കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനോട് ചോദ്യം ചെയ്യലിന് ഹാജരാകന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം. ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ച അനൂപിന്റെ ഫോണിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം. കഴിഞ്ഞ ബുധനാഴ്ച ഹാജരാകാന്‍ അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിപ്പിക്കുകയായിരുന്നു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോണ്‍ പരിശോധന ഫലം നാളെ വരും. കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ ഇതില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതേസമയം വധഗൂഢാലോചനാ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: