കോട്ടയം: രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദ് ചെയ്തത് സിപിഐക്ക് വന്‍ അഴിമതി നടത്താനാണെന്ന് പട്ടയം തയാറാക്കിയ മുന്‍ ദേവികുളം അഡീഷണല്‍ തഹസീല്‍ദാര്‍ എം.ഐ. രവീന്ദ്രന്. അഴിമതിക്ക് കളമൊരുക്കാനായി ഇടുക്കി ജില്ലയിലെ വിവിധ റവന്യു ഓഫീസുകളില്‍ സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ 40 ഓളം അംഗങ്ങളെ നിയമിച്ച് കഴിഞ്ഞതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മറ്റ് എല്ലാ സര്‍വ്വീസ് സംഘടനകളെയും ഒഴിവാക്കിയാണ് സിപിഐക്കാര്‍ക്ക് നിയമനം നല്‍കിയത്. സിപിഐയിലെ ഗ്രൂപ്പ് വഴക്കും റദ്ദാക്കലിന് കാരണമാണ്. പട്ടയം നല്കുമ്പോള് റവന്യൂ മന്ത്രി സിപിഐയിലെ കെ.ഇ. ഇസ്മയിലായിരുന്നു. ഇസ്മയിലും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് പോരും ഇതിന് കാരണമാണ്. ഇടുക്കി ജില്ലയില്‍ ഒമ്പത് വില്ലേജുകളിലായി 530 പട്ടയമാണ് താന്‍ നല്‍കിയതെന്ന് രവീന്ദ്രന് പറഞ്ഞു. കൈയേറ്റക്കാര്‍ക്കല്ല കൈവശക്കാര്‍ക്കാണ് പട്ടയം നല്‍കിയത്.
23 വര്‍ഷമായി മൂന്നാറില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നു. ആ പട്ടയം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയാറാകുമോ?. മാത്രമല്ല ഞാന്‍ കൊടുത്ത പട്ടയത്തിന് അംഗീകരമില്ലെങ്കില് മുമ്പ് ഭരിച്ച ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് അത് റദ്ദാക്കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷനേതാവും പങ്കെടുത്തിരുന്നു. ദേവികുളം താലൂക്കിലെ രവീന്ദ്രന് പട്ടയങ്ങള്‍ റഗുലറൈസ് ചെയ്യണം എന്നായിരുന്നു തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനമുള്ളപ്പോള്‍, മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിന് റവന്യൂ വകുപ്പ് ഉത്തരവിറക്കി ഇടുക്കി ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് ദുരൂഹമാണ്.
1999-ല്‍ ജില്ലാതല പട്ടയമേളകള്‍ നടത്തി പട്ടയം വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേവികുളത്ത് അഡീഷണല്‍ തഹസില്‍ദാരുടെ ഒഴിവ് അന്ന് ഉണ്ടായിരുന്നു. പട്ടയമേള സമയബന്ധിതമായ പരിപാടി ആയതിനാല്‍ പട്ടയം നല്‍കുന്നതിന് അഡീ. തഹസില്‍ദാരുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് നല്കാന് തീരുമാനിച്ചു. അതനുസരിച്ച് കേരള ഭൂമിപതിവ് നിയമം 1964-ലെ റൂള്‍ 23എ അനുസരിച്ച് ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് അഡീഷണല്‍ തഹസില്‍ദാരുടെ പൂര്‍ണ ചുമതല നല്കി ഉത്തരവിറക്കി. ജില്ലാകളക്ടറുടെ ഉത്തരവ് മേല്‍ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ അയച്ചു കൊടുത്തു. റവന്യൂ വകുപ്പില്‍ നിന്നും സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി ഓര്‍ഡര്‍ (എസ്ആര്‍ഒ) ആയി 23 വര്‍ഷങ്ങള്‍ ആയിട്ടും സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയ്ക്ക് താന്‍ ഉത്തരവാദിയല്ലെന്നും രവീന്ദ്രന് പറഞ്ഞു.
അര്‍ഹതയുള്ളവരുടെ കൈയിലാണോ ഇപ്പോള്‍ പട്ടയമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായിരിക്കാം, താനല്ലല്ലോ അതൊക്കെ പരിശോധിക്കേണ്ടതെന്ന മറുപടിയാണ് രവീന്ദ്രന് നല്‍കിയത്. ഇതിനിടെ ഈ വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ എം.എം. മണിയാണെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: