കൊല്ലം: ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവെന്ന് പരാതി. മതിയായ ജീവനക്കാര്‍ ഇല്ലാത്തതു കാരണം ഓരോ പോസ്റ്റ് ഓഫീസിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലാണ്. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ 30 ജീവനക്കാരാണ് വേണ്ടത്. എന്നാല്‍ പകുതിയോളം പേരെയുള്ളൂ. ഓഫീസില്‍ കത്തുകളുടെ ഇടപാടിന് രണ്ട് കൗണ്ടറുകളും തപാല്‍ ബാങ്കിന്റെ ഇടപാടിനുമായി രണ്ട് കൗണ്ടറുകളുമാണ് ഉണ്ടായിരുന്നത്. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ രണ്ട് സേവനത്തിനും ഓരോ കൗണ്ടര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വൈകിട്ട് നാലുവരെയാണ് രജിസ്ട്രേഡ് പോസ്റ്റുകളും സ്പീഡ് പോസ്റ്റുകളും സ്വീകരിക്കുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ മുഴുവന്‍ പോസ്റ്റുകളും സ്വീകരിക്കാന്‍ സമയം തികയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത് ജനങ്ങളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കുന്നു. ജില്ലയില്‍ ക്ലറിക്കല്‍ സ്റ്റാഫുകളും പോസ്റ്റ് മാസ്റ്റര്‍മാരും ഉള്‍പ്പെടെ അഞ്ഞൂറോളം ജീവനക്കാരാണ് തപാല്‍ മേഖലയില്‍ വേണ്ടത്. എന്നാല്‍ പകുതിയോളം മാത്രമാണുള്ളത്. 2016ലാണ് അവസാനമായി ജില്ലയിലേക്ക് നിയമനം നടത്തിയത്.
മുന്‍പ് തപാല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയായിരുന്നു പോസ്റ്റ് ഓഫീസുകളിലേക്ക് നിയമനം നടത്തിയിരുന്നത്. എന്നാല്‍ ഈ നിയമനച്ചുമതല സ്റ്റാഫ് സെലക്ഷന് കമ്മിഷന് വിട്ടതിന് ശേഷമാണ് മലയാളികളല്ലാത്തവര്‍ തപാല്‍ മേഖലയിലേക്ക് നിയമിക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരും ഇവിടെ ജോലിചെയ്യാന്‍ തയ്യാറാകുന്നില്ല. ജീവനക്കാരുടെ കുറവുള്ളതിനാല്‍ നിലവിലുള്ളവരുടെ ജോലിഭാരം വര്‍ധിക്കുകയും അത്യാവശ്യ അവധിയെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: