്‍ഥികളെ പ്രാപ്തമാക്കും.
നിയതമായ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കഴിവ് അധിഷ്ഠിതമായ പഠനവും പരിശീലനവും ഒപ്പം മുന്‍ നിശ്ചയിച്ചിട്ടുള്ള പഠനഫലം ലക്ഷ്യം വെച്ചുള്ള ബോധന പ്രക്രിയയുമാണ് എല്ലാ വിദ്യാഭ്യാസ യോഗ്യതാ നിര്‍ണ്ണയ ചട്ടക്കൂടുകളുടെയും കാതല്‍. ഈ അര്‍ത്ഥത്തില്‍ ലോകത്തെ ഏറെ സ്വാധീനിച്ച യോഗ്യതാ ചട്ടക്കൂടാണ് ബൊളോണിയ പ്രോസസ്. യൂറോപ്പിലെ 29 രാജ്യങ്ങളുടെ വിദ്യാഭ്യാസ മന്ത്രിമാര്‍ 1999ല്‍ ഒപ്പുവെച്ച ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂടാണിത്. ഇറ്റലിയിലെ ബൊളോണിയ സര്‍വ്വകലാശാലയില്‍ വച്ച് പ്രഖ്യാപിച്ചതിനാലാണ് ബൊളോണിയ പ്രോസസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഉടലെടുത്ത ഡബ്ലിന്‍ ഡിസ്ക്രിപ്റ്റേഴ്സ്, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ബിരുദ തലത്തില്‍ അഞ്ച് പ്രധാന ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു. 1. അറിവും ധാരണയും 2. അറിവിന്റെയും ധാരണയുടെയും പ്രയോഗം 3. നിഗമനങ്ങളില്‍ എത്തിച്ചേരാനുള്ള കഴിവ് 4. ആശയവിനിമയ സാമര്‍ത്ഥ്യം 5. അറിവ് നേടാനുള്ള സാമര്‍ത്ഥ്യം. കൂടാതെ ബിരുദാനന്തര തലത്തില്‍ വിദ്യാര്‍ത്ഥി, പഠനത്തില്‍ കൂടി ആര്‍ജിച്ച ആശയങ്ങളെ ഗവേഷണത്തില്‍ ഉപയോഗപ്പെടുത്താനുള്ള വൈശിഷ്ട്യം നേടിയിരിക്കണം. പരിമിതമായ വിവരങ്ങളില്‍ നിന്നുപോ
ലും ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയണം എന്നും നിഷ്കര്‍ഷിക്കുന്നു. ബൊളോണിയ പ്രോസസ് വിഭാവനം ചെയ്ത ഉന്നത വിദ്യാഭ്യാസ ഘടന പ്രകാരം ഉയര്‍ന്ന ബൗദ്ധിക നിലവാരത്തോട് കൂടിയ, ഗവേഷണത്വരയുള്ള ഒരു വിദ്യാര്‍ഥിക്ക് മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കുന്നതിനു മുന്‍പുതന്നെ ഗവേഷണബിരുദം നേടാന്‍ അവസരം ലഭിക്കുന്നു. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു യോഗ്യതാ ചട്ടക്കൂടായിരുന്നു വാഷിങ്ടണ്‍ അക്കോഡ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പഠന തുല്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി ഒപ്പുവച്ച കരാര്‍ ആണിത്. നിലവില്‍ ലോകത്താകമാനം 21 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. 2014 ജൂണ്‍ മാസം മുതല്‍ ഇന്ത്യയും ഈ കരാറിലെ സ്ഥിരാംഗം ആണ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഈ കരാര്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രാധാന്യം
ഉന്നതവിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ധാരാളം സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവ ഓരോന്നും നല്കുന്ന ബിരുദങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരം നിലനില്ക്കുന്നു. ഇത് വിദ്യാര്‍ഥികളുടെ ജോലി സാധ്യതകളെ തകിടം മറിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നതിനും തടസമാകുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട് രാജ്യത്ത് നിലവില്‍ വരുന്നത്. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന വീക്ഷണം അനുസരിച്ച് രാജ്യത്താകമാനം വലിയ മള്‍ട്ടി ഡിസിപ്ലിനറി സര്‍വ്വകലാശാലകളും കോളജുകളും നിലവില്‍ വരും. ഒരു ജില്ലയില്‍ ചുരുങ്ങിയത് ഒരു കോളജ് അല്ലെങ്കില്‍ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്നതാണ് മറ്റൊരു ലക്ഷ്യം. ഉന്നത വിദ്യാഭ്യാസം പ്രാദേശിക ഭാഷകളില്‍ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പഠനത്തിനും
ഗവേഷണത്തിനും ഒരുപോലെ മുന്‍ഗണന നല്കുന്ന സര്‍വ്വകലാശാലകളെ റിസര്‍ച്ച് ഇന്റന്‍സിവ് യൂണിവേഴ്സിറ്റി എന്നും ഗവേഷണത്തെക്കാള്‍ പഠന പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്കുന്നവയെ ടീച്ചിംഗ് ഇന്റന്‍സീവ് യൂണിവേഴ്സിറ്റി എന്നും രണ്ടായി തരം തിരിക്കുന്നു. ഇതുകൂടാതെ ഓട്ടോണമസ് ഡിഗ്രി ഗ്രാന്ഡിംഗ് കോളജ് എന്ന മൂന്നാമതൊരു സംവിധാനവും രാജ്യത്ത് നിലവില്‍ വരും. സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ ബിരുദ തലത്തില്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കേണ്ടതുണ്ട്.
ഒന്നുമുതല്‍ 10 തലങ്ങളിലായി ക്രമപ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ വിദ്യാഭ്യാസ പദ്ധതിയില്‍ അഞ്ചാം തലം മുതല്‍ പത്താം തലം വരെയാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ക്രമപ്പെടുത്തിയിരിക്കുന്നത്. ഓരോ തലത്തിലും നിയതമായ പഠനഫലം ഉറപ്പുവരുത്തിക്കൊണ്ടാണ് വിവിധ ബിരുദങ്ങള്‍ക്ക് വേണ്ട പഠന നിലവാരത്തിലേക്കും നൈപുണ്യ ത്തിലേക്കും വിദ്യാര്‍ഥികളെ എത്തിക്കുന്നത്. വ്യത്യസ്തമായ പഠന മാര്‍ഗ്ഗങ്ങളില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പഠനനിലവാരം ആര്‍ജ്ജിക്കാന്‍ അവസരം നല്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് വിവിധ തലങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ജിക്കാന്‍ കഴിയുന്ന യോഗ്യതകള്‍ താഴെപ്പറയുന്നു.
തലം 5 – അണ്ടര്‍ ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ്- ബിരുദ പഠനത്തിലെ ആദ്യവര്‍ഷം ( രണ്ടു സെമസ്റ്ററുകള്‍ ) വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥി അണ്ടര്‍ ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റിന് യോഗ്യത നേടുന്നു.
തലം 6 – അണ്ടര്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ – ബിരുദതലത്തില്‍ ആദ്യ രണ്ടു വര്‍ഷങ്ങള്‍ (നാല് സെമസ്റ്ററുകള്‍) വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി അണ്ടര്‍ ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് യോഗ്യത നേടുന്നു.
തലം 7- ബാച്ചിലേഴ്സ് ഡിഗ്രി- നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദതലത്തില്‍ ആദ്യ മൂന്ന് വര്‍ഷങ്ങള്‍ ( 6 സെമസ്റ്ററുകള്‍) വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിക്ക് ബാച്ചിലേഴ്സ് ഡിഗ്രിക്ക് യോഗ്യത.
തലം 8 – ബാച്ചിലേഴ്സ് ഡിഗ്രി( ഓണേഴ്സ്/ റിസര്‍ച്ച് ) നാലുവര്‍ഷംകൊണ്ട് എട്ടു സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാച്ചിലേഴ്സ് ഓണേഴ്സ് അല്ലെങ്കില്‍ റിസര്‍ച്ച് ബിരുദം ലഭിക്കുന്നു. എന്നാല്‍ ഇവിടെ വിദ്യാര്‍ത്ഥി ഒരു നല്ല റിസര്‍ച്ച് പ്രൊജക്ട് അയാളുടെ മുഖ്യ വിഷയവുമായി ബന്ധപ്പെട്ട് ചെയ്തു തീര്‍ക്കണം. കൂടാതെ മാസ്റ്റേഴ്സ് ബിരുദതലത്തിലെ ഒന്നാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ യോഗ്യത നേടുന്നു.
തലം 9- മാസ്റ്റേഴ്സ് ഡിഗ്രി- ഏഴാം തലത്തിലെ ബാച്ചിലേഴ്സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുള്ളവര്‍ക്ക് രണ്ടുവര്‍ഷംകൊണ്ട് നാല് സെമസ്റ്ററുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാസ്റ്റേഴ്സ് ഡിഗ്രി ലഭിക്കും. അതോടൊപ്പം എട്ടാം തലത്തിലെ ബാച്ചിലേഴ്സ് ഡിഗ്രി ഓണേഴ്സ് അല്ലെങ്കില്‍ റിസര്‍ച്ച് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കാന്‍ സാധിക്കുന്നു. കൂടാതെ 5 വര്‍ഷം കൊണ്ട് നേടാവുന്ന ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ് അല്ലെങ്കില്‍ മാസ്റ്റേഴ്സ് ബിരിദവും വിഭാവനം ചെയ്തിരിക്കുന്നു.
തലം 10- ഡോക്ടറല്‍ ബിരുദം. ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും വിഷയത്തിന് യഥാര്‍ത്ഥ സംഭാവന നല്‍കുന്നതിന് പറ്റിയ പ്രത്യേക അറിവും പ്രശ്നപരിഹാര നൈപുണ്യവും ഇവര്‍ സ്വായത്തമാക്കുന്നു. പ്രവചനാതീതവും സങ്കീര്‍ണവുമായ സാഹചര്യങ്ങളില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഇവര്‍ പ്രാപ്തരായിരിക്കും. മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ നാല് വര്‍ഷത്തെ ബാച്ചിലേഴ്സ് ഡിഗ്രി- റിസര്‍ച്ച് പൂര്‍ത്തിയാക്കിയവര്‍ക്ക് മാസ്റ്റേഴ്സ് ബിരുദം നേടാതെ തന്നെ ഗവേഷണ ബിരുദം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്സിറ്റ്, റീ എന്‍ട്രി
ഉന്നത വിദ്യാഭ്യാസ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അക്കാദമിക് ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന ഡിജിറ്റല്‍ സങ്കേതം ഉപയോഗിച്ച് ക്രെഡിറ്റ് ശേഖരിച്ചു വെക്കാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന ക്രെഡിറ്റ് ഉപയോഗപ്പെടുത്തി ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ മുടങ്ങിപ്പോയ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിക്കും. രാജ്യത്തോ വിദേശത്തോ ഉള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് അനുസരണമായ ക്രെഡിറ്റുകള്‍ ശേഖരിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമ്പാദിക്കുന്ന ക്രെഡിറ്റുകളുടെ കാലാവധി ഏഴ് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. പല കാലങ്ങളിലായി സമ്പാദിക്കുന്ന ക്രെഡിറ്റുകള്‍ ഉപയോഗപ്പെടുത്തി ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിനാല്‍ പഠനം പൂര്‍ണ്ണമായും മുടങ്ങുന്ന അവസ്ഥ ഒഴിവാകും. അഥവാ ഒരു വിദ്യാര്‍ത്ഥിയുടെ അക്കാദമിക്ക് ബാങ്ക് ക്രെഡിറ്റ് കാലാവധി അവസാനിച്ചാലും വിദ്യാര്‍ത്ഥിക്ക് പുനഃപ്രവേശനം സാധ്യമാകുന്നു.
ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസ യോഗ്യത ചട്ടക്കൂടുകള്‍ക്ക് അനുസരണമായി നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കാന്‍ ഉള്ള ബൃഹത്തായ പദ്ധതിക്കാണ് ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യത ചട്ടക്കൂട് വഴി യുജിസി തുടക്കം കുറിച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങളുടെ സമയബന്ധിതമായ നടത്തിപ്പില്‍ കൂടി ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: