ന്യൂദല്‍ഹി: ജി 20ല്‍ ഇന്ത്യയുടെ അധ്യക്ഷപദത്തിനും ജി 20 സെക്രട്ടറിയേറ്റിന്റെ രൂപീകരണത്തിനുമുള്ള തയ്യാറെടുപ്പുകള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. 2022 ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെ ജി20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. അധ്യക്ഷപദം വഹിക്കുന്നതിന് ആവശ്യമായ നയതീരുമാനങ്ങളും ക്രമീകരണങ്ങളും നടപ്പാക്കുന്നതിനാണ് ജി 20 സെക്രട്ടറിേയറ്റും അതിന്റെ റിപ്പോര്‍ട്ടിംഗ് ഘടനകളും സ്ഥാപിക്കുന്നത്. 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയോടെയാണ് അധ്യക്ഷപദത്തിന്റെ കാലാവധി അവസാനിക്കുക. ആഗോള സാമ്പത്തിക ഭരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന അന്താരാഷ്ട്രസാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി 20.
ജി 20 അധ്യക്ഷപദവിയോടനുബന്ധിച്ച് ഉള്ളടക്കം, സാങ്കേതികവിദ്യ, മാധ്യമങ്ങള്‍, സുരക്ഷ, ലോജിസ്റ്റിക്കല്‍ വശങ്ങള് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായാണ് ജി 20 സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, ധനമന്ത്രാലയം, മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ഐടി വിദഗ്ധരും ഇത് നിയന്ത്രിക്കും. 2024 ഫെബ്രുവരി വരെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കും.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് മൊത്തത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ധനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യ മന്ത്രി, ജി 20 ഷെര്‍പ്പ (വാണിജ്യ, വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണ മന്ത്രിമാര്‍) എന്നിവരടങ്ങുന്ന ഒരു അപെക്സ് കമ്മറ്റിയാണ് സെക്രട്ടറിയേറ്റിനെ നയിക്കുക. ജി 20 സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളുടെയും മേല്‍നോട്ടം വഹിക്കുന്നതിനും അപെക്സ് കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഒരു ഏകോപന സമിതിയും രൂപീകരിക്കും. ആഗോള വിഷയങ്ങളില്‍ ബഹുമുഖ വേദികളിലെ ഇന്ത്യയുടെ നേതൃത്വത്തിന് അറിവും വൈദഗ്ധ്യവും ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ശേഷി വര്‍ദ്ധിപ്പിക്കാന്‍ ജി 20 സെക്രട്ടറിേയറ്റ് പ്രാപ്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: