കൊച്ചി : എം.എം. മണി മന്ത്രിയായിരിക്കേ വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയുമാണ് നടന്നിട്ടുള്ളത്. ശരിയായ പകല്‍ക്കൊള്ളയാണ് നടത്തിയത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നത്. മണിക്കും സഹോദരന് ലംബോദരനും ദക്ഷിണാഫ്രിക്കയില്‍ സ്ഥലമുണ്ട്.ശതകോടിയുടെ ആസ്തിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഇബിയിലെ അഴിമതിയില്‍ ചെയര്മാന് നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണം. സര്‍ക്കാര്‍ ഖജനാവിന് ഈ കാലയളവില്‍ കോടികളുടെ നഷ്ടങ്ങളാണ് ഉണ്ടായത്. മാഫിയ സംഘത്തെ പോലെയാണ് സിഐടിയുവിടെ ഇടപെടലുകള്‍. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നത്. മന്ത്രിക്കും ചെയര്‍മാനും വൈദ്യുതി വകുപ്പില്‍ സ്ഥാനമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും മണിയും തമ്മിലുള്ള തര്‍ക്കം അഴിമതിയും വീതംവയ്പും സംന്ധിച്ചിട്ടുള്ളതാണ്. ഇത്രയേറെ അഴിമതി പുറത്തുവന്നിട്ടും മുഖമന്ത്രി മൗനം അവലംബിക്കുകയാണ്. കെഎസ്ഇബിയില്‍ നടന്ന അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബോര്‍ഡിന്റെ നൂറുകണക്കിന് ഏക്കര്‍ സ്ഥലമാണ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയിരിക്കുന്നത്.
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരും. ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല പരസ്യമായ കാര്യമാണ്. എല്ലാ വിഭാഗങ്ങളും തുല്യ പരിഗണന നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനസംഘം കാലം മുതല്‍ ആവശ്യപ്പെടുന്നതാണ് ഈ വിഷയം. ഇഎംഎസ് ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളും ഇതിനു വേണ്ടി വാദിച്ചവരായിരുന്നു. പല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും ഡിവൈഎഫ്ഐ സമ്മേളനങ്ങളും ഈ ആവശ്യമുന്നയിച്ച് പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ നിയമത്തിനായി നിലകൊള്ളുമ്പോള്‍ അവര്‍ എതിര്‍ക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏകീകൃത സിവില്‍ നിയമം, ഹിജാബ് വിഷയങ്ങളില്‍ ഗവര്‍ണറെ പരസ്യമായി ആക്ഷേപിക്കുന്ന കോണ്‍ഗ്രസ്സ്- ലീഗ് നേതാക്കളുടെയും സൈബര്‍ പോരാളികളുടെയും നടപടികളെ അദ്ദേഹം അപലപിച്ചു.
കെ റെയില്‍ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കാന്‍ അനുവദിക്കില്ല. ബിജെപിയുടെ പ്രതിഷേധം ശക്തമാക്കും. സാമൂഹികാഘാത പഠനത്തിനായി ഹൈക്കോടതി അനുവദിച്ച സര്‍വ്വെ നടപടികളെ പദ്ധതി നടപ്പിലാക്കാനുള്ള അനുമതിയായി സിപിഎം നേതാക്കള്‍ തെറ്റിധരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും റെയില്‍വെയും അനുമതി നല്‍കാത്ത ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ ബിജെപിയുടെ നേതൃത്യത്തില്‍ ശക്തമായ ജനകീയ പ്രതിരോധം പദ്ധതിക്കെതിരെ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ റെയില്‍ പദ്ധതി ഹൈക്കോടതി ശരിയായി മനസ്സിലാക്കിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ട്.
ആദിവാസി/ വനവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും .. കേന്ദ്ര സര്‍ക്കാര്‍ നല്കിയ തുകയുടെ വിനിയോഗത്തില്‍ നടന്ന അഴിമതിയെ കുറിച്ചും പാര്‍ട്ടി റിട്ട. ജസ്റ്റീസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കൈമാറും.
ഫെബ്രുവരി 11 മുതല്‍ 20 വരെ സംസ്ഥാനത്ത് ബൂത്ത് സമ്മേളനങ്ങള്‍ നടക്കുകയാണ്, പാര്‍ട്ടി സംസ്ഥാന/ മേഖല/ ജില്ല/ മണ്ഡലം/ ഏരിയ/ ബൂത്ത് പുനഃസംഘടനയ്ക്ക് ശേഷം ഏതാണ്ട് 20000 ബൂത്ത് സമ്മേളനങ്ങളാണ് നടക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്കിയ പുന:സംഘടനയില്‍ 22 മണ്ഡലങ്ങളിലും 2000 ബൂത്തുകളിലും വനിതകളെയാണ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. 11 മണ്ഡലങ്ങളില്‍ ക്രൈസ്തവമത വിഭാഗത്തില്‍ നിന്നും ഒരു മണ്ഡലത്തില്‍ മുസ്ലിം മത വിഭാഗത്തില്‍ നിന്നുമുള്ളവരാണ് പ്രസിഡന്റുമാര്‍. യുവജനങ്ങള്‍, എസ്സി, എസ്ടി ഒബിസി വിഭാഗം എന്നിവര്‍ക്കും ഏറെ പ്രാധാന്യം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്.രാധാകൃഷ്ണന്, ഡോ. പ്രമീളാദേവി, സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സംസ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്, ജന.സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: