തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ സ്വര്‍ണക്കൊടിമരം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ഉത്സവ എഴുന്നെള്ളിപ്പ് ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വന്‍ഭക്തജന പ്രതിഷേധം. ഉത്സവത്തിന്റെ ഭാഗമായുള്ള ഇന്നത്തെ ആറാട്ട് എഴുന്നെള്ളിപ്പ് അടക്കമുള്ളവ തടഞ്ഞ് ദേവസ്വത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ബുധനാഴ്ച പള്ളിവേട്ട എഴുന്നെള്ളിപ്പ് അനുമതിയില്ലാതെ നടത്തിയതിനെതിരെ പരാതി ലഭിച്ചതോടെ തുടര്‍പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് ദേവസ്വത്തിന് സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയായിരുന്നു.
15 ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത് പിന്‍വലിക്കാന്‍ കളക്ടറോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര സന്ദേശം നല്കി. അനുമതിയില്ലാതെ ആനയെഴുന്നെള്ളിപ്പ് നടത്തിയതില്‍ ദേവസ്വം അധികൃതര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെ ഉല്‍സവ പരിപാടികളിലെ സമാപനമായ ആറാട്ടും കൊടിയിറക്കവുമടക്കം നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായി. ഏറെ നേരത്തേ ആശയക്കുഴപ്പത്തിനൊടുവില്‍ വൈകീട്ട് ഭഗവതിയെ ആറാട്ടിനെഴുന്നെള്ളിച്ചു.
പാണ്ടി മേളത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നെള്ളിപ്പിന് പാറമേക്കാവ് അയ്യപ്പനാണ് തിടമ്പേറ്റിയത്. വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്ക്കരണി തീര്‍ത്ഥകുളത്തില്‍ ഭഗവതിയ്ക്ക് ആറാട്ട് നടത്തി രാത്രിയില്‍ ഭഗവതി തിരിച്ചെഴുന്നെള്ളി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നെള്ളത്ത്.
പുതിയ ഉല്‍സവങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചാണ് പാറമേക്കാവ് ക്ഷേത്രത്തിലെ പുതിയ ഉല്‍സവമെന്നാണ് പരാതിയിലെ ആരോപണം. ഹെറിട്ടേജ് അനിമല്‍ ടാസ്ക് ഫോഴ്സ് ജനറല്‍ സെക്രട്ടറി വി.കെ വെങ്കിടാചലം നല്കിയ പരാതിയെ തുടര്‍ന്ന് നേരത്തെ നല്കിയ അനുമതി പിന്‍വലിക്കുകയും വിഷയം സര്‍ക്കാരിന്റെ പരിഗണനക്കായി വിടുകയുമായിരുന്നു. എന്നാല്‍ ഇത് നിയമപരിശോധന നടത്തേണ്ടതിനാല്‍ മാറ്റിവെച്ചു. ഇതിനിടയിലാണ് ക്ഷേത്രത്തില്‍ വിപുലമായി എഴുന്നെള്ളിപ്പ് സംഘടിപ്പിച്ചത്. ഇതിനെതിരെ വീണ്ടും വെങ്കിടാചലം പരാതി അറിയിക്കുകയായിരുന്നു.
പുതിയ ഉത്സവ എഴുന്നെള്ളിപ്പുകള്‍ക്ക് അനുമതി നല്‍കരുതെന്ന് 2015ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് വനംവകുപ്പും ഉത്തരവിറക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവില്‍ എഴുന്നള്ളിപ്പ് തുടങ്ങരുതെന്നു പറയുന്നില്ലെന്നും നിരുത്സാഹപ്പെടുത്തണമെന്നാണു പറയുന്നതെന്നും കളക്ടറെ ആന മോണിറ്ററിങ് കമ്മിറ്റി അറിയിച്ചിരുന്നു. ഇതോടെയാണു തീരുമാനം സര്‍ക്കാരിനു വിടാന്‍ തീരുമാനിച്ചത്. വനം വകുപ്പു സര്‍ക്കുലര്‍ അനുസരിച്ചു എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. ആവശ്യമായ നടപടി സ്വകരിക്കാന്‍ കളക്ടര്‍ക്ക് അടിയന്തര സന്ദേശവും നല്കി.
ഉത്സവത്തിന്റെ പ്രധാനദിനമായ ഇന്നലെ പാറമേക്കാവ് ദേവസ്വം ഓഫീസ് അടച്ചിട്ടു. ഉത്തരവാദപ്പെട്ടവര്‍ ക്ഷേത്രത്തിലും ഓഫീസിലും എത്തിയിരുന്നില്ല. ദേവസ്വം അധികൃതരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫായിരുന്നു. എല്ലാ അനുമതിയും നല്കിയ ശേഷം അതു പിന്‍വലിക്കുകയാണെങ്കില്‍ കളക്ടര്‍ക്കെതിരെ കോടതിയെ സമീപിക്കാനായിരുന്നു ദേവസ്വത്തിന്റെ തീരുമാനം. സുപ്രീം കോടതി വിധി തോന്നിയതുപോലെ വ്യാഖ്യാനിക്കാനാകില്ല. മാത്രമല്ല ഉത്സവം നടത്തരുതെന്നുപോലും വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇങ്ങനെ ഉത്തരവിടാന്‍ വനം വകുപ്പിന് അധികാരമില്ലെന്നും ദേവസ്വം ചൂണ്ടിക്കാട്ടി.
പാറമേക്കാവ് ഉത്സവ ചടങ്ങുകള്‍ തടസ്സപ്പെടുത്തരുത്
തൃശ്ശൂര്‍: പാറമേക്കാവ് ഉത്സവച്ചടങ്ങുകള്‍ അലങ്കോലമാക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് നിരവധി ഹൈന്ദവ സംഘടനകളും പൂരപ്രേമികളും രംഗത്തെത്തി. പാറമേക്കാവിലെ ആനയെഴുന്നള്ളിപ്പും ആറാട്ടു ചടങ്ങുകളുംഅലങ്കോലപ്പെടുത്താന്‍ ജില്ലാ ഭരണകൂടം കൂട്ടുനില്‍ക്കുന്നത് തികച്ചും ദുരുപദിഷ്ടമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. വളരെ ശ്രദ്ധാപൂര്‍വ്വവും ആനകള്‍ക്ക് ഇണങ്ങും വിധവുമാണ് പാറമേക്കാവില്‍ ഇതുവരെ ആനയെ എഴുന്നള്ളിച്ചിരുന്നത്. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകള്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന തികച്ചുംഗൂഡോദ്ദേശത്തോടെയുള്ളആക്രമണങ്ങളുടെ തുടര്‍ച്ചയായേ കാണാന്‍ കഴിയൂ.ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ജില്ലാ അധികാരികളുടെ നടപടിയില്‍ സമിതി ശക്തമായി പ്രതിഷേധിക്കുന്നതായി സംസ്ഥാന സെക്രട്ടറിയും വക്താവുമായ എ.പി ഭരത്കുമാര്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: