തിരുവനന്തപുരം: മലയാളപരിപാടികള്‍ ഒഴിവാക്കി ദൂരദര്ശന് മലയാളം ചാനലില്‍ ചൈനയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സ്. സാമൂഹികപാഠം,ഫോണ്‍ ഇന്‍, ആനുകാലിക സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന വര്‍ത്തമാനകാലം തത്സമയ ചര്‍ച്ച എന്നിവയടക്കം പ്രേക്ഷകപ്രീതി നേടിയ പല പരിപാടികളും രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായി ഒഴിവാക്കി. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ചൈനയില്‍ നിന്നുള്ള ലൈവ് റിലേയാണ് കാണിക്കുന്നത്. ഇന്‍ഡ്യയിലെ സ്വകാര്യചാനലുകളും അച്ചടിമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പൂര്‍ണ്ണമായി അവഗണിച്ച ശൈത്യകാല ഒളിംപിക്സ്, ദൂരദര്‍ശന്റെ രണ്ടു സ്പോര്‍ട്സ് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തുവരുന്നതു കൂടാതെയാണ് പ്രത്യേക റിലേ.
ഗാല്‍വന്‍ ആക്രമണത്തിന് നേതൃത്വം വഹിച്ച പീപ്പിള്‍സ് ലിബറേഷന്‍ കമാന്‍ഡറെ ശൈത്യകാല ഒളിംപിക്സിന്റെ ദീപശിഖാപ്രയാണത്തില്‍ പങ്കെടുപ്പിച്ച്, രാഷ്ട്രീയം കളിക്കുന്ന ചൈനീസ് നയത്തില്‍ ഖേദം പ്രകടിപ്പിച്ച ഇന്ത്യ ഔദ്യേഗിക പ്രതിനിധികളെ പിന്‍വലിക്കുകയും ഉദ്ഘാടന, സമാപന പരിപാടികള്‍ ദൂരദര്ശന് സംപ്രേഷണം ചെയ്യില്ലന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഗാല്‍വന്‍ താഴ്വരയില് ചൈനീസ് സേന നടത്തിയ കടന്നാക്രമണത്തെത്തുടര്ന്നു ഭാരതത്തിലെമ്പാടും ചൈനയ്ക്ക് നേരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ തുടങ്ങിയ, ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണ പരിപാടി തരംഗമായി തുടരുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ടുതന്നെ പലതവണ ബഹിഷ്കരണത്തിനായി മുന്നറിയിപ്പും സൂചനകളും നല്കി. ചൈന രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍, പരസ്യമായി ഇന്ത്യ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ‘ഞങ്ങളെ പിന്തുടരൂ..’ എന്ന ചൈനീസ് പ്രചാരണ മുദ്രാവാക്യം ദൂരദര്‍ശന്റെ പ്രദേശിക ചാനല്‍ ഏറ്റെടുത്തത് ഗൗരവമുള്ള കാര്യമാണ്. മലയാളപരിപാടികള്‍ ഒഴിവാക്കുന്നത് പ്രാദേശിക സംപ്രേഷണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവും പ്രാദേശിക സംപ്രേഷണത്തില്‍ കാലങ്ങളായി പിന്തുടരുന്ന തത്വങ്ങളുടെ ലംഘനവുമാണ്.
ശൈത്യകാല ഒളിമ്പിക്സ് ജനകീയ കായികവിനോദമല്ല. ഒരു ഇന്ത്യക്കാരന് മാത്രമാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്.
തങ്ങളുടെ വ്യാപാരശ്യംഖലയുടെ വ്യാപനവും സാമ്പത്തിക, സാങ്കേതിക രംഗങ്ങളുടെ പ്രദര്‍ശനവും ചൈനയുടെ മുഖ്യ അജണ്ടയാണ്. 5 ഏ ടെക്നോളജിയും ഹൈ സ്പീഡ് ട്രെയിനുമുള്‍പ്പെടെ 200ലധികം സാങ്കേതിക നേട്ടങ്ങളാണ് ലോകത്തിന് മുന്പില് ശൈത്യകാല ഒളിംപിക്സിനോടൊപ്പം അവര്‍ അവതരിപ്പിക്കുന്നത്. ആഗോള ആധിപത്യത്തിനു ശ്രമിയ്ക്കുന്ന ചൈന ശൈത്യകാല ഒളിപിക്സ് അവസരമായി ഉപയോഗപ്പെടുത്തുന്നു. ലോകമെങ്ങും പ്രതിച്ഛായ നഷ്ടപ്പെട്ട സ്ഥിതിക്ക്,കായിക നയതന്ത്രത്തിലുടെ മുഖം മിനുക്കല്‍ പരിപാടിയാണ് നടത്താന്‍ ശ്രമിയ്ക്കുന്നത്.
പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ദൂരദര്‍ശനെ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയമാണ് ഉയരുന്നത്. പ്രാദേശിക സംസ്കാരികപരിപാടികള്‍ ഒഴിവാക്കി ചൈനയിലെ കായികപ്രദര്‍ശനം കാട്ടുന്നതിന്റെ യുക്തിയും സാംഗത്യവും ചോദ്യം ചെയ്യപ്പെടുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: