സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഇത്തവണ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കണ്ണൂര്‍പോലെ പാര്‍ട്ടിക്ക് ശക്തിയും സ്വാധീനവുമുള്ള പ്രദേശം ഭൂമിമലയാളത്തില് എവിടെയുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി സമ്മേളനം ബഹുജോറാകണം. അല്ലെങ്കില്‍ ജോര് ആക്കണം. അതിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയില്‍ നടക്കുന്നു. അതിന്റെ ഭാഗമായി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഉഷാറായി. അതിന് പാര്‍ട്ടി മേല്‍ഘടകത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്.
പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണല്ലോ കണ്ണൂര്‍! ഒരു പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിയോട് ചോദിക്കാതെ ഒരു യൂത്ത്ലീഗ് കാരന് കടതുടങ്ങി. തുടങ്ങിയപോലെ കട അടയുകയും ചെയ്തു. ഗള്‍ഫില്‍ ഏറെക്കാലം അധ്വാനിച്ചുണ്ടാക്കിയ കാശുമുടക്കിയാണ് കട തുടങ്ങിയത്. പയ്യന്നൂരിനടുത്ത് മാതമംഗലത്ത് കട തുടങ്ങിയപ്പോള്‍ കയറ്റിറക്കുമതി ആരുനടത്തുമെന്നായി ചോദ്യം. ഞങ്ങള്‍ തന്നെ ചെയ്തോളാമെന്ന് കടയുടമ. അത് പറ്റില്ലെന്ന് പാര്‍ട്ടി. ഒടുവില്‍ കടയുടമ റബിയ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നാല് തൊഴിലാളികളെ നിയമിക്കാന്‍ ഉത്തരവിട്ടു. നമ്മുടെ നാട്ടില്‍ നമ്മളറിയാതെ നാല് തൊഴിലാളികളോ? അതു പറ്റില്ലെന്നായി സിഐടിയു. അവര്‍ക്ക് കാര്‍ഡുള്ള 22 തൊഴിലാളികളുണ്ട്. അവര്‍ തന്നെ ഈ കടയില്‍ തൊഴിലെടുത്താല്‍ പോരെ എന്ന ചോദ്യമുയര്‍ന്നു. അത് ഉന്തിലും തള്ളിലും ഒടുവില്‍ തല്ലിലും കലാശിച്ചു.
സിഐടിയു സമരം നടത്തിയതുകൊണ്ടല്ല ഹാര്ഡ്വെയര് കട റബിയ പൂട്ടിയതെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ഭാഷ്യം. തൊഴില്‍ സംരക്ഷണത്തിനുവേണ്ടിയാണ് തൊഴിലാളികള്‍ അവിടെ സമരം നടത്തിയതെന്നാണ് ജയരാജന്റെ ന്യായം. പൂട്ടുന്നതല്ല. തുറപ്പിക്കുന്നതാണ് സിഐടിയുവിന്റെ സംസ്കാരമെന്നും നോക്കുകൂലിക്കെതിരെ ആദ്യം സംസാരിച്ചത് തങ്ങളാണെന്നും ജയരാജന് അഭിപ്രായപ്പെടുന്നു. എന്നാല്‍ സംസ്ഥാനത്ത് പലഭാഗത്തും നോക്കുകൂലി നിര്‍ഭയം തുടരുകയാണെന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുകയും ചെയ്യുന്നു.
മാതമംഗലത്ത് കട അടയ്ക്കാനിടയായ സാഹചര്യം ഇരു കൂട്ടരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് തൊഴില്‍ മന്ത്രി ശിവന്‍കുട്ടിയുടെ അഭിപ്രായം. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടാകരുതെന്ന് ധനമന്ത്രി ബാലഗോപാല്‍ പ്രസ്താവിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ നിന്ന് മടങ്ങവേ ദുബായിയിലിറങ്ങി. വിവിധ ചര്‍ച്ചകള്‍ നടത്തി. വ്യവസായ ഗ്രൂപ്പുകളുമായി കൂടിയാലോചന നടത്തി. കേരളത്തില്‍ മുതല്‍ മുടക്കിന് പറ്റിയ അവസരമാണ് ഇപ്പോഴെന്നും അറിയിച്ചു. ഇതെല്ലാം സംഭവിക്കാനിടയുണ്ടെന്ന ധാരണപോലും മുഖ്യമന്ത്രിക്ക് ഇല്ലാതെപോയോ എന്ന സംശയമാണ് പരക്കെ. സമ്മേളനം തീരുമ്പോള്‍ ആവേശത്തിരയിലാവുന്ന അണികള്‍ എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല.
അതിന്റെ ഒന്നാന്തരം തെളിവല്ലെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ കണ്ടത്. അത് വിവാഹ പാര്‍ട്ടിയുമായുണ്ടായ തര്‍ക്കത്തിന്റെ പര്യവസാനം. വിവാഹത്തിനെത്തിയവരുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബോംബുപൊട്ടി ഒരാള്‍ മരിച്ചു. ബോംബെറിഞ്ഞതും മരിച്ചതുമെല്ലാം ഒരേ പാര്ട്ടിക്കാര്. അതുകൊണ്ട് വിവാദത്തിന് ചൂടും ചൂരും പോര. ബോംബു പൊട്ടി മരിച്ച ജിഷ്ണു ബോംബുമായി വന്ന സംഘത്തിലുള്ള ആളുതന്നെയെന്ന് തിരിച്ചറിഞ്ഞു. നാടിനെ നടുക്കിയ സംഭവം കൈകാര്യം ചെയ്യുന്നതില്‍ പോലീസ് വലിയ താല്പര്യം കാണിച്ചില്ലെന്നാണ് പൊതുവെയുള്ള സംസാരം. അക്രമി സംഘത്തില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് എം.വി. ജയരാജന്റെ ആവശ്യം.
കേസന്വേഷണത്തില്‍ അലംഭാവമില്ലെന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ ആരൊക്കെയാണ് സംഭവത്തിന് പിന്നിലെന്ന ചോദ്യമുയരുമ്പോള്‍ പോലീസിന് മൗനം. സംഭവുമായി ബന്ധപ്പെട്ട ഏതാനും പേരെ മാത്രമേ പോലീസ് കസ്റ്റഡിയിലെടുത്തുള്ളൂ. കല്യാണപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇവരുടെ കൈയില്‍ ഉഗ്രശേഷിയുള്ള ബോംബുണ്ടായതെങ്ങനെ ? സിപിഎമ്മിന്റെ ആയുധശേഖരത്തിലെ ബോംബാണ് പൊട്ടിയതെന്ന ആരോപണമുണ്ട്.
ബോംബുണ്ടാക്കുകയും പൊട്ടിച്ചു നോക്കുകയും ചെയ്യുന്നത് കണ്ണൂരില്‍ പുത്തരിയല്ല. അവിടെ അവര്‍ എവിടെ നിന്നും ബോംബുണ്ടാക്കും. ബോംബു നിര്‍മിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട് മരണമടയുകയും ചെയ്യും. അങ്ങനെയാണല്ലോ തലശ്ശേരി പുല്യാട്ട് രണ്ട് പേര് മരിച്ചത്. അത് സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ തലശ്ശേരി പോലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം നടത്തിയ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് ഓര്‍മ്മയില്ലെ ? ഞങ്ങള്‍ വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്നല്ലെ പറഞ്ഞത്. ഇപ്പോള്‍ പൊട്ടിയ ബോംബ് സമ്മേളനത്തിന് പൊട്ടിക്കാനുള്ളതാണോ ? അതോ സമ്മേളനം തീര്‍ന്ന ശേഷം പൊട്ടിക്കാനുള്ളതാണോ ?
ഏതായാലും ജില്ലയിലെ ഒരുക്കം, അത് ഒന്നൊന്നര ഒരുക്കമാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് അതൊരു മുതല്‍ക്കൂട്ടായിത്തീരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: