എസ്. ശ്രീനിവാസ് അയ്യര്‍
എല്ലാ ഗ്രഹങ്ങളും രാശിചക്രത്തിലൂടെ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. പഞ്ചാംഗത്തില്‍ കൊടുത്തിട്ടുള്ള ‘ഗ്രഹസ്ഫുടം’ എന്ന ഭാഗം എടുത്തു നോക്കിയാല്‍ ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രഹയാത്രകളുടെ ‘സമയവിവരപ്പട്ടിക’ (ടൈം ടേബിള്‍) ലഭിക്കുകയായി. ഓരോ ദിവസവും ഓരോ ഗ്രഹവും എത്ര ദൂരം വീതം സഞ്ചരിക്കുന്നുവെന്നതിന്റെ വ്യക്തഗണിതം അതിലുണ്ടാവും.
പ്രളയാനന്തരം നവലോകം സൃഷ്ടിച്ചപ്പോള്‍ ബ്രഹ്മദേവന് നവഗ്രഹങ്ങളെ മേടം രാശിയുടെ തുടക്കത്തില്‍ നിര്‍ത്തി പ്രയാണത്തിന് ആരംഭം കുറിച്ചുവെന്നാണ് വിശ്വാസം. മുന്നൂറ്റിയറുപത് ഡിഗ്രി അഥവാ ഭാഗ നീളുന്ന, മേടം രാശി മുതല്‍ മീനം രാശി വരെയുള്ള വൃത്താകൃതിയിലധിഷ്ഠിതമായ രാശിചക്രത്തിലൂടെ ആ അനാദികാലം മുതല്‍ ഗ്രഹങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ചാക്രികഭ്രമണത്തില്‍ വ്യത്യസ്ത വേഗമാണ് ഓരോ ഗ്രഹത്തിനും ഉള്ളത് എന്നുമാത്രം.
ആകെയുള്ള സഞ്ചാരപഥമായ മുന്നൂറ്റി അറുപത് ഡിഗ്രിയെ പന്ത്രണ്ടായി വിഭജിച്ചിരിക്കുന്നു. അഥവാ പന്ത്രണ്ടു രാശികളായി. ഓരോ രാശിയും മുപ്പത് ഡിഗ്രി വീതം. പൂജ്യം മുതല്‍ മുപ്പത് ഡിഗ്രി വരെ മേടം രാശി, തുടര്‍ന്ന് അറുപത് ഡിഗ്രി വരെ ഇടവം രാശി, തൊണ്ണൂറ് ഡിഗ്രി വരെ മിഥുനം രാശി എന്നിങ്ങനെ രാശിചക്രം വലുതാകുന്നു. അപ്രകാരമുള്ള പന്ത്രണ്ടു രാശികള്‍ ചുറ്റിത്തീരുമ്പോള്‍ (12ഃ 30= 360) രാശിചക്രത്തിലൂടെ ഗ്രഹം ഒരു വട്ടം പൂര്‍ത്തിയാക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള ഈ രാശിവട്ടത്തിലൂടെ വ്യാഴം സഞ്ചരിക്കുന്നതിന്റെ കണക്കും കാര്യങ്ങളുമാണ് ‘വ്യാഴവട്ടം’ എന്ന പദം കൊണ്ട് പരാമര്‍ശിക്കപ്പെടുന്നത്.
ഗ്രഹങ്ങളില്‍ ഏറ്റവും വേഗസഞ്ചാരി ചന്ദ്രനാണ്. കേവലം ഇരുപത്തിയേഴ് (27) ദിവസം കൊണ്ട് തുടങ്ങിയ ഇടത്തെത്തും. ഇരുപത്തിയെട്ടിന്റെ അന്ന് വീണ്ടും പുതുയാത്രയുടെ തുടക്കം. സൂര്യന് പന്ത്രണ്ടുരാശികള്‍ കടക്കാന്‍ ഒരാണ്ടെടുക്കും. ഓരോ രാശിയിലും ശരാശരി മുപ്പതുനാള്. ബുധനും ശുക്രനും ഏറെക്കുറെ സൂര്യനെപ്പോലെ തന്നെയാണ് യാത്രാവേഗം. ചൊവ്വ രാശിചക്രത്തെ ഒന്നു ചുറ്റിവരാന്‍ ഒന്നരക്കൊല്ലം എടുക്കുന്നു. ഓരോ രാശിയിലും ഒന്നരമാസം/45 ദിവസം എന്നാണ് കണക്ക്. രാഹുകേതുക്കള്‍ പതിനെട്ടുവര്‍ഷം കൈക്കൊള്ളുന്നു. ഓരോരാശിയിലും ഒന്നരക്കൊല്ലം (18 മാസം) ആണ് ഉണ്ടാവുക. ഒരു കാര്യമുള്ളത് അവയുടേത് അപ്രദക്ഷിണ ഗതിയാണെന്നതാണ്. മേടത്തില് നിന്നും ഇടവത്തിലേക്ക് പോകുകയല്ല, മേടത്തില് നിന്നും മീനത്തിലേക്ക്, പിന്നെ കുംഭത്തിലേക്ക് എന്ന അപസവ്യഗതിയാണവയ്ക്ക്. ശനിയാണ് ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹം. ഓരോ രാശിയിലും മുപ്പതു മാസം അഥവാ രണ്ടരക്കൊല്ലം വീതം യാത്ര. ആ മന്ദഗതി മൂലം രാശിചക്രത്തെ ഒന്നു ചുറ്റിവരാന്‍ ശനി മുപ്പതു കൊല്ലം അഥവാ 360 മാസമെടുക്കുന്നു.
ഇനി നമുക്ക് വ്യാഴത്തിന്റെ സഞ്ചാരസമ്പ്രദായം നോക്കാം. പന്ത്രണ്ടു കൊല്ലം കൊണ്ടാണ് വ്യാഴം ഒരുവട്ടം രാശിചക്രം ചുറ്റിത്തീരുന്നത്. ഓരോ രാശിയിലും ഒരാണ്ട് എന്നാണ് വേഗത. മേടത്തില് വ്യാഴം സഞ്ചരിക്കുമ്പോള്‍ ജനിച്ച വ്യക്തിക്ക് 11-12 വയസ്സില്‍ വ്യാഴം വീണ്ടും മേടത്തിലെത്തും. പിന്നെ 23-24 വയസ്സില്‍, തുടര്‍ന്ന് 35-36 വയസ്സില്‍, വീണ്ടും 47-48 വയസ്സില്‍. ഇത് മറിച്ചും പറയാം. ഇങ്ങനെ ഓരോ പന്ത്രണ്ടു കൊല്ലത്തിലും വ്യാഴം അയാള്‍ ജനിച്ചപ്പോള്‍ ഏതു രാശിയിലായിരുന്നുവോ, അവിടേക്ക് വീണ്ടുമെത്തുന്നു. അറുപതാം വയസ്സില്‍ പ്രധാനഗ്രഹങ്ങളായ സൂര്യചന്ദ്രന്മാരും ശനി-ഗുരുക്കളും ഒരു വ്യക്തി ജനിച്ചപ്പോള്‍ ഏതേതു രാശികളിലാണോ സഞ്ചരിച്ചുകൊണ്ടിരുന്നത് ആ രാശികളില് തന്നെ വീണ്ടും സഞ്ചരിച്ചെത്തുന്നു എന്നാണ് നിയമങ്ങളില്‍ പറയുന്നത്. ഇതില്‍ നിന്നും ‘വ്യാഴവട്ടം’ എന്നത് പന്ത്രണ്ടു വര്‍ഷം ആണെന്ന് വ്യക്തമാകുന്നുണ്ടല്ലോ?
ഓരോ വ്യാഴവട്ടവും വ്യക്തിജീവിത്തില്‍ പ്രധാനമാണെന്ന് അവരവരുടെ അനുഭവങ്ങള്‍ കൊണ്ടറിയാം. പുതിയ ജീവിതസാഹചര്യങ്ങള്‍ സംജാതമാകുന്നു. വ്യക്തിക്ക് ആന്തരികവും ബാഹ്യവുമായ പരിവര്‍ത്തനങ്ങള്‍ ഭവിക്കുന്നു. ഗാര്‍ഹികം, കുടുംബം, കര്‍മ്മം തുടങ്ങി സമസ്ത മേഖലകളിലും പരോക്ഷവും പ്രകടവുമായ മാറ്റങ്ങള്‍ വന്നെത്താതിരിക്കില്ല. മനുഷ്യന്റെ വളര്‍ച്ചകളുടെ/തളര്ച്ചകളുടെ സ്പഷ്ടമായൊരു ഉരകല്ലായി വ്യാഴവട്ടം മാറുന്നു. അങ്ങനെ ഓരോ വ്യാഴവട്ടവും മനുഷ്യന്റെ ജീവിതയാത്രയിലെ ഓരോ നാഴികക്കല്ലായി പരിവര്‍ത്തനപ്പെടുകയാണ്. ഓരോ വ്യാഴവട്ടം കഴിയുമ്പോഴും നാം നേടുന്നു, അല്ലെങ്കില്‍ നഷ്ടപ്പെടുത്തുന്നു. പക്ഷേ പഴയ മനുഷ്യരായി തുടരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
നവഗ്രഹങ്ങള്‍ ഈശ്വരന്മാരുടെ പ്രതിനിധികള്‍ തന്നെയാണെന്നാണ് ആര്‍ഷബോധ്യം. അതില്‍ തന്നെയും ഈശ്വരീയത പ്രകടാല്‍ പ്രകടതരമാവുന്നത് വ്യാഴത്തിന്റെ കാര്യത്തിലാണ്. എന്നുതന്നെയുമല്ല, ‘സര്‍വ്വേശ്വരകാരകന്‍’ എന്ന പദം കൊണ്ടാണ് വ്യാഴത്തെ ജ്യോതിഷഗ്രന്ഥങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്. സര്‍വ്വദൈവങ്ങളുടെയും പ്രതിനിധിയാണ്, സര്‍വ്വ ഈശ്വരന്മാരുടേയും സൂചകഗ്രഹമാണ് വ്യാഴം. അതിനാല്‍ വ്യാഴവട്ടമെന്നത് കാലത്തിന്റെ ഒരു അളവുകോല്‍ മാത്രമാണെന്നിരുന്നാലും അതിലും കവിഞ്ഞ് മനുഷ്യജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാനമായൊരു ഘടകം തന്നെയാണെന്ന് വരുന്നു. ഓരോ വ്യാഴവട്ടവും നമ്മില്‍ ചലനങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു. പാമ്പ് പടം പൊഴിക്കും പോലെ നാം മാറ്റത്തിന്റെ സ്പന്ദനങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ അണിചേരുകയാണ്! ഒരു പുഴയില്‍ ആരും രണ്ടുവട്ടം മുങ്ങിനിവരുന്നില്ല എന്ന് ഒരു ദാര്ശനികന് ചൂണ്ടിക്കാട്ടിയില്ലേ, അതുപോലെ ഓരോ വ്യാഴവട്ടവും നമുക്ക് പുതിയതായിരിക്കും.
ഗ്രഹങ്ങളുടെ സഞ്ചാരഗതിയെക്കുറിച്ച് ഇവിടെ അവതരിപ്പിച്ചത് സാമാന്യമായ കണക്കുകളാണ്, സൂക്ഷ്മഗണിതമല്ല എന്ന് ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: