ഡോ. പി.പി. സൗഹൃദന്‍
ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക കേന്ദ്രം, വംഗദേശത്ത്, മായാപൂരില്‍ ISKO സ്ഥാപകന്‍ ഭക്തി വേദാന്ത സ്വാമി പ്രഭുപാദരുടെ പേരില്‍, മ്യൂസിയം സഹിതം ഒരുങ്ങുന്നു. യുപിയിലെ രാമക്ഷേത്രവും മ്യൂസിയം കോംപ്ലക്‌സും കൂടി പൂര്‍ത്തിയാവുന്നതോടെ ഏറ്റവും വലിയ ‘സ്പിരിച്വല്‍ സെന്റേഴ്‌സ്’ ഉള്ള രാജ്യം ഭാരതമായിരിക്കും. ആധ്യാത്മികതയുടെ ‘അമ്മരാജ്യ’ത്തിന് അങ്ങനെ ആവാതിരിക്കാന്‍ തരമില്ലല്ലോ.
സംസ്‌കാരത്തിന്റെ അടിസ്ഥാനം മതമാണ് എന്ന സ്വാമി വിവേകാനന്ദന്റെയും ‘Science without religion is lame, religion without science is blind എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെയും അഭിമതവും, ഭഗവദ്ഗീതയിലെ ‘നഹി ജ്ഞാനേന സദൃശം’ (ഈ ലോക ത്തില്‍ ജ്ഞാനം പോലെ പവിത്രമായി യാതൊന്നുമില്ല), തസ്മാദജ്ഞാന സംഭൂതം’ (അജ്ഞാനം കാരണം ഉണ്ടായ സംശയത്തെ ജ്ഞാനവാളിനാല്‍ മുറിക്കണം), തുടങ്ങിയ ഉദ്‌ബോധനങ്ങളുമെല്ലാം സംയോജിപ്പിച്ച്, അതായത് ആധ്യാത്മിക ജ്ഞാനവും ശാസ്ത്രവുമെല്ലാം സമന്വയിപ്പിച്ച് നമ്മള്‍ പഠിക്കണം. ലളിതാസഹസ്രനാമം, ഗീത, ആധുനികശാസ്ത്രം, ഇവ താരതമ്യം ചെയ്തു പഠിച്ച് യുവജനത അറിവിന്റെ പുതിയ ചക്രവാളങ്ങളെ പുണരട്ടെ. ‘പുരാണമിത്യേവ ന സാധു സര്‍വം’ എന്ന കാളിദാസ വചനവും (മാളവികാഗ്നിമിത്രം), ‘ജ്ഞാനം വിജ്ഞാനസഹിതം’ എന്ന ഗീതാവചനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ആധുനികശാസ്ത്രവും മാനവരാശി നാളിതുവരെ ആര്‍ജിച്ച ജ്ഞാനവും, ധര്‍മനീതിയും സംയോജിപ്പിച്ചു പഠിച്ചു വേണം ഭരണാധിപന്മാര്‍ പോലും ആധുനിക സമൂഹത്തെ നയിക്കാന്‍ എന്നാണ്. നമ്മുടെ നിയമസഭാസാമാജികര്‍ക്കും മന്ത്രിമാര്‍ക്കും അത്തരത്തിലുള്ള പഠനക്ലാസ്സുകള്‍ സര്‍ക്കാര്‍തലത്തില്‍ നിര്‍ബന്ധമാക്കുന്നത് അവരുടെ വ്യക്തി- സാമൂഹിക ജീവിതത്തിന്റെ തേജസ് വര്‍ധിപ്പിക്കുകയില്ലേ?
180-ലധികം രാജ്യങ്ങളില്‍ ഇന്നും സത്യസായി സേവാസംഘടനയുടെ പേരില്‍, അതികാലത്തെ നഗരസങ്കീര്‍ത്തനം നടക്കുന്നുണ്ട്. വിദേശികളാണ് അതില്‍ കൂടുതലും ഒത്തുചേരുക. സായിഭഗവാന്‍ പറഞ്ഞു; എല്ലാവരും കാണ്‍കെ നിങ്ങള്‍ തെരുവില്‍ നാമം ചൊല്ലുമ്പോള്‍ നിങ്ങളിലെ അഹന്ത ഇല്ലാതാകുന്നു. ഇതു പുതിയതല്ല. ജയദേവനും ഗൗരാംഗനും (ചൈതന്യമഹാപ്രഭു), തുക്കാറാം, കബീര്‍ എന്നിവരും സമൂഹത്തിനും വ്യക്തിക്കും വികസനം തരുന്ന ഇത്തരം നാമസങ്കീര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവും ആനന്ദവും തരുന്ന കാര്യമാണിത്. മഹത്തായ സാധനയും സാമൂഹിക സേവനവുമാണിത്.’
ഭാരതത്തിന്റെ ആധ്യാത്മിക ജ്യോതിസ് ഇടയ്‌ക്ക് ക്ഷയിച്ച്, 16ാം നൂറ്റാണ്ടോടെ വീണ്ടും ഉണര്‍ന്നെണീറ്റു. കേരളത്തില്‍ എഴുത്തച്ഛനും മറ്റും അതിനു നേതൃത്വം നല്‍കി. 21ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍, ഇനിയെങ്കിലും നമ്മുടെ യുവത, ക്ഷേത്രങ്ങള്‍ കൂടി കേന്ദ്രീകരിച്ച്, കൃഷി പാരിസ്ഥിതിക ജോലികള്‍, വേദോപനിഷത്തുകളുടെ സംവാദങ്ങള്‍ എന്നിവ വിവിധ പണ്ഡിതന്മാരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയെങ്കിലും പങ്കെടുപ്പിച്ച് മുന്നേറണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: