കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
നായകന് രോഹിത് ശര്‍മ്മയും ഇഷാന് കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓഡന്‍ സ്മിത്ത് എറിഞ്ഞ നാലാമത്തെ ഓവറില്‍ രോഹിത് ശര്‍മ്മ 22 റണ്‍സ് അടിച്ചു. ആ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 50 കടന്നു. റോസ്റ്റന്‍ ചെയ്സിനെ തൂക്കിയടിച്ച ശര്‍മ്മയെ ബൗണ്ടറിയില്‍ ഒറ്റക്കാലില്‍ നിന്ന് പിടിച്ച് ഓഡന്‍ കടം തീര്ത്തി. 19 റണ്‍സില്‍ 40 ആയിരുന്നു രോഹിത് ശര്‍മ്മയുടെ സംഭാവന. എട്ടാ ഓവറില്‍ ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണപ്പോള്‍ സ്ക്കോര്‍ 64. 12-ാം ഓവറില്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. റോസ്റ്റന്‍ ചെയ്സിനെ പൊക്കിയടിച്ച ഇഷാന് കിഷനെ ഫേബിന്‍ അലന് പിടിച്ചു. 42 പന്തില്‍ 35 റണ്‍സ് എടുത്താണ് ഇഷാന് മടങ്ങിയത്.
അടുത്ത ഓവറില്‍ വിരാട് കൊഹ്ലിയുടെ( 13 പന്തില്‍ 17)) വിക്കറ്റും നഷ്ടമായെങ്കിലും പകരം വന്ന സൂര്യകുമാര്‍ ആദ്യ രണ്ടു പന്തു ബൗണ്ടറി പായിച്ച് ഇന്ത്യന്‍ സക്കോര്‍ 100 കടത്തി. ഷെല്‍ഡന്റെ പന്തില്‍ അലസമായി പന്തു വീശിയ ഋഷഭ് പന്ത് (8 പന്തില്‍8) സ്മിത്തിന്റെ കൈകളില്‍ ഒതുങ്ങി. പകരം എത്തിയ വെങ്കിടേഷ് അയ്യരും ആദ്യ പന്ത് ബൗണ്ടറി അടിച്ച് തുടങ്ങി.
അഞ്ചാം വിക്കറ്റിലെ 48റണ്‍സിന്റെ സൂര്യകുമാര്‍- വെങ്കിടേഷ് അയ്യര്‍ സഖ്യം ഇന്ത്യന്‍ വിജയം അനായാസമാക്കി. 18 പന്തില്‍ 34 റണ്‍സ് എടുത്ത സൂര്യയായിരുന്നു കൂടുതല്‍ മിടുക്ക് കാട്ടിയത്. അയ്യര്‍ 13 പന്തില്‍ 24 റണ്‍സ് എടുത്തു
ഫാബിന് അലനെ സിക്സര്‍ പറത്തി അയ്യരാണ് ഇന്ത്യയുടെ വിജയ റണ്‍ അടിച്ചത്
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 43 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസീന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയിയും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.രവി ബിഷ്ണോയി നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ടി20 അരങ്ങേറ്റത്തിലെ ഇന്ത്യന്‍ ബൗളറുടെ മൂന്നാമത്തെ മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായി
ആദ്യ ഓവറില്‍ തന്നെ വിന്ഡിസി ആദ്യവിക്കറ്റ് നഷ്ടമായി. അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍, ബ്രാണ്ടന്‍ കിംഗിനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു.
യുസ്വേന്ദ്ര ചാഹല്‍ ആദ്യ പന്തില്‍ തന്നെ സിക്സിന് ശ്രമിച്ച പുരാനെ ബൗണ്ടറിയില്‍ ബിഷ്ണോയി കൈയിലൊതുക്കിയെങ്കിലും കാല് ബൗണ്ടറി റോപ്പില്‍ തട്ടിയതിനാല്‍ സിക്സ് ആയി. ആ ഓവറിലെ അഞ്ചാം പന്തില്‍ കെയ്ല്‍ മയേഴ്സിനെ(24 പന്തില്‍ 31) വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത് ബിഷ്ണോയി അരങ്ങേറ്റം ഗംഭീരമാക്കി. രണ്ടാം പന്തില്‍ റോസ്റ്റണ്‍ ചേസിനെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബിഷ്ണോയ്, അഞ്ചാം പന്തില്‍ റൊവ്മാന്‍ പവലിനെ(2) വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ചു. ദീപക് ചാഹറിനെതിരെ സിക്സടിച്ച് തുടങ്ങിയ അക്കീല്‍ ഹൊസൈനെ(12 പന്തില്‍ 10) അതേ ഓവറില്‍ പുറത്താക്കി.
പുരാനും ക്യാപ്റ്റന്‍ കെയ്റോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് വിന്‍ഡീസിനെ പതിനാറാം ഓവറില്‍ 100 കടത്തി. പതിനാറാം ഓവറില്‍ 1085 എന്ന സ്കോറിലായിരുന്നു വിന്‍ഡീസിനെ അവസാന നാലോവറില്‍ 49 റണ്‍സടിച്ച് പൊള്ളാര്‍ഡും പുരാനും ചേര്‍ന്ന് റണ്‍സില്‍ 157 എത്തിച്ചു. 45 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പുരാന് 61 റണ്‍സുമായി ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ പുറത്തായപ്പോള്‍ അവസാന രണ്ടോവറില്‍ 22 റണ്‍സടിച്ച പൊള്ളാര്‍ഡ് 19 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: